മെസ്സിയെയും സുവാരസിനെയും പിന്നിലാക്കി റൊണാള്‍ഡോയുടെ കുതിപ്പ്; സൂപ്പര്‍താരം പുതിയ ഉയരത്തില്‍

ക്ലബ്ബ് ലോകകപ്പില്‍ യുഎഇ ചാംപ്യന്‍മാരായ അല് ജസീറയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് നിരയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു പുതിയ നേട്ടം. അബുദാബി സായദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് അല്‍ജസീറയെ തോല്‍പ്പിച്ചത്.

റൊണാള്‍ഡോയും ബെയിലുമാണ് മാഡ്രിഡിന്റെ സ്‌കോറര്‍മാര്‍. റൊമാരീഞ്ഞോയാണ് അല്‍ജസീറയ്ക്ക് ലക്ഷ്യം കണ്ടത്. സെമി ഫൈനല്‍ മത്സരത്തില്‍ ദുര്‍ബലരായ അല്‍ജസീറയോട് ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ മാഡ്രിഡ് ജയിച്ചു ഫൈനലില്‍ ഇടം നേടിയത്.

മത്സരത്തില്‍ ഗോള്‍ നേടിയതോടെ ക്ലബ്ബ് ലോകകപ്പില്‍ റൊണാള്‍ഡോയുടെ നേട്ടം ആറ് ഗോളുകളായി. ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവരയൊണ് ഇതോടെ റൊണാള്‍ഡോ പിന്നിലാക്കി. മെസ്സിക്കും സുവാരസിനും അഞ്ച് ഗോള്‍ വീതമാണ് ക്ലബ്ബ് ലോകകപ്പില്‍ ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളത്.

ക്ലബ്ബ് ലോകകപ്പില്‍ നാലാം തവണയാണ് റൊണാള്‍ഡോ ബൂട്ടണിയുന്നത്. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയിറങ്ങിയ റൊണോ അന്ന് ഒരു ഗോള്‍ നേടി. പിന്നീട്, ലോസ് ബ്ലാങ്കോസിനായി 2014ല്‍ വീണ്ടുമെത്തിയെങ്കിലും ഗോളടിക്കാന്‍ സാധിക്കാതിരുന്ന റൊണാള്‍ഡോയ്ക്ക് 2016ല്‍ നാല് ഗോളുകള്‍ നേടി കടം തീര്‍ത്തു. അല്‍ജസീറയുമായുള്ള മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെ മൊത്തം ഗോളെണ്ണം ആറാക്കി ഉയര്‍ത്തിയതോടെയാണ് മെസ്സിയെയും സുവാരസിനെയും പിന്നിലാക്കിയത്.