എംബാപ്പെയെ നായകനാക്കിയ നീക്കം; ഫ്രാന്‍സ് ടീമില്‍ പൊട്ടിത്തെറി, വിരമിക്കാനൊരുങ്ങി സൂപ്പര്‍ താരം

ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനം യുവതാരം എംബാപ്പെയ്ക്ക് നല്‍കിയതില്‍ ഫ്രാന്‍സ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ അതൃപ്തരാണെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന താരം അന്റോയിന്‍ ഗ്രീസ്മാന്‍ അതൃപ്തി പരസ്യമാക്കിയെന്നും താരം ദേശീയ ടീമില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണെന്നും ഡെയിലി മെയിലും ഗോളും അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹ്യൂഗോ ലോറിസ് സ്ഥാനമൊഴിഞ്ഞതോടെ താന്‍ ക്യാപ്റ്റനാവുമെന്നാണ് ഗ്രീസ്മാന്‍ കരുതിയിരുന്നത്. 32 വയസുകാരനായ താരം 2014 മുതല്‍ ദേശീയ ടീമിന്റെ ഭാഗമാണ്. 117 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 42 ഗോളുകളും നേടി. അതുകൊണ്ട് തന്നെ സീനിയോരിറ്റി പരിഗണിച്ച് തന്നെ ക്യാപ്റ്റനാക്കുമെന്നാണ് ഗ്രീസ്മാന്‍ കരുതിയിരുന്നത്. എന്നാല്‍, എംബാപ്പെയെ നായകനാക്കിയ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ഗ്രീസ്മാന് വൈസ് ക്യാപ്റ്റന്‍ പദവിയാണ് നല്‍കിയത്.

കഴിഞ്ഞ ജനുവരിയിലാണ് ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് നായകനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസിന് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിക്കാനായി.

ഒരു ദശാബ്ദത്തിലേറെ ഫ്രഞ്ച് ടീമിനെ നയിച്ചതിന് ശേഷമാണ് ഹ്യൂഗോ ലോറിസ് തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. 2008 നവംബറില്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ ലോറിസ് 2012ലാണ് ടീമിന്റെ നായക പദവി ഏറ്റെടുക്കുന്നത്. 145 മത്സരങ്ങളില്‍ ഫ്രഞ്ച് ടീമിന്റെ ഗോള്‍ വല കാത്ത ലോറിസ്, ഇതില്‍ 121 മത്സരങ്ങളിലും ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞാണ് കളിച്ചത്.

Read more

അന്താരാഷ്ട്ര തലത്തില്‍ ഏറെ പരിചയ സമ്പന്നനായ താരമാണ് എംബാപ്പെ. 2017ല്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ 24കാരന്‍ ടീമിനായി ഇതേവരെ 66 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലേയും ഫ്രാന്‍സിന്റെ മിന്നും പ്രകടനത്തില്‍ നിര്‍ണായക പങ്കാണ് എംബാപ്പെയ്ക്കുള്ളത്. ഖത്തര്‍ ലോകകപ്പില്‍ എംബാപ്പെ നേടിയ ഹാട്രിക് ഗോളുകളാണ് അര്‍ജന്റീനയ്‌ക്കെതിരായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിച്ചത്.