കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കാനൊരുങ്ങി അർജന്റീനൻ സൂപ്പർ താരം

ജൂലൈ 14ന് അവസാനിക്കാനിരിക്കുന്ന കോപ്പ അമേരിക്ക മത്സരങ്ങൾ അവസാനിക്കുമ്പോൾ താൻ ബൂട്ട് അഴിക്കുമെന്ന് ആവർത്തിച്ചു അർജന്റീന ഇതിഹാസം എഞ്ചേലോ ഡി മരിയ. ഈ ശനിയാഴ്ച പെറുവിനെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിന്റെ വിജയത്തിന് ശേഷമാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചു ഡി മരിയ അഭിപ്രായപ്പെട്ടത്. ഇനി ആര് വിചാരിച്ചാലും തന്നെ ഇവിടെ പിടിച്ചു നിർത്താനാവില്ലെന്ന് ഡി മരിയ കൂട്ടിച്ചേർത്തു. ഈ കോപ്പ അമേരിക്ക ടൂർണമെന്റോടെ താൻ വിരമിക്കുമെന്ന് നവംബറിൽ തന്നെ ഡി മരിയ അറിയിച്ചിരുന്നു.

അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു: “എന്റെ അവസാന യോഗ്യതാ മത്സരം എത്തിയിരിക്കുന്നു. ഈ അവസാന സമയത്ത് ആളുകളുടെ കരഘോഷം എൻ്റെ ആത്മാവിനെ എത്രമാത്രം നിറയ്ക്കുന്നുവെന്ന് എനിക്ക് വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ആ സ്നേഹത്തിൻ്റെ ഓരോ സെക്കൻഡും ഞാൻ ആസ്വദിക്കുന്നു, എൻ്റെ സഹതാരങ്ങൾ, എൻ്റെ സുഹൃത്തുക്കൾ. അവരോരോരുത്തരുടേയും സ്നേഹം എന്നെ ഇന്നത്തെ ആളാക്കി മാറ്റി”

അടുത്ത ഫെബ്രുവരിയിൽ മുപ്പത്തേഴ് വയസ്സ് തികയുന്ന ഡി മരിയ തന്റെ കുറിപ്പിൽ തടരുന്നു: “ഞാൻ അവസാനമായി അർജൻ്റീനിയൻ കുപ്പായം ധരിക്കുന്നത് കോപ്പ അമേരിക്കയിലായിരിക്കും. എൻ്റെ ആത്മാവിലെ എല്ലാ വേദനയും തൊണ്ടയിൽ ഒരു കനവും അനുഭവപ്പെട്ടുകൊണ്ട്, എൻ്റെ കരിയറിലെ ഏറ്റവും മനോഹരമായ കാര്യമായ ഫുട്ബാളിനോട് അർജന്റീനയുടെ ജെയ്‌സി ധരിച്ചു കൊണ്ടും അതിൽ വിയർത്തു കൊണ്ടും ഞാൻ വിട പറയുന്നു. എല്ലാ അഭിമാനത്തോടെയും ഞാൻ അത് അനുഭവിച്ചറിയുന്നു, ആരാധകർക്ക് നന്ദി, കുടുംബത്തിന് നന്ദി, സുഹൃത്തുക്കൾക്കും ടീമംഗങ്ങൾക്കും നന്ദി, ഞങ്ങൾ ചരിത്രം സൃഷ്ടിക്കുന്നത് തുടരും, അത് എന്നെന്നേക്കുമായി നിലനിൽക്കും.”

കഴിഞ്ഞ സീസണിൽ ബെൻഫിക്കക്ക് വേണ്ടി 17 ഗോളുകളും 15 അസിസ്റ്റുകളും നേടിയ ഡി മരിയ, 2008ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അർജന്റീനക്ക് വേണ്ടി മൂന്ന് പ്രധാന ട്രോഫികൾ നേടി. കഴിഞ്ഞ ലോകകപ്പ് മത്സരത്തിൽ ഫൈനലിൽ ഏറ്റവും നിർണയകമായ ഗോൾ നേടിയത് ഡി മരിയായിരുന്നു. വെള്ളിയാഴ്ച എക്വഡോറുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരമാണ് അടുത്തതായി അർജന്റീനയുടെ മത്സരം. അർജന്റീനക്ക് വേണ്ടി 142 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയ ഡി മരിയ അർജന്റീനയുടെ പ്രധാനപ്പെട്ട ഇതിഹാസങ്ങളിൽ ഒരാളാണ്.