മെസി അന്ന് കാണിച്ചത് ഏറ്റവും മോശമായ പ്രവർത്തി, പലതും തട്ടിയെടുക്കുന്ന സ്വഭാവമുള്ളവനാണ് അവൻ"; തുറന്നടിച്ച് മുൻ ഡച്ച്‌ താരം

ഡച്ചിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായിരുന്നു വെസ്‌ലി സ്നൈഡർ. 2010 ഇൽ അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം കൊണ്ട് ആ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കാനിരുന്ന താരമായിരുന്നു അദ്ദേഹം. അന്ന് ഇന്റർ മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ സ്നൈഡർ സ്വന്തമാക്കിയിരുന്നു. പക്ഷെ ആ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ ഇതിഹാസമായ ലയണൽ മെസിയായിരുന്നു.

മെസിക്ക് ബാലൺ ഡി ഓർ കിട്ടിയതിൽ അന്ന് വൻതോതിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. പുരസ്‌കാരം അർഹിച്ചത് സ്നൈഡറാണ് എന്ന വാദം ഫുട്ബോൾ ലോകത്ത് വളരെയധികം ശക്തമായിരുന്നു. അന്നത്തെ ബാലൺ ഡി ഓർ റോബറി ആയിരുന്നുവെന്നും ഇപ്പോഴും ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നതിൽ താൻ ഹാപ്പിയാണ് എന്നുമാണ് വെസ്‌ലി സ്നൈഡർ പറയുന്നത്.

വെസ്‌ലി സ്നൈഡർ പറയുന്നത് ഇങ്ങനെ:

“2010ലെ ബാലൺ ഡി ഓർ റോബറിയായിരുന്നു.  പക്ഷേ സത്യം പറഞ്ഞാൽ ഞാൻ ഹാപ്പിയാണ്. കാരണം ഈ 2024ലും ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നു. 2010ൽ നിങ്ങൾ റോബ് ചെയ്യപ്പെട്ടു എന്ന് പലരും എന്നോട് ഇപ്പോഴും പറയുന്നുണ്ട്”

വെസ്‌ലി സ്നൈഡർ തുടർന്നു:

“ഞാൻ അന്ന് അത് നേടിയിരുന്നുവെങ്കിൽ, ഞാൻ കൊള്ളയടിച്ചതാണ് എന്ന് ഇപ്പോഴും ആളുകൾ പറഞ്ഞു നടക്കുമായിരുന്നു. വ്യക്തിഗത പുരസ്കാരങ്ങൾ കൊള്ളാം. പക്ഷേ ടീമിനോടൊപ്പം ഉള്ള നേട്ടങ്ങളാണ് ഏറ്റവും വലുത്. ബാലൺ ഡി ഓർ നേടുന്നതിനേക്കാൾ ഞാൻ വിലമതിക്കുന്നത് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് തന്നെയാണ് ” വെസ്‌ലി സ്നൈഡർ പറഞ്ഞു.