മെസി ബാഴ്‌സ വിട്ടപ്പോൾ പൊലിഞ്ഞത് പോഗ്ബയുടെ സ്വപ്‌നം

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും തമ്മിലെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ബാന്ധവം അവസാനിപ്പിച്ച വാർത്ത അത്ഭുതത്തോടെയാണ് ഫുട്‌ബോൾ ലോകം ശ്രവിച്ചത്. മെസി ബാഴ്‌സ വിട്ടപ്പോൾ മറ്റൊരു സൂപ്പർ താരത്തിന്റെ വലിയൊരു സ്വപ്‌നവും തുടച്ചുനീക്കപ്പെട്ടു.

ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയാണ് തനിക്ക് മുന്നിൽ തുറന്ന പുതിയ വഴി, മെസിയുടെ കരിയറിലെ വഴിത്തിരിവ് മൂലം അടഞ്ഞു പോയതിന്റെ സങ്കടം പേറുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന പോഗ്ബയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി നീക്കമിട്ടിരുന്നു. കരാർ സംബന്ധിച്ച് താരവുമായി പിഎസ്ജി അധികൃതർ ആശയവിനിമയവും നടത്തുകയുംചെയ്തു. എന്നാൽ മെസിയുടെ വരവോടെ പോഗ്ബയെ വേണ്ടെന്ന നിലപാടിലാണ് പിഎസ്ജി.

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ രണ്ടു വലിയ താരങ്ങളെ ഒരുമിച്ച് ടീമിലെത്തിക്കേണ്ടതില്ലെന്നാണ് പിഎസ്ജിയുടെ തീരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വർഷത്തെ കരാർ പോഗ്ബയ്ക്ക് അവശേഷിക്കുന്നില്ല. അതിനാലാണ് പോഗ്ബയെ പിഎസ്ജി നോട്ടമിട്ടത്.

Read more

ഇപ്പോഴത്തെ സാഹചര്യത്തിൽ കരാർ കാലാവധി കഴിയുന്നതുവരെ പോഗ്ബയ്ക്ക് ചുവന്ന ചെകുത്താൻമാരുടെ പാളയത്തിൽ തുടരേണ്ടിവരും. മറുവശത്ത് പോഗ്ബയുമായി കരാർ പുതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ ക്ലബ്ബ്. സീസണിന് മുന്നോടിയായി ജേഡൻ സാഞ്ചോ, റാഫേൽ വരാൻ തുടങ്ങിയ വമ്പൻ താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു.