മഞ്ഞക്കിളികളുടെ ഫൈനല്‍ ; ബളാസ്‌റ്റേഴ്‌സിന് ഹൈദരാബാദ് എതിരാളികള്‍, ജയിച്ചിട്ടും എ.ടി.കെ പുറത്തേക്ക്

റോയ് കൃഷ്ണയുടെ ഗോളിലൂടെയുള്ള തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധം ഉയര്‍ത്തി ഹൈദരാബാദ് എഫ്‌സി മുന്നേറ്റങ്ങള്‍ തടഞ്ഞതോടെ എടികെ മോഹന്‍ബഗാനെ മറികടന്ന് ഐഎസ്എല്‍ കലാശപ്പോരില്‍ കളിക്കാനുള്ള അവസരം ഹൈദരാബാദ് എഫ്‌സി നേടി. ഇതാദ്യമായിട്ടാണ് ഹൈദരാബാദ് എഫ്‌സി ഫൈനലില്‍ എത്തുന്നത്. നിര്‍ണ്ണായകമായ രണ്ടാംപാദ മത്സരത്തില്‍ 1-0 ന് ജയിച്ചിട്ടും എടികെയെ ആദ്യപാദത്തിലെ പരാജയം പുറത്തേക്ക് പറഞ്ഞയച്ചു.

കളിയുടെ രണ്ടാം പകുതിയില്‍ 79 ാം മിനിറ്റില്‍ റോയ് കൃഷ്ണയായിരുന്നു എടികെയ്ക്കായി ഗോള്‍ നേടിയത്. ആദ്യപാദ സെമിയില്‍ 3-1 ന് പരാജയപ്പെട്ടതിന്റെ ഭാരവുമായി എത്തിയ കൊല്‍ക്കത്തയെ അതില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ ഹൈദരാബാദ് പ്രതിരോധം അനുവദിച്ചില്ല. കൊല്‍ക്കത്തയുടെ സമ്മര്‍ദ്ദം മികച്ച രീതയില്‍ ഹൈദരാബാദ് തടഞ്ഞിട്ടതോടെ 3-2 എന്ന അഗ്രിഗേറ്റ് സ്‌കോറിലായിരുന്നു ഹൈദരാബാദ് ആദ്യമായി ഫൈനലിന് യോഗ്യത നേടിയത്.

Read more

ഫറ്റോര്‍ദയില്‍ ഈ മാസം 20 ന് നടക്കുന്ന ഫൈനലില്‍ രണ്ടു മഞ്ഞക്കിളികള്‍ ഏറ്റുമുട്ടും. നേരത്തേ കേരളാബ്‌ളാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായ ജംഷെഡ്പൂരിനെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയിരുന്നു. മൂന്നാം തവണയാണ് കേരളാബ്‌ളാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്.