ലോക ഒന്നാം നമ്പർ താരവും രണ്ടാ സീഡുമായ ബലാറസ് താരം ആര്യാന സബലങ്കയെ പരാജയപ്പെടുത്തി യു എസ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം പത്തൊൻപതുകാരിയായ അമേരിക്കയുടെ കൊക്കോ ഗോഫ് സ്വന്തമാക്കി. കൊക്കോ ഗോഫിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്. കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ താരം മൂന്നാം സ്ഥാനത്തേക്ക് ഉയരും.
2-6, 6-3, 6-2, എന്ന സ്കോറിനാണ് വിജയം. ട്രാസി ഓസ്റ്റിനും സെറീന വില്ല്യംസിനും ശേഷം യു. എസ് ഓപ്പൺ കിരീടം സ്വന്തമാക്കുന്ന ടീനേജർ എന്ന നേട്ടവും ഇതോടെ കൊക്കോ ഗോഫ് സ്വന്തമാക്കി.
ആദ്യ സെറ്റിൽ സെബലങ്കയുടെ ശക്തമായ പോരാട്ടമാണ് കാണാൻ കഴിഞ്ഞത്, എന്നാൽ രണ്ടാം സെറ്റിൽ ഗംഭീര തിരിച്ചുവരവാണ് കൊക്കോ നടത്തിയത്. മൂന്നാം സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത് രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിൽ ഇരുപത്തിയെട്ടായിരത്തോളം വരുന്ന കാണികളെ സാക്ഷി നിർത്തി കൊക്കോ കിരീടം സ്വന്തമാക്കി.
കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നേരിട്ട പരാജയം തന്നെ വല്ലാതെ ബാധിച്ചുവെന്നും, ഇന്നത്തെ കിരീട നേട്ടത്തിന് തന്നെ അവിശ്വസിച്ചവരോടാണ് നന്ദി പറയുന്നതെന്നും മത്സരശേഷം താരം പറഞ്ഞു.
Read more
നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയൻ താരം നൊവോക് ജോക്കോവിച്ച് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിടും.