ജനിതക മാറ്റം കമ്മ്യൂണിസത്തിനും

അനിൽ നരേന്ദ്രൻ

കോവിഡ് കാലത്തെ ഏറ്റവും വലിയ ധനസമസ്യ കുത്തനെ ഉയരുന്ന ചെലവുകൾക്കൊപ്പം എത്താൻ കഴിയാത്ത വരുമാനമാണ്. പ്രതിസന്ധിയുടെ നാളുകളിൽ സർക്കാരുകൾ പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജുകളിലാണ് ഏവരും കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത്. ഏതു പാക്കേജിന്റെയും അടിസ്ഥാന പ്രശ്നം പണമാണ്. അത് എങ്ങനെ കണ്ടെത്തും എന്നതാണ് എല്ലാ ധനമന്ത്രിമാരും നേരിടുന്ന പ്രതിസന്ധി. ഇതിനു വിവിധ ധനമന്ത്രിമാർ തങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കും.

സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് കണ്ട ഒരു പ്രധാന മാർഗം കുടിയന്മാരെ വീണ്ടും പിഴിയുക എന്നതാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ട് അവരോട് എന്തുമാകാം. ഏതായാലും മദ്യവില 35 ശതമാനം ഉയർത്തിയാണ് ഐസക്ക് ധനമാസമാഹരണത്തിനു ശ്രമിക്കുന്നത്.

പക്ഷെ ആ മാന്യ ദേഹം തന്നെ കേന്ദ്ര സർക്കാർ ജി എസ് ടിക്ക് മേൽ സെസ് ഏർപ്പെടുത്തുന്നതിന് നീക്കം നടത്തുമ്പോൾ ഹാലിളക്കവുമായി വരുന്നു. കോവിഡ് പ്രതിസന്ധിയെയും കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിന് കേന്ദ്രത്തിനും പണമാണ് വേണ്ടത്. കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതിന് വേറെ മാന്ത്രിക വടിയൊന്നും നിർമല സീതാരാമന്റെ കൈയിലില്ല. പണത്തിന് പണം തന്നെ വേണം. അപ്പോൾ സെസ്സ് ഏർപ്പെടുത്തുക എന്ന നിർദേശം വരുമ്പോൾ തന്നെ ചന്ദ്രഹാസം ഇളക്കുന്നതെന്തെന്ന് മനസിലാകുന്നില്ല.

സെസ്സ് കൊണ്ടുവരുന്നതിന് ജി എസ് ടി കൗൺസിൽ യോഗം ചേരണം. നിർദേശം അതിൽ അംഗീകരിക്കപ്പെടണം. ഐസക്കിനും ഭൂരിപക്ഷം ധനമന്ത്രിമാർക്കും എതിർപ്പുണ്ടെങ്കിൽ സെസ്സ് നടപ്പാക്കാൻ കഴിയില്ല. തോമസ് ഐസക് ചെയ്യണ്ടത് അതാണ്. അല്ലാതെ കേവലമായ രാഷ്ട്രീയ എതിർപ്പിന് വേണ്ടി എന്തും പറയുന്നതിൽ അർത്ഥമില്ല. തങ്ങൾ മദ്യത്തിന് അധിക നികുതി ഏർപ്പെടുത്തുമ്പോഴും രെജിസ്ട്രേഷൻ, പോക്കുവരവ് തുടങ്ങിയ സേവനങ്ങൾക്കുള്ള താരിപ്പുകൾ ഉയർത്തുമ്പോൾ അത് ശരിയും, കേന്ദ്രം അധിക വിഭവ സമാഹരണം നടത്തുന്നത് തെറ്റും ആകുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ കഴിയുന്നില്ല. അല്ലെങ്കിലും അതാണല്ലോ അഭിനവ കമ്മ്യൂണിസ്റ്റ് രീതി.

2018 ലെ മഹാപ്രളയത്തിനു ശേഷം ജി എസ് ടി ക്കു മേൽ പ്രളയ സെസ്സ് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി തലങ്ങും വിലങ്ങും നടന്ന വ്യക്തിയാണ് തോമസ് ഐസക്ക്. കേരളത്തിലെ പ്രളയത്തിന് ദേശീയ തലത്തിൽ എല്ലാ സാധനങ്ങൾക്കും ഒരു ശതമാനം സെസ്സ് ഏർപെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അത് അംഗീകരിക്കപ്പെട്ടില്ലെങ്കിലും കേരളത്തിന് സെസ്സ് ചുമത്താൻ ജി എസ് ടി കൗൺസിൽ അനുമതി നൽകി. അതിന്റെ ഭാരം ഇന്നും തലയിൽ പേറുന്ന മലയാളിയുടെ മുന്നിലാണ് കേന്ദ്രം സെസ്സ് ഏർപ്പെടുത്തുന്നത് കുറ്റകരം എന്ന ആരോപണം ഉയർത്തുന്നത്. തങ്ങൾ അമ്മയെ തല്ലിയാൽ അത് ശരിയും മറ്റുള്ളവർ തല്ലിയാൽ മാതാവിനോടുള്ള ക്രൂരതയും. നല്ല ന്യായം തന്നെ. പ്രളയ സെസ്സ് വേണ്ടെന്ന് വച്ചിട്ടുവേണ്ടേ തോമസ് ഐസക്ക് ഈ വിമർശനം നടത്താൻ.

ലോട്ടറി എങ്ങനെയും വീണ്ടും കൊണ്ടുവരാൻ തിരക്കിട്ട നീക്കത്തിലാണ് ധനമന്ത്രി. നാട്ടുകാരെ ചൂഷണം ചെയ്യുന്നതിനുള്ള പുതിയ അടവുകൾ കോവിഡിന്റെ മറവിൽ പുറത്തെടുക്കുകയാണ് ഇവിടെ. സാന്റിയാഗോ മാർട്ടിന്മാർക്കും ഇവർക്കും തമ്മിൽ അടിസ്ഥാനപരമായ എന്ത് വ്യത്യാസമാണ് ഉള്ളത് ? കമ്യൂണിസം എന്നാൽ സർവവിധ ചൂഷണത്തിനും എതിരായ രാഷ്ട്രീയ ശൈലിയാണ്. എന്നാൽ കേരളത്തിൽ അതിന്റെ തലവര പാടെ മാറിയിരിക്കുന്നതായി കാണാം.

ഇവിടെ മദ്യപാനികളെയും സാധാരണക്കാരനെയും എങ്ങനെ ചൂഷണം ചെയ്യാം എന്നതിന്റെ ഗവേഷണമാണ് നടക്കുന്നത്. വരുമാനമില്ല എന്ന് പറഞ്ഞ പകൽകൊള്ളക്ക് സമാനമായ പിരിവ് നടത്തുമ്പോൾ അത് ജനവിരുദ്ധവും അപ്പുറത്ത് സെസ്സ് ഏർപെടുത്തുമ്പോൾ അത് ജനവിരുദ്ധവും. കേന്ദ്രത്തിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. നികുതി ഇളവുകൾ നൽകുമ്പോഴും ജനങ്ങളിലേക്ക് പണം എത്തിക്കുമ്പോഴും ചെലവുകൾ ഉയരും.

Read more

അപ്പോൾ വരുമാനം ഉയർത്തേണ്ടി വരും. അപ്പോൾ തങ്ങൾ തിങ്കളാഴ്ച ചെയ്‌യുമ്പോൾ അത് ശരിയും മറ്റുള്ളവർ അത് തന്നെ വെള്ളിയാഴ്ച ചെയ്യുമ്പോൾ അത് അധമ പ്രവൃത്തിയും ആകുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല. ഒരു പക്ഷെ അത് ഐസക്കിന്റെ മാത്രം ലോജിക്കാകാം. സമത്വമെന്ന ആശയം ഉയർത്തിപ്പിടിച്ച് സകല വിധ ചൂഷണങ്ങളെയും പ്രതിരോധിക്കുന്ന കമ്യൂണിസത്തിന് പകരം കേരളത്തിൽ ഇപ്പോൾ ഉള്ളത് ജനിതക മാറ്റം സംഭവിച്ച കമ്മ്യൂണിസമാണ് എന്ന് പറയേണ്ടി വരും.