അമേരിക്കയുടെ ഉന്മാദദേശീയതയും സ്ഫോടനാത്മകമായ അന്താരാഷ്ട്രസാഹചര്യങ്ങളും

ഇതെഴുതുമ്പോൾ അമേരിക്കയുടെ നാല്പത്തിയേഴാമത്‌ രാഷ്ട്രതലവനായി ഡൊണാൾഡ് ട്രമ്പ് അധികാരത്തിലേറിയിട്ട് ഏതാണ്ട് രണ്ടു മാസം തികയുന്നതേയുള്ളൂ. എന്നാൽ, ഒന്നാം ലോകമഹായുദ്ധാവസാനത്തോടെ തുടങ്ങി വെക്കപ്പെടുകയും തുടർന്നുള്ള ദശകങ്ങളിലെ അനവധി വലുതും ചെറുതുമായ സംഭവങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്ത അമേരിക്കയുടെ ലോകനേതൃപദവിയുടെ തകർച്ചയുടെ തുടക്കമാകുന്ന തരത്തിലുള്ള നിരവധി കാര്യങ്ങളാണ് ഇതിനിടയിൽ തന്നെ അദ്ദേഹവും കൂടെയുള്ള വൈതാളികരും കൂടി ചെയ്തു കൂട്ടിയിരിക്കുന്നത്. അതിനുമപ്പുറത്ത് പരസ്പരമുള്ള അവിശ്വാസവും അസ്വസ്ഥതകളും നിറഞ്ഞു നിൽക്കുന്ന നിലവിലെ അന്താരാഷ്ട്ര ബന്ധങ്ങളിൽ അതിവേഗവും ബഹുദൂരവും ആഴത്തിലുള്ള വിള്ളലുണ്ടാക്കുവാൻ ട്രമ്പിൻ്റെ പ്രവൃത്തികൾ കാരണമായിട്ടുണ്ട്.

എന്നാലിത് പെട്ടെന്നുണ്ടായ സംഭവവികാസമൊന്നുമല്ല. 2017ൽ ഒന്നാംവട്ടം അധികാരത്തിലിരിക്കുമ്പോഴും, എല്ലാ സർക്കാർ സംവിധാനങ്ങളേയും കച്ചവടക്കണ്ണിലൂടെ മാത്രം വിലയിരുത്തുകയും അന്താരാഷ്ട്രതലത്തിൽ ആ രാജ്യം പ്രതിജ്ഞാബദ്ധമായ എല്ലാ വാഗ്‌ദാനങ്ങളിൽ നിന്നും ഇടപ്പെടലുകളിൽ നിന്നും ഉടനടി പിന്തിരിയണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും അനവധി കൂടിയാലോചനകളിലൂടെ മാത്രം തിരുമാനിക്കേണ്ടവ തീർത്തും നിരുത്തരവാദിത്വത്തോടെ ചെയ്യുവാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഉന്നതാധികാരികൾ പേരിനെങ്കിലും കൊണ്ടുനടക്കേണ്ടുന്ന നയതന്ത്ര ചാതുര്യത്തിനോ ഔപചാരിക മര്യാദകൾക്കോ പകരം കറകളഞ്ഞ വിടുവായത്വമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അമേരിക്കയിലെ പൊതുജനങ്ങൾക്ക് മുമ്പിൽ അദ്ദേഹത്തെ സുപരിചിതനാക്കിയ ‘ദി അപ്രെന്റിസ്’ (The Apprentice) എന്ന ടെലിവിഷൻ പരമ്പരയിലെ അവതാരകന്റെ ലാഭനഷ്ട്ട കണക്കുകളിലൂടെ മാത്രം മുന്നോട്ട് പോകുന്ന കോർപ്പറേറ്റ് മുതലാളി സ്വഭാവം ഒന്നുകൂടി എണ്ണയിട്ട് മുറുക്കിയെടുത്താണ് ട്രമ്പ് രണ്ടാംവട്ടം അധികാരത്തിലെത്തിയത്.

എന്നാൽ രണ്ടാംവട്ടം രാഷ്ട്രതലവനായ ട്രമ്പ് കേവലം പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരാളായിട്ടല്ല; മറിച്ച് ആക്രമണോൽസുക സംഘങ്ങളായ പ്രൗഡ്ബോയ്‌സിന്റേയും ഓത്ത് കീപ്പേഴ്‌സ് മിലിഷ്യയുടേയും (2021 ജനുവരി ആറിലെ ക്യാപിറ്റൽ ബിൽഡിങ് ആക്രമിച്ച മുഖ്യസംഘങ്ങൾ) തലവനായി അധികാരം പിടിച്ചെടുത്ത പോരാളിയായിട്ടാകണം സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടായിരിക്കും ഉദ്യോഗസ്ഥതലത്തിലും വിദഗ്ദ്ധതലത്തിലും നടത്തേണ്ടുന്ന പഠനങ്ങളും തിരുമാനങ്ങളുമെല്ലാം മാറ്റി വെച്ച്, സത്യപ്രതിജ്ഞ ചെയ്തയുടനെ തന്നെ അതിപ്രാധാന്യമുള്ളതും സങ്കീർണവുമായ ഒട്ടനവധി ഉത്തരവുകളിൽ ഒപ്പു വെച്ചത്. അതിൽ പലതും മറ്റു രാജ്യങ്ങളേയും കാലങ്ങൾ കൊണ്ട് കരുത്താർജ്ജിച്ചുവന്ന അനവധി അന്താരാഷ്ട്ര സംഘടനകളേയും പ്രതികൂലമായി ബാധിക്കുന്നതും അങ്ങനെ ലോകസമക്ഷത്തിൽ തന്നെ അമേരിക്കയുടെ സ്വാധീനശക്തി ക്രമേണ കുറക്കുന്നതുമാണ്.

ലോകാരോഗ്യസംഘടനക്കും മറ്റുമുള്ള ധനസഹായത്തിൽ കടുംവെട്ടായിരുന്നു അതിലൊന്ന്. രണ്ടാം ലോകമഹായുദ്ധാനന്തരം ഐക്യരാഷ്ട്രസഭയുൾപ്പെടെ അനേകം അന്താരാഷ്ട്ര സംഘടനകൾ സ്ഥാപിക്കപ്പെട്ടതും അവയുടെ കാർമ്മികത്വത്തിൽ അനേകായിരം സമ്മേളനങ്ങളും ഉച്ചകോടികളും നടത്തിയതും ധാരണകളുണ്ടാക്കിയതുമൊക്കെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ കൂടി അറിവോടെയും ആശിർവാദത്തോടെയുമായിരുന്നു. അവക്കെല്ലാമുള്ള ഓരോ രാജ്യങ്ങളുടെ സാമ്പത്തിക നീക്കിയിരുപ്പ് പോലും നിശ്ചയിക്കുന്നത് നീണ്ട ആലോചനകൾക്കു ശേഷമായിരിക്കും. ഈ സംഘടനകളുടെ ഭാവിപദ്ധതികൾ പോലും അതനുസരിച്ച് തയ്യാറാക്കിയിട്ടുണ്ടാകും. യോജിച്ചാലും വിയോജിച്ചാലും ഒറ്റയിരുപ്പിന് ആ സാമ്പത്തികകൈമാറ്റം നിർത്തിവെച്ചാൽ അത് ആ സംഘടനകളേയും അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന സംവിധാനങ്ങളേയും അതിനെ ആശ്രയിക്കുന്ന അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളേയും ഗുരുതരമായി ബാധിക്കും.

പരസ്പരം സംശയവും അവിശ്വാസവും ശത്രുതയും ഉള്ള രാജ്യങ്ങളായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉണ്ടായിരുന്നത്. തുടർച്ചയായ രണ്ടു ലോകമഹായുദ്ധങ്ങളുണ്ടാക്കിയ കെടുതികൾ പരസ്പര സഹകരണത്തിൽ അധിഷ്ഠിതമായ ഒരു ലോകക്രമം അനിവാര്യമാണെന്ന ധാരണ ശക്തിപ്പെടുത്തി. കാലങ്ങളോളം നീണ്ടതും ഇപ്പോഴും തുടരുന്നതുമായ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമഫലമായിട്ടാണ് അനിശ്ചിതത്വങ്ങൾ താരതമേന്യ കുറഞ്ഞ ഒരു അന്താരാഷ്ട്ര സാഹചര്യം നിലവിൽ വന്നത്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അനവധിയായ സംഘടനകൾ ഈ ലോകക്രമം യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ ഫലപ്രാപ്തിയെ കുറിച്ചും പക്ഷപാതിത്വത്തെ കുറിച്ചുമൊക്കെയുള്ള ഇഴ കീറിയ ചർച്ചകൾ കാലങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും, അവയുടെ അഭാവം സങ്കൽപ്പിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യമായിരുന്നു. വിഭവങ്ങളിലും സാങ്കേതികവിദ്യയിലും സൈനികശക്തിയിലുമെല്ലാം അന്തരങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങൾ ഒറ്റക്കൊറ്റക്കായി നിൽക്കുന്ന ഒരു ബഹുലോക ക്രമമായിരിക്കും ഇതിന്റെ ഫലമായുണ്ടാകുക. അമേരിക്കയുടെ സമീപകാല പ്രവൃത്തികൾ അങ്ങനെയൊരു സാഹചര്യത്തിലേക്ക് നയിക്കാനുള്ള സാദ്ധ്യതകൾ സൃഷ്ടിച്ചിട്ടുണ്ട്.

മതിയായ രേഖളില്ലാത്ത വിദേശികളെയെല്ലാം രാജ്യത്തിൽ നിന്ന് പുറത്താക്കുമെന്ന ഉത്തരവായിരുന്നു മറ്റൊന്ന്. എന്നാൽ അതിനായി തെരഞ്ഞെടുത്ത മാർഗ്ഗം അങ്ങേയറ്റം എതിർപ്പുളവാക്കുന്നതായിരുന്നു. സൈനികവിമാനത്തിൽ അവരെ സ്വന്തം രാജ്യങ്ങളിലേക്കയക്കാനുള്ള ശ്രമം വ്യാപകമായ വിമർശനമാണ് സൃഷ്ടിച്ചത്. ഒരു സാധാരണ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ തങ്ങളുടെ മണ്ണിലിറങ്ങുന്നതിൽ നിന്ന് അമേരിക്കൻ സൈനികവിമാനത്തെ തടയുക പോലും ചെയ്തു. തെക്കേഅമേരിക്കൻ ഭൂഖണ്ഡത്തിൽ അമേരിക്കയോട് ഏറ്റവും അടുപ്പമുള്ള അതിന്റെ സഖ്യരാജ്യമാണ് കൊളംബിയ. അടുപ്പമെന്ന് പറയുമ്പോൾ അന്താരാഷ്ട്ര വേദികളില്ലെല്ലാം അമേരിക്കയെ എന്നും പിന്താങ്ങുന്ന, കൂടെ നിന്ന് പൊരുതാനായി അഫ്ഗാനിസ്ഥാനിലേക്ക് ഉൾപ്പെടെ സൈന്യത്തെ അയക്കുന്ന, നാറ്റോയിൽ അംഗത്വമെടുക്കാനുള്ള ചടങ്ങുകൾ തുടങ്ങി വെച്ച രാജ്യമാണത്. വേണ്ടി വന്നാൽ കടന്നു കയറി തന്നെ പനാമാ കനാലേറ്റെടുക്കുമെന്ന് ട്രമ്പ് പ്രഖ്യാപിക്കുമ്പോൾ, അതിന്റെ തൊട്ടപ്പുറത്തുള്ള കൊളംബിയക്ക് അമേരിക്കയുടെ സൈനികവിമാനം തടയുന്നത് എന്നെന്നും സജീവമായ ഒരു ഭീഷണിയും ബാധ്യതയുമാണ്.

ഈ ഭീഷണി അവിടെ തീരുന്നില്ല. ഗ്വാട്ടിമാലയിലേക്കും മെക്സിക്കോയിലേക്കും ഇന്ത്യയിലേക്കും സൈനികവിമാനങ്ങൾ അയക്കുന്നു. സ്വതന്ത്രരാജ്യമായ ഡെന്മാർക്കിനോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ, അതിന്റെ ഭാഗമായ ഗ്രീൻലാൻഡ് വാങ്ങുമെന്ന് പരസ്യമായി പറയുന്നു.  സംഘർഷബാധിതമായ ഗാസാമുനമ്പിനെ ആളൊഴിപ്പിച്ച് കടൽത്തീരം റിസോർട്ടാക്കുമെന്ന് പ്രഖ്യാപിക്കുന്നു. കാനഡയെ അമേരിക്കയുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമാക്കുമെന്ന് പറയുന്നു. യുദ്ധമുഖത്ത് ധീരമായി നിലയുറപ്പിച്ച യുക്രെയിൻ രാഷ്ട്രതലവനെ ഏകാധിപതിയെന്ന് പരസ്യമായി വിളിക്കുന്നു. മൂന്നാം ലോകമഹായുദ്ധത്തിനാണ് സെലെൻസ്‌ക്കി കോപ്പു കൂട്ടുന്നതെന്ന് പരസ്യമായി ആക്ഷേപിക്കുന്നു (ഫെബ്രുവരി 28ന്). അമേരിക്ക നേതൃത്വം നൽകുന്ന സൈനികസഖ്യമായ നാറ്റോക്കുള്ള ധനസഹായം പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അമേരിക്കൻ സൈനികശക്തിയുടെ പര്യായമായി തന്നെ മാറിയ പ്രസ്ഥാനമാണ് നാറ്റോ. റഷ്യയുടെ ഭീഷണികളെ തൃണവൽക്കരിച്ച് സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കാൻ യുക്രെയിനെ പ്രാപ്തമാക്കിയത് നാറ്റോയുമായി അതിനുണ്ടായിരുന്ന അനദ്യോഗികബന്ധമായിരുന്നു. എന്നാൽ മതിയായ ‘ഡീലുകൾ’ ഇല്ലാതെ (അഥവാ അതിന് വഴങ്ങാതെ) യുക്രെയിനെ പിന്തുണക്കേണ്ടെന്ന അമേരിക്കൻ തീരുമാനം ആ രാജ്യത്തേക്ക് കൂടുതൽ കടന്നുകയറാൻ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതാണ്.

മാത്രമല്ല, ഓവൽഹൗസിൽ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന വിദേശരാഷ്ട്ര മേധാവികളുമായുള്ള ട്രമ്പിന്റെ കൂടികാഴ്ചകളെല്ലാം അമേരിക്കയെ അങ്ങേയറ്റം പരിഹാസ്യമാക്കുന്നവയാണ്. അതുപോലെ തന്നെ അന്താരാഷ്ട്ര സാഹചര്യങ്ങളെ സ്ഫോടനാത്മകമാക്കുന്നവയുമാണ്. ഫെബ്രുവരി 24ന് ഫ്രാൻസിന്റെ ഇമ്മാനുവേൽ മക്രോണും 27ന് യുകെയുടെ കെയിർ സ്റ്റാമെറും ട്രമ്പിന്റെ നുണകൾ കുത്തി നിറച്ച അഥവാ ആരോപണങ്ങൾ നിറഞ്ഞ അവതരണങ്ങളെ തടഞ്ഞു കൊണ്ട് ഇടപ്പെടുകയുണ്ടായി. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന യുക്രെയിന് യൂറോപ്യൻ യൂണിയൻ നൽകുന്ന പിന്തുണയെല്ലാം കടമായിട്ടാണെന്നും അമേരിക്ക നല്കിയതെല്ലാം പൂർണ്ണ സംഭാവനകളാണെന്നും അവരുടെ സാനിധ്യത്തിൽ പത്രക്കാരുടേയും ചാനലുകളുടേയും മുമ്പിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അതിനെ അവർക്ക് തടയേണ്ടത് ആവശ്യമായിരുന്നു. കാരണം ട്രമ്പിന്റെ ആ പ്രസ്താവനകളെല്ലാം നുണയായിരുന്നു. ഒന്നാമതായി ട്രമ്പ് എടുത്തെടുത്ത് പറഞ്ഞത് പോലെ 350 ദശലക്ഷം ഡോളർ അമേരിക്ക യുക്രെയിന് കൊടുത്തിട്ടില്ല. അതിന്റെ മൂന്നിലൊന്നായ 119 ദശലക്ഷം ഡോളർ മാത്രമേ കൊടുത്തിട്ടുള്ളൂ. രണ്ടാമതായി, അത് പണമായല്ല മുഴുവനും ആയുധമായാണ് കൊടുത്തത്. അതും അമേരിക്കൻ കമ്പനികളിൽ നിർമ്മിച്ച ആയുധങ്ങൾ. അതായത് ആ പണമെല്ലാം എത്തിച്ചേർന്നത് അന്തിമമായി അമേരിക്കയിൽ തന്നെയാണ്.

അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളാണ് ഫ്രാൻസും യുകെയും കാനഡയും ജർമ്മനിയും. കഴിഞ്ഞ എത്രയോ ദശകങ്ങളായി അന്താരാഷ്ട്രവേദികളിൽ പരസ്പരം കൈകോർത്തു നിൽക്കുന്ന രാജ്യങ്ങളാണിവ. ഇതിനകം ഇവരെയെല്ലാം ട്രമ്പ് അകറ്റി കഴിഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങൾ യൂറോപ്പിനും ഭീഷണിയാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം രാജ്യങ്ങൾ പരസ്പരമുള്ള യുദ്ധം യൂറോപ്പിൽ ഉണ്ടായിട്ടില്ല. പരസ്പരവിശ്വാസവും സഹകരണവുമുള്ള അവിടുത്തെ രാജ്യങ്ങൾക്കിടയിൽ സൈനികചിലവുകൾ താരതമേന്യ കുറവാണ്. യൂറോപ്യൻ യൂണിയന്റെ ആകെ സൈനികചിലവും റഷ്യയുടെ സൈനികചിലവും ഏതാണ്ട് തുല്യമാണ്. മുന്തിയ പടക്കോപ്പുകൾ ഉണ്ടെങ്കിലും പരിചയസമ്പന്നരായ സൈനികർ പൊതുവെ യൂറോപ്യൻ രാജ്യങ്ങളിൽ കുറഞ്ഞു വരുകയാണ്. ജനസംഖ്യാ വർദ്ധനവിലുള്ള കുറവും ഉയർന്ന വിദ്യാഭ്യാസവും സൈനികരാകുന്ന ആളുകളുടെ എണ്ണം വളരെ കുറയ്ക്കുന്നു. അതുകൊണ്ടു തന്നെയാണ് നാറ്റോയെന്ന സൈനികസഖ്യത്തിൽ അമേരിക്കയും കാനഡയും കഴിഞ്ഞാൽ ബാക്കിയുള്ള മുപ്പത് രാജ്യങ്ങളും തൊട്ടുതൊട്ടു കിടക്കുന്ന യൂറോപ്പിൽ നിന്നായത്. ഒറ്റക്കുള്ള സൈനികചിലവുകൾ കുറച്ച്, ആക്രമണഭീഷണികളെ ഒറ്റക്കെട്ടായി ചെറുക്കുകയായിരുന്നു അവരുടെ രീതി. ഏതാണ്ട് ഒരു ലക്ഷം വരുന്ന അമേരിക്കൻ സൈനികർ യൂറോപ്പിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, മറുവശത്ത് റഷ്യ ക്രമാനുഗതമായി സൈനികശക്തി വർദ്ധിപ്പിക്കുകയായിരുന്നു (റഷ്യ കഴിഞ്ഞാൽ യുദ്ധപരിചയമുള്ള ഏകയൂറോപ്യൻ രാഷ്ട്രം യുക്രെയിനാണ്).

പക്ഷെ യൂറോപ്പിൽ നിന്ന് സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ആയൊരു നീക്കം നാറ്റോയുടെ ഘട്ടംഘട്ടമായുള്ള അന്ത്യത്തിന്റെ കൂടി തുടക്കമാണെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ വിധിയെഴുതി കഴിഞ്ഞു. 2021ൽ അതിവേഗം അഫ്‌ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ അമേരിക്ക പിൻവലിച്ചപ്പോൾ വീണ്ടും താലിബാന് കീഴ്‌പ്പെടുവാനായിരുന്നു ആ രാജ്യത്തിന്റെ വിധി. ഇറാഖിലും സംഭവിച്ചത് സമാനമായിരുന്നു. അതുകൊണ്ടു തന്നെ നാറ്റോയിൽ അംഗത്വമുള്ളവരും അല്ലാത്തതുമായ യൂറോപ്യൻ രാജ്യങ്ങളെല്ലാം വളരെ ഗൗരവമായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ കാണുന്നത്.

ആണവായുധങ്ങൾ ഉൾപ്പെടെയുള്ള അമേരിക്കൻ സൈനിക സഹായം (നാറ്റോയുടെ രൂപത്തിൽ) ഇല്ലാതാവുന്നതോടെ യൂറോപ്പിലെ അജയ്യ സൈനികശക്തിയായി റഷ്യ മാറും. ഇപ്പോൾ തന്നെ യുക്രെയിനിന്റെ സമുദ്രസാനിധ്യം നാമമാത്രമായി കഴിഞ്ഞു. ക്രീമിയ പിടിച്ചെടുത്ത ശേഷം കരിങ്കടലിൽ റഷ്യയുടെ സർവ്വസൈന്യാധിപത്യം സ്ഥാപിക്കപ്പെട്ടതോടെ നിലവിൽ തങ്ങളുടെ തുറമുഖങ്ങളൊന്നും യുക്രെയിന് ഉപയോഗിക്കാനാകുന്നില്ല. അതേ സമയം തന്നെ നാറ്റോയുടെ പ്രത്യക്ഷമായ ‘അദൃശ്യ പിന്തുണ’യോടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഖാർകിവ് ഉൾപ്പെടെയുള്ള റഷ്യനതിർത്തിയിലെ നിരവധി പ്രദേശങ്ങൾ യുക്രെയിൻ തിരിച്ചു പിടിച്ചിരുന്നു. പക്ഷെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി റഷ്യൻ സൈന്യം മുന്നേറുന്നതും പോക്രോവുസ്ക്ക് ഉൾപ്പെടെയുള്ള നഗരങ്ങൾ വീണ്ടും പിടിച്ചെടുത്തതും അത്ര സ്വാഭാവികമൊന്നുമല്ല. വിവാദമെന്നോ വിചിത്രമെന്നോ പറയാവുന്ന ട്രമ്പ്-സെലിൻസ്‌ക്കി കൂടിക്കാഴ്ചക്ക് ശേഷം യുക്രെയിൻ സൈനികസംവിധാനങ്ങളുടെ മേൽ കാര്യമായ സമ്മർദ്ദം ഉണ്ട്. അമേരിക്ക പിന്തിരിയുന്നതും നാറ്റോ തന്നെ ഇല്ലാതാകുന്നതുമായ ഒരു സന്ദർഭത്തിൽ, റഷ്യയോട് സമാനവീര്യത്തോടെ പൊരുതുന്നത് പന്തിയല്ലെന്ന തിരിച്ചറിവ് യുക്രെയിന്റെ കൂടെയുള്ള സഖ്യകക്ഷികളെയും സ്വകാര്യ സൈനികസംഘങ്ങളെയും സ്വാധീനിക്കും. മാത്രമല്ല, റഷ്യൻ ആക്രമണം ഭാവിയിൽ പ്രതീക്ഷിക്കുന്ന ഫിൻലാൻഡും ലിത്വാനിയയും പോളണ്ടും പോലുള്ള രാജ്യങ്ങൾ പ്രത്യേകിച്ചും മറ്റു യൂറോപ്യൻ രാജ്യങ്ങൾ പൊതുവെയും സ്വന്തം സൈനികശക്തി വർദ്ധിപ്പിക്കാനായിരിക്കും നിലവിൽ കൂടുതൽ ശ്രമിക്കുക. അകമഴിഞ്ഞ് സഹായിക്കാൻ അവരെത്ര ആഗ്രഹിച്ചാലും, അവരുടെ പിന്തുണയിൽ കാര്യമായ കുറവ്  യുക്രെയിൻ നേരിടേണ്ടി വരും.

റഷ്യയുടെ ആക്രമണഭീഷണി നേരിടുന്നത് യുക്രെയിൻ മാത്രമല്ലാത്തതിനാൽ നാറ്റോയുടെ ബദലിനെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ സജീവമായി ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. മാർച്ച് മൂന്നിന് ലണ്ടനിൽ വിളിച്ചു ചേർത്ത യോഗം അതുകൊണ്ടുതന്നെ നിർണായകമായിരുന്നു. വൈറ്റ്ഹൗസിൽ ‘അപമാനിക്ക’പ്പെട്ട സെലൻസ്ക്കിയും ഇമ്മാനുവേൽ മക്രോണും കെയിർ സ്റ്റാമെറും ഒരുമിച്ച് പത്രക്കാരെ കണ്ടതും പ്രസ്തുതയോഗത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രത്യേക അതിഥിയായതും ആകസ്മികമല്ല. ഇറ്റലിയും ജർമ്മനിയും ഫ്രാൻസും യുകെയും സൈനിക ബജറ്റുകൾ കുത്തനെ കൂട്ടിയതും പിൻവലിക്കപ്പെടുന്ന അമേരിക്കൻ ആണവായുധങ്ങൾക്ക് പകരം തങ്ങളുടെ ഉപയോഗിക്കാമെന്ന ഫ്രാൻസിന്റെ ഉറപ്പും പുതിയ യൂറോപ്യൻ ചുവടുകളുടെ പ്രാരംഭം മാത്രമായിരിക്കും.

അന്താരാഷ്ട്രബന്ധങ്ങൾ എന്നെന്നേക്കുമായി മാറിക്കഴിഞ്ഞ ഒരു ചരിത്രസന്ദർഭത്തിലൂടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകം കടന്നു പോയത്. യുക്രെയിനെ കേന്ദ്രമാക്കി യൂറോപ്പ് യുദ്ധത്തിന്റെ വറച്ചട്ടിയിലേക്ക് വീണു കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടു മുമ്പ് യൂറോപ്പ് നേരിട്ട അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും തിരിച്ചു വന്നിരിക്കുന്നു. 2022ലെ രണ്ടാം യുക്രെയിൻ യുദ്ധം തുടങ്ങിയതിന് ശേഷം ഇതിനകം കൃത്യവും കണിശവുമായ ആസൂത്രണത്തിലൂടെ റഷ്യ സ്വന്തം സൈന്യത്തെ ഏറെ പരിഷ്കരിച്ചു കഴിഞ്ഞു.  മുമ്പ് ഇറക്കുമതി ചെയ്ത പല ആയുധങ്ങളും അവർ സ്വന്തമായി നിർമ്മിച്ചു തുടങ്ങി. സൈനികരുടെ എണ്ണം ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചു. മറുവശത്ത് യൂറോപ്പും സൈനികതയ്യാറെടുപ്പുകളിലേക്ക് പൂർണ്ണ സന്നദ്ധമായി നീങ്ങുന്നു. ഇതിന്റെ കൂടെ യൂറോപ്പിൽ നിന്നുള്ള അമേരിക്കയുടെ പിൻവാങ്ങലും റഷ്യയുമായി വർദ്ധിക്കുന്ന അതിന്റെ നയതന്ത്രബന്ധവും സാഹചര്യങ്ങൾ അങ്ങേയറ്റം പ്രശ്നാധിതമാക്കുന്നുണ്ട്.

എന്നാൽ ഇതെല്ലാം അമേരിക്കയുടെ അടവുകളാണെന്നും യുക്രെയിനിന്റെ സമ്പൽസമൃദ്ധമായ ധാതുസമ്പത്തിൽ ആധിപത്യം സ്ഥാപിക്കാനായി നടത്തുന്ന വില പേശലുകളാണെന്ന നിരീക്ഷണവും തള്ളി കളയാനാവുന്നവയല്ല. റഷ്യ മുന്നേറുകയാണെങ്കിൽ, അമേരിക്കയെ പൂർണ്ണമായി തള്ളി കളഞ്ഞുകൊണ്ടുള്ള ഒരു സൈനിക-സാമ്പത്തിക നീക്കത്തിന് നിലവിൽ മുഖ്യയൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയില്ലെന്നിരിക്കെ, ആ രാജ്യങ്ങളുമായി തങ്ങൾക്ക് കൂടുതൽ അനുകൂലമായ പുതിയ കരാറുകളിൽ ഏർപ്പെടാനും നിലവിലുള്ളവയെ പുതുക്കുവാനും കണ്ടെത്തുന്ന മാർഗ്ഗമാണിതെന്നും കരുതാവുന്നതാണ്.

ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ മാർച്ച് മൂന്നാം വാരത്തിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾ. ഹൂതികൾ അമേരിക്കൻ യുദ്ധകപ്പലുകളെ ആക്രമിച്ചതാണ് പെട്ടെന്നുണ്ടായ കാരണമെങ്കിലും, അതിന്റെ മറയിൽ ഇറാനെ ആക്രമിച്ച് കീഴടക്കുകയെന്ന ലക്ഷ്യമാണ് അവർക്കുള്ളതെന്ന് കരുതാൻ കാരണമുണ്ട്. ഇറാഖിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ആണവായുധ കാരണം മാത്രം പറഞ്ഞ് ഇറാനെ ആക്രമിക്കാനാകുന്ന സാഹചര്യം ഇന്നില്ല. എന്നാൽ ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുക വഴി ലോകവ്യാപാരത്തിന് തന്നെ ഭീഷണിയായ ഹൂതികൾക്ക് ആയുധവും പരിശീലനവും നൽകുന്ന, അതിലൂടെ ആഗോളതീവ്രവാദത്തെ പോറ്റുന്ന ഇറാനെ ആക്രമിക്കുന്നതിനെ പ്രത്യക്ഷത്തിൽ ആരും എതിർക്കുകയുമില്ല. മാത്രമല്ല, ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനത്തുള്ളതും ധാതുവിഭവങ്ങളാൽ സമ്പന്നവുമായ ഇറാനെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തുന്നതാണ് അമേരിക്ക ലക്ഷ്യം വെക്കുന്നതെങ്കിൽ, സ്ഥിരം സഖ്യകക്ഷികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായും അമേരിക്കയുടെ സമീപകാല പ്രവൃത്തികളെ കാണാം.

മറുവശത്ത് ദ്നിപ്രോ നദിയും കടന്ന് യുക്രെയിനിലേക്ക് റഷ്യൻ സൈന്യം നീങ്ങിയാൽ, യൂറോപ്യൻ രാജ്യങ്ങൾക്ക് പൊതുവേയും മദ്ധ്യയൂറോപ്യൻ രാജ്യങ്ങൾക്ക് പ്രത്യേകിച്ചും റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങേണ്ടി വരും. അങ്ങിനെ വന്നാൽ, റഷ്യയുടെ സൈനികശക്തി പരിഗണിക്കുമ്പോൾ, അവർക്ക് അമേരിക്കയുടെ സൈനികസഖ്യം അഭ്യർത്ഥിക്കാതെ വേറെ വഴിയുണ്ടാവില്ല. നിലവിലെ അഭിപ്രായവ്യത്യാസങ്ങളും അകൽച്ചയും അങ്ങനെ അവസാനിപ്പിക്കാമെന്ന് അമേരിക്ക കണക്കുകൂട്ടുന്നുണ്ടാവണം.

മദ്ധ്യകിഴക്കേഷ്യയിൽ ഇസ്രായേലിന് ഭീഷണിയായി തുർക്കി വളരുന്നത് ഇറാനെ ആക്രമിക്കുന്നതിനുള്ള മറ്റൊരു കാരണമായേക്കാം. പരസ്യമായി അവകാശപ്പെടില്ലെങ്കിലും, തുർക്കി സാമ്പത്തികമായും സൈനികമായും ഇസ്രയേലിനേക്കാൾ ശക്തമായ നിലയിലേക്ക് കുതിക്കുകയാണ്. ഇറാനും തുർക്കിയും തമ്മിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും, പലസ്തീൻ വിഷയത്തിൽ ഇസ്രായേലിനോടുള്ള എതിർപ്പ് ഇവർക്ക് പൊതുവേയുണ്ട്. ഇസ്രയേലിന്റെ നേരിട്ടുള്ള ഇടപെടൽ ലെബനന് അപ്പുറത്തേക്ക് കടക്കാത്തതിൽ ഈ രാജ്യങ്ങൾ നിർണായക പങ്കു വഹിക്കുന്നുമുണ്ട്. മാത്രമല്ല, സിറിയയിലേയും ഇറാഖിലേയും ആഭ്യന്തര യുദ്ധങ്ങൾ ഈ രാജ്യങ്ങളെ ഗുണകരമായി മാത്രമേ ബാധിച്ചിട്ടുള്ളൂ. ഇവർ ഒരുമിച്ച് നിന്നാൽ ഇസ്രായേലിന് അതൊരു ഗൗരവമായ സൈനികഭീഷണിയായിരിക്കും. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുയർത്തുന്ന മേഖലാ സന്തുലനം ഇല്ലാതാക്കാനും ഇസ്രായേലിന്റെ മേഖലാമേധാവിത്വത്തിനുള്ള ഭീഷണി ഇല്ലാതാക്കാനും ഇറാനെ കീഴ്‌പ്പെടുത്തുന്നത് ഉചിതമാകും.

മറുവശത്ത്, കൊക്കേഷ്യൻ മേഖലയിൽ അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷങ്ങൾ മൂക്കുന്നത് യൂറോപ്പിലെ യുദ്ധാന്തരീക്ഷത്തെ നേരിട്ട് സ്വാധീനിക്കും. അതുപോലെ തന്നെ തിരിച്ചും. നാഗർണോ-കാരബാക്ക് സംഘർഷം 1991ന് ശേഷം മാത്രം ഏതാണ്ട് ലക്ഷത്തിനടുത്ത് ജീവനുകൾ അപഹരിച്ചിട്ടുണ്ട്. അസർബൈജാന്റെ അധീനതയിലുള്ള നാഗർണോ-കാരബാക്ക് മേഖല വരുതിയിലാക്കാൻ അർമേനിയ നടത്തിയ ശ്രമങ്ങൾ താരതമേന്യ വിജയകരമായിരുന്നു. റഷ്യയുടെ സജീവ പിന്തുണയോടെയായിരുന്നു അവരത് സാധിച്ചത്. വിഭവദാരിദ്ര്യം കാരണം ഇതിനെ ഫലപ്രദമായി ചെറുക്കാൻ അസർബൈജാന് സാധിച്ചിരുന്നില്ല. എന്നാൽ ശക്തമായ പ്രതിരോധത്താൽ യുക്രെയിനിൽ റഷ്യൻനീക്കം ദുർബലമായപ്പോൾ, ആ അവസരം മുതലെടുത്ത് അർമേനിയൻ സൈന്യത്തെ പിറകോട്ടടിപ്പിക്കാൻ അസർബൈജാന് കഴിഞ്ഞു. ഇന്ന് (റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും) നാഗർണോ-കാരബാക്കിന് ചുറ്റും നിർണായകാധിപത്യം അസർബൈജാനുണ്ട്. അതുമാത്രമല്ല, കഴിഞ്ഞ ദശകത്തിൽ യാഥാർഥ്യമായ ഭൂഖണ്ഡാന്തര എണ്ണ കുഴലുകളിലൂടെ തുർക്കിയുമായും യൂറോപ്പുമായും നേരിട്ട് ഊർജ്ജവ്യപാരം നടത്തുവാൻ ഇന്ന് അസർബൈജാന് കഴിയുന്നുണ്ട്. 2022ന് ശേഷം റഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഊർജ്ജവിഭവകയറ്റുമതി ക്രമാനുഗതമായി കുറഞ്ഞതോടെ, അസർബൈജാനിൽ നിന്നുള്ള ഊർജ്ജകൈമാറ്റം നിർണ്ണായകമാണ്. അതിനർത്ഥം റഷ്യയുടെ ശത്രുരാജ്യ പട്ടികയിൽ അസർബൈജാൻ മുൻനിരയിലുണ്ട് എന്നാണ്. ഇതുവരെ ഒരാക്രമണം റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തതിനുള്ള മുഖ്യകാരണം അസർബൈജാന് ഇറാനുമായുള്ള അടുപ്പമാണ്. റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപരമായ നയതന്ത്രബന്ധം ഉള്ളിടത്തോളം കാലം, റഷ്യ അസർബൈജാന് മേൽ ഒരു പൂർണ്ണാക്രമണം നടത്താനുള്ള സാധ്യത വിരളമാണ്. എന്നാൽ ഇറാനെ അമേരിക്ക ആക്രമിക്കുകയാണെങ്കിൽ, “ചെമ്പട” ബാക്കുവിലേക്ക് ഉടനടി മാർച്ച് ചെയ്യാൻ സാധ്യതകളേറെയുമാണ്.

ഈ പശ്ചാത്തലത്തിൽ, ഒറ്റ രാഷ്ട്രീയ-സാമ്പത്തികവ്യവസ്ഥ പോലെ തന്നെ ഒരൊറ്റ സൈനിക-പ്രതിരോധ സംവിധാനവും കൂടി പടുത്തുയർത്തുവാനുള്ള യൂറോപ്യൻ നേതാക്കളുടെ ഏകകണ്ഠമായ ആഹ്വാനം ഗൗരവമായി കാണണം. ഇതത്ര ആയാസരഹിതമായിരിക്കില്ല. കാരണം യുദ്ധത്തെ സംബന്ധിച്ച അനിശ്ചിതത്വം ഇല്ലാതാകുന്ന സാഹചര്യത്തിൽ മാത്രമേ പരസ്പരാശ്രിതത്വവും സഹകരണവും ആധാരമാക്കിയുള്ള സൈനിക സംവിധാനം അനവധി രാജ്യങ്ങൾക്കിടയിൽ സാധ്യമാകൂ. നിലവിൽ റഷ്യയുടെ യുദ്ധഭീഷണി യുക്രെയിൻ കൂടാതെ മറ്റു യൂറോപ്യൻ രാജ്യങ്ങളും നേരിടുന്നുണ്ട്. ഇതിൽ ചില രാജ്യങ്ങളെങ്കിലും, പ്രത്യേകിച്ചും റഷ്യൻ-ബെലാറസ് അതിർത്തിയോടും കരിങ്കടലിനോടും ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ, റഷ്യയോട് സമാധാനകരാറിൽ ഏർപ്പെടാനാണ് സാദ്ധ്യത. ഇതുതന്നെ യൂറോപ്യൻ രാജ്യങ്ങളെ രണ്ടു ചേരിയിലാക്കും.

എന്തുതന്നെയായാലും ഈ വർഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ലോകക്രമം എന്നെന്നേക്കുമായി മാറി കഴിഞ്ഞു. സൃഷ്ടിക്കപ്പെടാൻ പോകുന്ന പുതിയ ലോകവ്യവസ്ഥ എന്താണെന്ന് കൃത്യമായി പറയുവാൻ അനിശ്ചിതത്വം നിറഞ്ഞതും സ്ഫോടനാത്മകവുമായ അന്താരാഷ്ട്ര സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. സംഘർഷാത്മകമായ അഥവാ യുദ്ധസമാനമായ ഒരു സാഹചര്യം കരിങ്കടലിലും കിഴക്കൻ യൂറോപ്പിലും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. യുക്രെയിനിന്റെ പിന്നാലെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും പോളണ്ടും ജർമ്മനിയും മറ്റുള്ളവരും വ്യാപകമായ ആയുധ ഇറക്കുമതിക്കും വേഗത്തിലുള്ള ആയുധനിർമ്മാണത്തിനും മുന്തിയ പ്രാധാന്യം കൊടുക്കും. എഐ-ഉത്തേജിത ആയുധങ്ങളും ഡ്രോണുകളും ഉൾപ്പെടെയുള്ള പുതുതലമുറ യുദ്ധോപകരണങ്ങൾ സാധാരണമാകുന്ന തരത്തിൽ ലോകമാകെയുള്ള ആയുധനിർമ്മാണ മേഖല പരിപോഷിപ്പിക്കപ്പെടും. സൈനികരേയും സൈനികസേവനങ്ങളും പ്രദാനം ചെയ്യുന്ന സായുധ കമ്പനികൾ തഴച്ചു വളരും. അവിടവിടെയുള്ള, മാഫിയകളെന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കാവുന്ന, ചെറുസായുധ സംഘങ്ങൾക്കും ഇനി വരുന്നത് പുഷ്കല കാലമായിരിക്കും. സ്പഷ്ടമായി പറഞ്ഞാൽ, ഏതൊരു സൂക്ഷ്മനിരീക്ഷണത്തിലും ഒരു മഹായുദ്ധത്തിനുള്ള ചേരുവകളെല്ലാം (പ്രത്യേകിച്ചും) യൂറോപ്പിൽ തയ്യാറായി വരുന്നുണ്ടെന്ന് കാണാവുന്നതാണ്.

Read more

മിനി മോഹൻ