ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും മോശമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനില നേടാൻ മാത്രമേ ടീമിന് സാധിച്ചൊള്ളു. മോശമായ പ്രകടനമാണ് താരങ്ങൾ ഇന്ന് കളിക്കളത്തിൽ കാഴ്ച വെച്ചത്. മാഞ്ചസ്റ്റർ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരേണം പോലും വിജയിക്കുവാൻ ടീമിന് സാധിച്ചിട്ടില്ല.
കളിച്ച 11 മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. പരിശീലകനായ എറിക്ക് ടെൻഹാഗിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. ഏതായാലും യുണൈറ്റഡ് ഇതിഹാസമായ ബെർബറ്റോവ് വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
ബെർബറ്റോവ് പറയുന്നത് ഇങ്ങനെ:
” 36 വയസ്സുള്ള ജോണി ഇവാൻസാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. കളിക്കളത്തിൽ ഉള്ള എല്ലാ യുണൈറ്റഡ് താരങ്ങൾ നാണക്കേട് തോന്നണം. തീർച്ചയായും വിമർശനങ്ങൾ ഇനിയും അധികരിക്കുക തന്നെ ചെയ്യും. കാരണം യുണൈറ്റഡ് വിജയങ്ങളും പോയിന്റുകളും നേടേണ്ടതുണ്ട്. പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ പോയിന്റ് പട്ടികയിൽ. വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. ഇവിടെ ചെയ്യേണ്ട ഏക കാര്യം കൂടുതൽ പോയിന്റുകൾ നേടുക എന്നുള്ളത് മാത്രമാണ്. പക്ഷേ നിലവിലെ അവരുടെ കളി ശൈലി വച്ചുനോക്കുമ്പോൾ അത് കഠിനമായ ഒരു കാര്യമാണ് ” ബെർബറ്റോവ് പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ സമനില നേടിയത് കൊണ്ട് പരിശീലകനായ എറിക്കിനെതിരെ ഒരുപാട് വിമർശനങ്ങൾ ആണ് ഉയർന്ന് വരുന്നത്. അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യവുമായിട്ടാണ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ യുണൈറ്റഡ് ഉടമസ്ഥർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. നിലവിൽ അദ്ദേഹത്തിന്റെ ഭാവി തുലാസിലാണ്. ഏത് നിമിഷം വേണമെങ്കിലും അദ്ദേഹത്തിന് പരിശീലക സ്ഥാനം നഷ്ടമായേക്കാം.