ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പിടി ഉഷ തന്നെയാണ് വ്യക്തമാക്കിയത്. അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് ഉഷ മത്സരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് മലയാളികളുടെ അഭിമാനതാരം പിടി ഉഷ ആകുമെന്ന് ഉറപ്പായിട്ടുണ്ട്.
പി.ടി.ഉഷ രാജ്യസഭയിലെ ബിജെപി നോമിനേറ്റഡ് അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവര്‍ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.’ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും നരേന്ദ്രമോദി കുറിച്ചിരുന്നു.
14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്ലറ്റാണ് പി ടി ഉഷ. ഏഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.
Read more
പയ്യോളി എക്സ്പ്രസ്, ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങള്‍ നിരവധിയുണ്ട് പി ടി ഉഷയ്ക്ക്. 1964 ജൂണ്‍ 27 ന് ഇവിഎം പൈതലിന്റെയും ടി വി ലക്ഷ്മിയുടെയും മകളായി ജനിച്ച പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പില്‍ ഉഷ ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഇതിഹാസ താരമായി ഉയര്‍ന്നു വരികയായിരുന്നു. സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ ഒളിംപിക് മെഡല്‍ കൈവിട്ട ഉഷയുടെ നഷ്ടം രാജ്യത്തിന്റെ കണ്ണീരായിരുന്നു. പയ്യോളി കടപ്പുറത്തുനിന്നാണ് ഉഷ ഓടിത്തുടങ്ങിയത്. പിന്നീട് ദേശീയ സ്കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്പൂരിലെ ദേശീയ സ്കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു.