റൊണാള്‍ഡോയ്ക്ക് കൂട്ടായി റയലില്‍ ഒരു സൂപ്പര്‍ താരമെത്തുന്നു; സ്ഥിരീകരിച്ച് ഈജിപ്ത് പരിശീലകന്‍

റയല്‍ മാഡ്രിഡിന്റെ ഗോളടി ക്ഷാമം തീര്‍ക്കാന്‍ പ്രീമിയര്‍ ലീഗ് സൂപ്പര്‍ താരമെത്തുന്നു. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹില്‍ റയല്‍ മാഡ്രിഡിന് താല്‍പര്യമുണ്ടെന്ന് ഈജിപ്ത് പരിശീലകന്‍ ഹെക്ടര്‍ കൂപ്പര്‍ സ്ഥിരീകരിച്ചു. ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമയില്‍ നിന്ന് ആന്‍ഫീല്‍ഡേലേക്ക് 34 മില്ല്യന്‍ യൂറോയ്ക്കാണ് സലാഹ് ചേക്കേറിയത്.

പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ഫോമിലുള്ള വിങ്ങര്‍ ഇതുവരെ റെഡ്‌സിനായി 17 തവണയാണ് ലക്ഷ്യം കണ്ടത്. അതേസമയം, കാര്യങ്ങള്‍ അതിന്റെ വഴിക്കു നീങ്ങട്ടെയെന്നും ആരും തിടുക്കം കാണിക്കേണ്ട കാര്യമില്ലെന്നും ഇന്റര്‍മിലാന്‍, വലന്‍സിയ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച ഹെക്ടര്‍ വ്യക്തമാക്കി. തന്നെ സംബന്ധിച്ച് സലാഹ് ഇപ്പോള്‍ മികച്ച പൊസിഷനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ലാലീഗയില്‍ തുടക്കം പിഴച്ച റയല്‍ മാഡ്രിഡ് 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 27 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. അതേസമയം, ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മധ്യനിര താരത്തിനായി ബാഴ്‌സലോണ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജനുവരി വിന്‍ഡോയില്‍ ഈ രണ്ട് ട്രാന്‍സ്ഫറുകള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.