ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് ലിവർപൂളിൽ നിൽക്കുമോ, അതോ പോകുമോ? സാധ്യതകൾ പരിശോധിച്ച് ലിവർപൂൾ ആരാധകർ

മുഹമ്മദ് സലാ, വിർജിൽ വാൻ ഡൈക്ക്, ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് എന്നിവരുടെ കരാർ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ലിവർപൂൾ ഇപ്പോഴും അനിശ്ചിതവസ്ഥയിൽ തുടരുകയാണ്. മൂവരും അടുത്ത ജൂലൈയിൽ ഫ്രീ ഏജൻ്റുമാരായി മാറും. ആൻഫീൽഡിലെ പുതിയ നിബന്ധനകളൊന്നും അംഗീകരിച്ചില്ലെങ്കിൽ ജനുവരി മുതൽ താൽപ്പര്യമുള്ള ക്ലബ്ബുകളുമായി മൂവർക്കും സംസാരിക്കാം. ലിവർപൂളിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കളിക്കാർ എങ്ങനെയാണ് ഈ സ്ഥാനത്ത് എത്തിയത്? ക്ലബ്ബിൻ്റെ തീരുമാനങ്ങൾ എടുക്കുന്നവർ ഇതിനെക്കുറിച്ച് എന്താണ് ചെയ്യുന്നത്? അലക്‌സാണ്ടർ-അർനോൾഡ് 2021 ജൂലൈയിൽ ഏകദേശം £200,000 (നിലവിലെ നിരക്കിൽ $260,000) മൂല്യമുള്ള നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു. സലാ, വാൻ ഡൈക്ക്, അലിസൺ എന്നിവർക്ക് പിന്നിൽ ക്ലബ്ബിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരമാണ് അർനോൾഡ്. നിലവിൽ 25 വയസ്സുള്ള ലിവർപൂൾ അക്കാദമി താരം കൂടിയായ അർനോൾഡിന് 2017 ജൂലൈയിലും 2019 ജനുവരിയിലും കരാർ നീട്ടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു.

ഈ വേനൽക്കാലത്ത് യഥാക്രമം 32-ഉം 33-ഉം വയസ്സ് തികഞ്ഞ സലാ, വാൻ ഡൈക്ക് എന്നിവരിൽ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യമാണിത്. ലിവർപൂളിൻ്റെ ഉടമകൾ അവരുടെ മുപ്പതുകളിലെ കളിക്കാർക്ക് ദീർഘവും ലാഭകരവുമായ എക്സ്റ്റൻഷനുകൾ കൈമാറുന്നതിൽ ജാഗ്രത പുലർത്താറുണ്ട്. എന്നാൽ അലക്സാണ്ടർ-അർനോൾഡിന് ഒക്ടോബറിൽ 26 വയസ്സ് തികയുകയും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർഷങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യും. അലക്സാണ്ടർ-അർനോൾഡിൻ്റെ കരാർ സാഹചര്യം ക്രമപ്പെടുത്തുന്നത് ഈ വേനൽക്കാലത്ത് പുതിയ സ്പോർട്ടിങ്ങ് ഡയറക്ടർ ആയി ചുമതല ഏറ്റെടുത്ത റിച്ചാർഡ് ഹ്യൂസിന് മുന്നിലുള്ള കാര്യമാണ്. അദ്ദേഹത്തിൻ്റെ കാലാവധിയുടെ ആദ്യ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുമ്പോൾ തന്നെ അദ്ദേഹം ഇപ്പോഴും ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. കാര്യങ്ങൾ എത്രത്തോളം വൈകുന്നു അത്രത്തോളം സാഹചര്യം മോശമാകാം. അടുത്ത വേനൽക്കാലത്ത് സ്പാനിഷ്, യൂറോപ്യൻ ചാംപ്യൻമാരായ റയൽ മാഡ്രിഡിലേക്കുള്ള അലക്സാണ്ടർ-അർനോൾഡിൻ്റെ സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലവിൽ നിലനിൽക്കുന്നു.

യൂറോപ്പിലെ മറ്റ് എലൈറ്റ് ക്ലബ്ബുകൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇത്തരമൊരു പ്രതിഭാധനനായ കളിക്കാരനെ ഒരു വർഷത്തിനുള്ളിൽ ഫീസ് കൂടാതെ സൈൻ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലുള്ള സന്ദർഭങ്ങളിൽ താരങ്ങളുടെ കരാർ പുതുക്കുന്നതുമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് നീണ്ടുപോകുന്തോറും ഒത്തുതീർപ്പിലെത്തുമെന്ന പ്രതീക്ഷകൾ മങ്ങുന്നതായി സമീപകാല ചരിത്രം കാണിക്കുന്നു. ലിവർപൂൾ താരങ്ങളായിരുന്നു റോബർട്ടോ ഫിർമിനോ, ജെയിംസ് മിൽനർ, അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, നാബി കീറ്റ എന്നിവരെ 2023 വേനൽക്കാലത്ത് സ്വതന്ത്ര ഏജൻ്റുമാരായി വിടേണ്ടുന്ന സാഹചര്യം ലിവർപൂളിനുണ്ടായി. കഴിഞ്ഞ സീസണിൻ്റെ അവസാനത്തിൽ തിയാഗോയ്‌ക്കും സമാനമായ ഒരു കഥയായിരുന്നു. എന്നിരുന്നാലും, ആ കളിക്കാർക്കൊന്നും അലക്‌സാണ്ടർ-അർനോൾഡിനേക്കാൾ അടുത്ത മൂല്യം ഉണ്ടായിരുന്നില്ല, അവർ ഇരുവരും അവനെക്കാൾ പ്രായമുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Read more

വെറും നാല് മാസത്തിനുള്ളിൽ, അലക്സാണ്ടർ-അർനോൾഡിന് ഒരു ഓവർസീസ് ക്ലബ്ബുമായി ഒരു പ്രീ-കോൺട്രാക്റ്റ് കരാർ ഒപ്പിടാൻ കഴിയും. ക്ലബിൻ്റെ ഉടമകൾക്ക് സ്വീകാര്യമായ ഒരു സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ ആകർഷകമായ ഓഫർ നൽകി ഹ്യൂസിന് ആ പേടിസ്വപ്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമോ? 2022-ലെ വേനൽക്കാലത്ത് സലായെ നഷ്‌ടപ്പെടുമെന്ന ഭീഷണി ഉണ്ടായപ്പോൾ ലിവർപൂൾ ഉടൻ തന്നെ തീരുമാനം എടുക്കുകയൂം താരത്തെ നിലനിർത്തുകയും ചെയ്തു. അലക്സാണ്ടർ-അർനോൾഡിനെ നിലനിർത്താനുള്ള അവരുടെ ശ്രമങ്ങൾ ഒരു നല്ല നിഗമനത്തിലെത്തണമെങ്കിൽ അവർ അത് വീണ്ടും ചെയ്യേണ്ടിവരും.