നടിമാരുടെ പിന്നാലെ നടന്ന് വീഡിയോ എടുക്കുന്നവർക്ക് പിടിവീഴും; ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ

ഓൺലൈൻ മാധ്യമങ്ങളുടെയും യൂട്യൂബെഴ്സിന്റെയും പെരുമാറ്റം അതിരുവിടുന്നുവെന്നും, പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന നടിമാരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മോശമായി ചിത്രീകരിക്കുന്നുവെന്നും കൂടാതെ ഇത്തരം മീഡിയകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നുമുള്ള നിർദേശവുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ).

പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ നൽകുന്ന അക്രഡിറ്റേഷൻ നിർബന്ധമമാക്കണമെന്നും, സിനിമയുമായി ബന്ധപ്പെട്ട് പ്രൊമോഷൻ നടത്തുന്നതിനുള്ള ഓൺലൈൻ/ യൂട്യൂബ് മാധ്യമങ്ങളുടെ മാനദണ്ഡങ്ങളുമാണ് ഫെഫ്കയ്ക്ക് നൽകിയ കത്തിൽ കെഎഫ്പിഎ ചൂണ്ടികാണിക്കുന്നത്.

സിനിമാ നിർമ്മാതാവുമായി ചേർന്ന് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഉദ്യം രജിസ്ട്രേഷൻ പൂർത്തീകരിക്കണം. ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാൻ നമ്പർ എന്നിവ ഉണ്ടായിരിക്കണം, സ്ഥാപനത്തിന്റെ ലോഗോ, ട്രെയ്ഡ് മാർക്ക് എന്നിവ രജിസ്റ്റർ ചെയ്തിരിക്കണം, കമ്പനിയുടെ സ്വഭാവം പ്രൊപ്രൈറ്റർ/പാർട്ടണർ/ഡയറക്ടർ എന്നിവരുടെ വിശദാംശങ്ങൾ നൽകണം, സിനിമാവ്യവസായത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പിആർഒയുടെ കവറിംഗ് ലറ്റർ ഹാജരാക്കണം, ഒന്നിൽ കൂടുതൽ ചാനലുകൾ ഒരു കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൻ്റെ വിശദാംശങ്ങൾ നൽകണം തുടങ്ങീ ആറോളം മാനദണ്ഡങ്ങളാണ് കെഎഫ്പിഎ ഫെഫ്കയ്ക്ക് നൽകിയ കത്തിൽ പറയുന്നത്.

കഴിഞ്ഞ ദിവസം ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ യൂട്യൂബ് വഴി തത്സമയം ടെലികാസ്റ്റ് ചെയ്തതും വലിയ രീതിയിൽ ചർച്ചയായിരുന്നു. ജൂലൈ 20 വരെ ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.