ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന് എന്തായാലും ഒരു സന്തോഷത്തിനൊപ്പം ഒരു ദു:ഖവും ഉണ്ടാകുമെന്ന് ഉറപ്പാക്കിയ മത്സരത്തില്‍ അവരുടെ ഒരു സൂപ്പര്‍താരം ലോകകപ്പിന് ടിക്കറ്റ് എടുത്തത് സന്തോഷമായപ്പോള്‍ രണ്ടാമത്തെ താരം പുറത്തായത് സങ്കടകരമായി. ആഫ്രിക്കന്‍ ടീമുകളുടെ പ്‌ളേഓഫില്‍ സെനഗല്‍ ഖത്തറിലേക്ക് ടീക്കറ്റ് എടുത്തപ്പോള്‍ ഈജിപ്ത് യോഗ്യതനേടാതെ പുറത്തായി. ലിവര്‍പൂള്‍ താരങ്ങളായ സെനഗലിന്റെ സദിയോ മാനേയും ഈജിപ്തിന്റെ മൊഹമ്മദ് സലായുമാണ് നേര്‍ക്കുനേര്‍ വന്നത്.
അഗ്രിഗേറ്റ് സ്‌കോര്‍ തുല്യമായ സാഹചര്യത്തില്‍ വന്ന ഷൂട്ടൗട്ടില്‍ 2-1 ന് സെനഗല്‍ ജയിച്ചുകയറുകയും ചെയ്തു. ബൗലായ ദിയ നേടിയ ഗോളില്‍ സെനഗല്‍ സാധാരണ സമയത്ത് ജയിച്ചു കയറിയെങ്കിലും നേരത്തേ ഈജിപ്ത് ഇതേ സ്‌കോറിന് ആദ്യപാദത്തില്‍ ജയിച്ചിരുന്നതിനാല്‍ അഗ്രിഗേറ്റ് സ്‌കോര്‍ സമനിലയിലായിരുന്നു. ഇതോടെയാണ് അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും വേണ്ടി വന്നത്. ടൈബ്രേക്കറില്‍ മാനേ സ്‌കോര്‍ ചെയ്തപ്പോള്‍ മുഹമ്മദ് സലാ പെനാല്‍റ്റി തുലച്ചു. സെനഗല്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ മികവായിരുന്നു ഈജിപ്തിനെ തടഞ്ഞത്.
സെനഗലിന്റെ നായകന്‍ കാലിഡൂ കൗളിബാളിയും ഷൂട്ടൗട്ടില്‍ കിക്ക് അടിച്ചു പുറത്തുകളഞ്ഞിരുന്നു. സലാ അടിച്ച പെനാല്‍റ്റി പുറത്തേക്ക് പോയി. അതേസമയം ആറാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാം തവണയാണ് ഈജിപ്തിനെ സെനഗല്‍ വീഴ്ത്തുന്നത്. നേരത്തേ ഫെബ്രുവരിയില്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ഈ ടീമുകള്‍ നേര്‍ക്കുനേര്‍ വരികയും സെനഗല്‍ ഈജിപ്തിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
Read more
മൊഹമ്മദ് സലായും സദിയോ മാനേയും ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ മുന്നേറ്റ നിരയില്‍ ഒരുമിച്ച് കളിക്കുന്ന സ്‌ട്രൈക്കിംഗ് ജോഡികളാണ്. ഇവരില്‍ സദിയോ മാനേ ലോകകപ്പിലേക്ക് പോയപ്പോള്‍ മുഹമ്മദ് സലാ പുറത്തേക്ക് പോയി. ആഫ്രിക്കയില്‍ നിന്നും ലോകകപ്പിന് യോഗ്യതനേടിയത് സെനഗല്‍, കാമറൂണ്‍, ടുണീഷ്യ, മൊറാക്കോ ടീമുകളാണ്. ലോകഫുട്‌ബോളിലെ ആഫ്രിക്കന്‍ കരുത്ത് ഈജിപ്തും നൈജീരിയയും പുറത്തുപോയി.