പാരീസ് ഒളിമ്പിക്സ് 2024: പോരാട്ടം തുടർന്ന് ഇന്ത്യ; ബാഡ്മിന്റണിലും, ഷൂട്ടിങിലും തകർത്താടി താരങ്ങൾ

ഇന്ത്യയെ എന്നും ലോകത്തിനു ഉന്നതിയിൽ എത്തിക്കുന്ന താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇതിഹാസമാണ് പി വി സിന്ധു. മത്സരിച്ച രണ്ട് ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മെഡലുകൾ നേടിയ താരമാണ് സിന്ധു. ഈ വർഷത്തെ ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് വീണ്ടും സന്തോഷ വാർത്ത സമ്മാനിച്ചിരിക്കുകയാണ് താരം. മത്സരത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയെ 21-5, 21-10 എന്ന സ്കോറിൽ തോൽപ്പിച്ചാണ് സിന്ധു പ്രീക്വാർട്ടറിൽ രാജകീയമായി പ്രവേശിച്ചത്. സിന്ധുവിനു പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച് പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ അടുപ്പിച്ചുള്ള രണ്ട് സെറ്റുകൾക്ക് വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-17. ലോക നാലാം നമ്പർ ബാഡ്മിന്റൺ താരമാണ് ജൊനാതൻ ക്രിസ്റ്റി.

മറ്റു മത്സരങ്ങളിലും ഇന്ത്യ മികവ് തെളിയിക്കുന്നുണ്ട്. പുരുഷ വിഭാഗം ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിലേക്കുള്ള യോഗ്യത റൗണ്ടിലെ ഏഴാം സ്ഥാനത്താണ് സ്വപ്നിൽ കളി അവസാനിപിച്ചത്. മറ്റൊരു ഇന്ത്യൻ താരമായ ഐശ്വരി പ്രതാപ് സിങ് തോമർ ഫൈനൽ കാണാതെ പുറത്തായി. 11ആം സ്ഥാനത്താണ് ഐശ്വരി കളി അവസാനിപിച്ചത്. ആദ്യ എട്ടു മത്സരാര്ഥികള്ക്കാണ് ഈ മത്സരത്തിലെ ഫൈനലിലേക്ക് പ്രവേശനം ലഭിക്കുക.

ഇന്ത്യയ്ക്ക് മേല്പറഞ്ഞ മത്സരങ്ങൾ അല്ലാതെ ബാക്കി വരുന്ന ഗെയിംസ് ആയ ഷൂട്ടിങ്, ടേബിൾ ടെന്നിസ്, ബോക്സിങ്, ആർച്ചറി എന്നീ ഇനങ്ങളിലാണ് ഇന്ന് ഇന്ത്യയ്ക്ക് മത്സരമുള്ളത്. ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയിയും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഷൂട്ടിങ്ങിൽ വനിതാ യോഗ്യതാ റൗണ്ട് മാത്രമാണ് ഇന്ന് മെഡൽ സാധ്യതയുള്ള മത്സരം. ശ്രേയസി സിങ്, രാജേശ്വരി കുമാരി എന്നിവരാണ് ഇന്ത്യയെ പ്രതിനീകരിച്ച് ഇറങ്ങുന്നത്. ബോക്സിങ്ങിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടിരുന്നു, പക്ഷെ വിജയപ്രതീക്ഷയുള്ള ലവ്‌ലിന ബോർഗോഹെയൻ ഇന്ന് റിങ്ങിൽ പോരിനിറങ്ങും. ആർച്ചറിയിൽ വ്യക്തിഗത ഇനത്തിൽ ദീപികാ കുമാരി, തരുൺ‌ ദീപ് റായ് എന്നിവർക്കും മത്സരമുണ്ട്. നിലവിൽ രണ്ട് വെങ്കല മെഡലുകൾ മാത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. അത് കൊണ്ട് തന്നെ ഒളിമ്പിക്സ് പട്ടികയിൽ ഇന്ത്യ 33 ആം സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ തവണത്തേക്കാളും ഇത്തവണ കൂടുതൽ മെഡലുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.