കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്സിൽ (സിഎഎസ്) നൽകിയ അപ്പീലിനെത്തുടർന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ ലഭിക്കുമെന്ന് മുൻ ടീം ഇന്ത്യയുടെ ബാറ്റർ സച്ചിൻ ടെണ്ടുൽക്കർ . രണ്ടാം ദിവസത്തെ ഭാരോദ്വഹനത്തിൽ 100 ഗ്രാമിൻ്റെ ഭാരക്കൂടുതൽ കാരണം, അർഹതപ്പെട്ട മെഡൽ നഷ്ടപ്പെട്ട് വിനേഷ് വനിതകളുടെ 50 കിലോ ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു.
ഇവൻ്റിൻ്റെ ആദ്യ ദിവസം തന്നെ ഭാരത്തിൻ്റെ പരിധിക്കുള്ളിലായിരുന്ന വിനേഷ് ഒരേ ദിനം തന്നെ മൂന്ന് താരങ്ങളെ നേരിട്ടാണ് ഫൈനലിൽ എത്തിയത്. ക്രിക്കറ്റിലെ നിയമങ്ങൾ പോലെ, ഗുസ്തി നിയമങ്ങളും ചില സമയങ്ങളിൽ ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് സച്ചിൻ വിശ്വസിക്കുന്നു, ഇത് വിനേഷിൻ്റെ ‘അർഹമായ വെള്ളി മെഡൽ’ കവർന്നെടുത്തു എന്നും അദ്ദേഹം പറഞ്ഞു.
നിയമം ‘യുക്തിയെയും കായിക ബോധത്തെയും ധിക്കരിച്ചു’ എന്നും ഇതിഹാസ ക്രിക്കറ്റ് താരം കൂട്ടിച്ചേർത്തു. സച്ചിൻ ടെണ്ടുൽക്കർ എക്സിൽ ഇങ്ങനെ എഴുതി:
“അമ്പയർസ് കോളിനുള്ള സമയം! എല്ലാ കായികവിനോദങ്ങൾക്കും നിയമങ്ങളുണ്ട്, ആ നിയമങ്ങൾ സന്ദർഭത്തിൽ കാണേണ്ടതുണ്ട്, ചിലപ്പോൾ പുനഃപരിശോധിച്ചേക്കാം. വിനേഷ് ഫോഗട്ട് ഫൈനൽ മത്സരത്തിന് സമർത്ഥമായി യോഗ്യത നേടി. അർഹമായ വെള്ളി മെഡൽ കവർന്നെടുക്കുന്നത് യുക്തിയെയും കായിക ബോധത്തെയും ധിക്കരിക്കുന്നു.”
വിനേഷ് അധാർമ്മികമായ വഴികൾ ഉപയോഗിച്ചില്ലെന്നും എന്നാൽ എതിരാളികൾക്കെതിരെ ന്യായമായ രീതിയിൽ വിജയിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്നും സച്ചിൻ ചൂണ്ടിക്കാട്ടി. വിനേഷിന് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു:
“പ്രകടനം വർദ്ധിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം പോലുള്ള ധാർമ്മിക ലംഘനങ്ങൾക്ക് ഒരു കായികതാരത്തെ അയോഗ്യനാക്കുകയാണെങ്കിൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ, ഒരു മെഡലും നൽകാതിരിക്കുകയും അവസാന സ്ഥാനത്തെത്തുകയും ചെയ്യുന്നത് ന്യായീകരിക്കാവുന്നതായിരിക്കും. എന്നിരുന്നാലും, വിനേഷ് തൻ്റെ എതിരാളികളെ സമർത്ഥമായി പരാജയപ്പെടുത്തി ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. അവൾ തീർച്ചയായും ഒരു വെള്ളി മെഡലിന് അർഹയാണ്.
“സ്പോർട്സ് ആർബിട്രേഷൻ കോടതിയുടെ വിധിക്കായി നാമെല്ലാവരും കാത്തിരിക്കുമ്പോൾ, വിനേഷിന് അർഹമായ അംഗീകാരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം.” സച്ചിൻ എഴുതി.
അതേസമയം പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരിക്കുയാണ്. വിനീഷിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക പ്രേമികൾ ഒന്നടങ്കം ഇരിക്കുന്നത്. വെള്ളിമെഡൽ പങ്കിടണം എന്ന ആവശ്യമാണ് വിനേഷ് ഫോഗാട്ട് പറഞ്ഞിരിക്കുന്നത്.
Read more
https://x.com/sachin_rt/status/1821870608289812864/photo/1