അനികേത് ആഗ, കെ എ ഷാജി, ചിത്രാംഗദ ചൗധരി
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ്മ കേരളത്തിനു മുന്നറിയിപ്പുതരുന്നത് ലവ് ജിഹാദ് ഒരു മിടിക്കുന്ന ടൈം ബോംബ് ആണെന്നാണ്. അധികാരത്തിൽ വന്നാൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരും എന്ന ബിജെപി പ്രഖ്യാപനത്തെ പിന്തുണയ്ക്കുംവണ്ണം നിലനിൽക്കുന്നതായ ഒരു തെളിവുമില്ലാതെയാണ് കമ്മീഷൻനമ്മളോട് സംസാരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണായ രേഖാ ശര്‍മ്മ ” ലവ് ജിഹാദ് ഒരു മിടിക്കുന്ന ടൈം ബോംബ് ആണെന്നും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഒരു സ്‌ഫോടനം സംഭവിക്കുമെന്നും മുന്നറിയിപ്പ് നടത്തുകയുണ്ടായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലതുപക്ഷം പ്രചരിപ്പിക്കുന്ന അതേ രീതിയില്‍ ഹിന്ദു – ക്രിസ്ത്യന്‍ യുവതികളെ പ്രണയത്തില്‍ കുടുക്കി മുസ്ലിം യുവാക്കള്‍മതം മാറ്റുന്നു എന്നാണവര്‍ അവകാശപ്പെട്ടത്.
എന്നാല്‍ ഈ ഗൂഢാലോചനാ സിദ്ധാന്തവാദത്തെ കേന്ദ്രവും അതിന്റെ പ്രധാന ഏജന്‍സികളും സുപ്രീം കോടതിയും ദേശീയ വനിതാ കമ്മീഷന്‍ തന്നെയും കഴിഞ്ഞകാലങ്ങളില്‍തള്ളിക്കളഞ്ഞതാണെങ്കില്‍ തന്നെയും ഇന്ത്യയിലെ ഏറ്റവുമധികം സാക്ഷരതയുള്ള സംസ്ഥാനത്ത് 2021 ഏപ്രില്‍ 6-ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെവാര്‍ത്താപ്രാധാന്യം കൈവന്നിരിക്കുകയാണ്.
അബദ്ധവാദം എന്ന് ക്രിസ്ത്യൻ സഭകൾതന്നെ തള്ളിക്കളഞ്ഞിട്ടുള്ള “ലവ് ജിഹാദ്” ഒരു പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന് അവരുടെ പിന്തുണയോടെ ബിജെപി ഭരിക്കുന്ന എട്ടു സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ളതുപോലെ കേരളത്തിലും നിയമനിർമ്മാണം സാധ്യമാക്കാം എന്നാണ് അവർ കരുതുന്നത്
ഉത്തര്‍പ്രദേശിലോ മറ്റേതെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളിലോ അല്ല “ലവ് ജിഹാദ്” കഥയ്ക്ക് ആരംഭം കുറിച്ചത്. കര്‍ണ്ണാടകയിലെ വലതുപക്ഷ ചേരിയില്‍ പ്രയോഗിക്കപ്പെട്ട ഈ പദം മലയാളത്തിലെ ഒരു മുഖ്യധാരാ മാധ്യമം എടുത്തുപ്രയോഗിക്കുകയും അതേത്തുടര്‍ന്ന് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം ലഭിക്കുകയുമായിരുന്നു. പുതിയ തലമുറ ലിംഗഭേദമെന്യേ തുറന്ന് ഇടപെടുന്നതിനെ സംശയദൃഷ്ടിയോടെ സമീപിക്കുന്ന മുന്‍തലമുറയെ പ്രകോപിപ്പിക്കുക തന്നെയാണ് മിസ് ശര്‍മ്മയുടെ പ്രയോഗം.
ലവ് ജിഹാദ് കേരളത്തിൽ ?
” ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനത്തെയും ലവ് ജിഹാദിനെയും യുവതികൾ രാജ്യം വിട്ടുപോകുന്നതിനെപ്പറ്റിയും ഞാനൊരു വിശദമായ അന്വേഷണം നടത്തി.” ശർമ്മ ANI യോട് 2020 ജനുവരി 27 ന് പറഞ്ഞു. “ലവ് ജിഹാദ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ബലപ്രയോഗത്തിലൂടെ യുവതികളെ വിവിധ രാജ്യങ്ങളിലെത്തിക്കുകയും ലൈംഗീക അടിമകളാക്കുകയും ചെയ്യുന്നു. മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതിന് തടസ്സമൊന്നുമില്ല പക്ഷെ നിർബന്ധപൂർവ്വം മതപരിവർത്തനം ചെയ്യുന്നതിലാണ് കുഴപ്പം. ”
പത്തുമാസങ്ങൾക്കുശേഷം 2020 നവംബർ ഇരുപതിന് മിസ് ശർമ്മ മഹാരാഷ്ട്ര ഗവർണ്ണർ ഭഗത് സിംഗ് കോഷ്യാരിയെ കാണുകയും “സംസ്ഥാനത്ത് ലവ് ജിഹാദ് കൂടിവരുന്ന”തായി ട്വീറ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ “ആർട്ടിക്കിൾ 14” (സ്വതന്ത്രസംഘടന www.article-14.com) വിവരാവകാശ നിയമ (RTI) പ്രകാരം സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലൊരിടത്തുനിന്നും അത്തരമൊരു ഡേറ്റാ ലഭിച്ചിട്ടില്ല എന്നായിരുന്നു ദേശീയ വനിതാ കമ്മീഷന്റെ തന്നെ മറുപടി. ശർമ്മയുടെ “സ്പന്ദിക്കുന്ന ടൈം ബോംബ്”, “ലവ് ജിഹാദ്” വാദങ്ങളെയെല്ലാം നിരാകരിക്കുന്നതായിരുന്നു ആ മറുപടി. തന്റെ “വിശദമായ അന്വേഷണം” എന്ന് ശർമ്മ അവകാശപ്പെടുന്നത് 2017 കേരളത്തിൽ നടത്തിയ ഒരു ത്രിദിനസന്ദർശനമായിരുന്നു. ആ സന്ദർശനമാകട്ടെ രക്ഷാകർത്താവിൽനിന്നും ഒരു യുവതിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനുവേണ്ടി ആയിരുന്നു.
ലവ് ജിഹാദ് ഗൂഢാലോചന
ഇന്ത്യയിലെ സാമുദായിക ജനസംഖ്യയിൽ ഭൂരിപക്ഷം നേടുക എന്നത് ലക്ഷ്യമാക്കി മുസ്ലിം ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വഴക്കിയെടുത്ത് മതപരിവർത്തനം ചെയ്യിക്കുക എന്നതിന്റെ കുറുവാക്കായിട്ടാണ് “ലവ് ജിഹാദ്” ഇന്ന് ഉപയോഗിക്കപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിൽ ബിജെപിയോ അതുൾപ്പെടുന്ന മുന്നണികളോ ഭരിക്കുന്ന കർണ്ണാടക, ആസ്സാം, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ലവ് ജിഹാദ് തടയുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അടുത്തിടെ ഉത്തർപ്രദേശ്, മധ്യപ്രദേശ് ഇവിടങ്ങളിലും വിവാഹത്തോടെയുള്ള മതംമാറ്റം നിയമവിരുദ്ധമാക്കിക്കഴിഞ്ഞിട്ടുണ്ട്.
തങ്ങളെപ്പോലെതന്നെ ചിലപ്പോഴെല്ലാം ഇസ്ലാമിലേക്കുള്ള മതപരിവർത്തനം ഒരു പ്രശ്നമായി ഉയർത്താറുള്ള ക്രിസ്തീയസഭകളുമായി ബാന്ധവം കണ്ടെത്താൻ ശ്രമിക്കുന്ന ബിജെപി കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പിൽ വിഷയമാക്കിയിട്ടുണ്ട് ലവ് ജിഹാദ്. പൗരസ്ത്യകത്തോലിക്കാ സഭകളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള സിറോ മലബാർ സഭ 12 ക്രിസ്തീയ യുവതികൾ ലവ് ജിഹാദ് വഴി പരിവർത്തനം ചെയ്യപ്പെട്ട് സിറിയയിൽ എത്തിയതായി 2020 ജനുവരിയിൽ പറഞ്ഞിരുന്നു. ഐസിസിന്റെ (ഇസ്ലാമിക്ക് സ്റ്റേറ്റ്) പദ്ധതിയായ ലവ് ജിഹാദ് കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് പ്രസ്താവിച്ച സഭാതലവൻ ഇത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയിൽ പെടുത്തുകയുമുണ്ടായി.
വിവരാവകാശപ്രകാരം ലഭിച്ച വിവരങ്ങൾ
2020 ഒക്ടോബർ 23 ന് ഹോഷിയാരിയെ സന്ധിക്കുമ്പോൾ വിവരാവകാശനിയമപ്രകാരം ദേശീയ വനിതാ കമ്മീഷന് ഞങ്ങൾ (ആർട്ടിക്കിൾ 14) ഒരു അപേക്ഷ സമർപ്പിക്കുകയുണ്ടായി. 1) NWC യുടെ കൈവശമുള്ള ലവ് ജിഹാദ് സംബന്ധമായ ഫയലുകൾ, 2 ) ലവ് ജിഹാദുമായി ബന്ധപ്പെട്ട് NWC അയച്ചിട്ടുള്ളതും സ്വീകരിച്ചിട്ടുള്ളതുമായ കത്തുകൾ, കുറിപ്പുകൾ, അപേക്ഷകൾ, ഉത്തരവുകൾ 3) ലവ് ജിഹാദ് പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റെന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ട കുറിപ്പുകൾ ഇവയെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ആരാഞ്ഞിരുന്നത്.
2020 നവംബർ 20 ന് ലഭിച്ച മറുപടിയിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട ഒരു രേഖകളും വനിതാ കമ്മീഷന്റെ പക്കൽ ഇല്ലെന്നും ശർമ്മ നടത്തിയ മുന്നറിയിപ്പ് അടിസ്ഥാനമൊന്നുമില്ലെന്നും പ്രസ്താവിച്ചിട്ടുണ്ട്.
RTI പ്രകാരം ശർമ്മ മുന്നറിയിപ്പ് കൊടുത്തതുപോലെ പെൺകുട്ടികളെയോ യുവതികളെയോ നിർബന്ധപൂർവ്വം മതംമാറ്റം നടത്തിയതായി ഏതെങ്കിലും രേഖയോ വിവരങ്ങളോ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. അതിന് നവംബർ 26 -ന് കിട്ടിയ മറുപടി റിക്കാർഡുകൾ പ്രകാരം അത്തരത്തിൽ വേർതിരിക്കപ്പെട്ട കാറ്റഗറി കമ്മീഷൻ സൂക്ഷിക്കുന്നില്ല എന്നായിരുന്നു.
രേഖാ ശർമ്മ അവകാശപ്പെട്ടതുപോലെ അവർ നടത്തിയ “വിശദമായ അന്വേഷണം, അതിന്റെ റഫറൻസുകൾ, സമയദൈർഘ്യം, കണ്ടെത്തലുകൾ ഇവയെക്കുറിച്ചും ഒരപേക്ഷ ഡിസംബർ 16 ന് സമർപ്പിക്കപ്പെടുകയുണ്ടായി. ഇതിന് ജനുവരി 11 ന് ലഭിച്ച മറുപടിയിൽ 2017 ജനുവരി 5 മുതൽ 8 വരെ മൂന്നുദിവസം കേരളത്തിൽ സന്ദർശനം നടത്തിയതായി പറയുന്നു. കൂട്ടത്തിൽ വിവരാവകാശ നിയമം ( 2005) സെക്ഷൻ 8 (1) ഉദ്ധരിച്ചുകൊണ്ട് പൊതു താത്പര്യത്തിന്റെ പരിധിയിൽ വരാത്തതും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും എന്ന വസ്തുതയെ വ്യക്തമാക്കിക്കൊണ്ട് ചില വിവരങ്ങൾ നൽകുവാനുള്ള തടസ്സം ഉന്നയിച്ചു.
ശുദ്ധ അബദ്ധം
കോമൺവെൽത്ത് ഹ്യുമൻ റൈറ്റ്സ് ഇനീഷ്യേറ്റീവിൻറെ അക്സസ്സ് റ്റു ഇൻഫർമേഷൻ തലവനായ വെങ്കടേഷ് നായക് സ്വകാര്യതാനയത്തെച്ചൊല്ലിയുള്ള കമ്മീഷന്റെ മറുപടി നിഷേധത്തെ വിമർശിച്ചു. “ഇത് ശുദ്ധ അബദ്ധമാണ്” അദ്ദേഹം പറഞ്ഞു. “പ്രസ്താവിക്കപ്പെട്ട ഒരു വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യം പൊതുതാത്പര്യത്തിന്റെ കാര്യമാണ്. അതിനെ ബോധപൂർവ്വം സ്വകാര്യതയുടെ വിഷയം പറഞ്ഞു മറച്ചുവെക്കാൻ കഴിയില്ല. ആരുടെയെങ്കിലും സ്വകാര്യത അപകടത്തിലാണെങ്കിൽ അത് PIO യുടെ ഉത്തരവാദിത്വത്തിൻ കീഴിലാക്കേണ്ടതുണ്ട്.
അങ്ങനെ 2021 ജനുവരി 12 ന് വിവരം മറച്ചുവെച്ചതിനെതിരെയുള്ള അപ്പീൽ സമർപ്പിക്കപ്പെട്ടു. ഫെബ്രുവരി 12 -ന് ഡെപ്യൂട്ടി സെക്രട്ടറിയും ഫസ്റ്റ് അപ്പലേറ്റുമായ പ്രദീപ്കുമാർ എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ NCW ക്ക് റൂളിംഗ് നൽകി.
എന്നാൽ റൂളിംഗിന് വഴിപ്പെടുന്നതിനുപകരം റിപ്പോർട്ട് രഹസ്യമാക്കി വെക്കുന്നതിനായി മറ്റൊരു കാരണം രേഖാ ശർമ്മ തേടി. സെക്ഷൻ 8.1.ജി . ഇതുപ്രകാരം വിവരം നൽകാതിരിക്കാൻ ഇങ്ങനെയൊരു കാരണം തേടാം. ” നിയമവും സുരക്ഷയും നടപ്പാക്കുന്നതിനാവശ്യമായ രഹസ്യമായ ഏതെങ്കിലും വിവരങ്ങളോ സഹായമോ ലഭ്യമാക്കിയ ഒരു വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പടുത്തൽ ആ വ്യക്തിയുടെ ജീവനോ ശരീര സുരക്ഷയ്ക്കോ അപകടമാകാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ വെളിപ്പെടുത്താതിരിക്കാം”
വിവരം വെളിപ്പെടുത്താനുള്ള റൂളിങ് നിഷേധിക്കാൻ കമ്മീഷന് കഴിയില്ല. വിവരാവകാശ വിദഗ്ദ്ധനായ വെങ്കടേഷ് നായക് പ്രതികരിച്ചു. “വിവരം വെളിപ്പെടുത്തുന്നതിനെ നിഷേധിക്കുന്നതിന് ഓരോ പ്രാവശ്യവും ഓരോ കാരണം കണ്ടെത്തുകയാണ്.” അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ പരമോന്നത വിവരാവകാശ അതോറിറ്റിയായ സെൻട്രൽ ഇൻഫോർമേഷൻ കമ്മീഷന് “ആർട്ടിക്കിൾ 14” ഒരു പരാതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ NCW യുടെ ഭാഗീകമായി ചില വെളിപ്പെടുത്തലുകൾ അന്വേഷണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് സൂചനകൾ തരുന്നുണ്ട്.
“വിശദമായ അന്വേഷണം”
സംഭവവികാസങ്ങൾ കൂടുതൽ വെളിപ്പെടാൻ തുടങ്ങിയത് എറണാകുളം കേന്ദ്രമാക്കിയ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ ന്യൂസ് മിനിറ്റ് എന്ന മാധ്യമത്തിന് തന്റെ ഒരു വീഡിയോ നൽകിയതോടെയാണ്. അത് മതം മാറി ഹാദിയ എന്ന പേര് സ്വീകരിച്ചതിനുശേഷം വീട്ടുകാരുടെ തടങ്കലിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ സന്ദർശിക്കാൻ 2017 ഓഗസ്റ്റിൽ കോട്ടയത്തുള്ള അവരുടെ വീട് സന്ദർശിക്കുന്നതിന്റേതായിരുന്നു. 2017 ഒക്ടോബർ 26- ന് രാഹുൽ ആ വീഡിയോ വെളിപ്പെടുത്തി. അതിൽ ഹാദിയ പറയുന്നു. “ഞാൻ വധിക്കപ്പെടും. പിതാവ് എന്നെ മർദ്ദിക്കുന്നു. ”
(2021 ഫെബ്രുവരി 13 ന് മാതാപിതാക്കളായ അശോകനും പൊന്നമ്മയും ഹാദിയയുടെ ക്ലിനിക്ക് സന്ദർശിച്ചപ്പോഴുള്ള ചിത്രം. )
അഖില അശോകൻ എന്ന ആ പെൺകുട്ടി രക്ഷകർത്താക്കളുടെ എതിർപ്പിനെ മറികടന്ന് ഇസ്ലാം മതം സ്വീകരിക്കുകയും ഷെഫിൻ ജഹാൻ എന്ന യുവാവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ സംഭവം 2016 – 18 കാലഘട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുകയും സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം ദേശീയ അന്വേഷണ ഏജൻസി ഇടപെട്ടതുമാണ്.
” നിജസ്ഥിതി മനസ്സിലാക്കുന്നതിനായി ഇരയോടും വിശ്വസനീയമായ അധികാരസ്ഥാപനങ്ങളടക്കം സമൂഹത്തിലെ വിവിധവിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുമാ”യി രേഖാ ശർമ്മ അഭിഭാഷകനും കേരളാ ഹൈക്കോടതിയിലെ കേന്ദ്ര ഗവണ്മെന്റ് കൗൺസലുമായ കൃഷ്ണദാസ് പി നായരെയും തന്നെയും ചേർത്ത് ഒരു രണ്ടംഗക്കമ്മറ്റി പ്രഖ്യാപിച്ചു.
തെളിവുകളില്ലാതെ പ്രസ്താവനകൾ
2017 നവംബർ 6-ന് താൻ ഹാദിയയെ നേരിൽ കണ്ടതായും അവർ സ്വന്തം വീട്ടിൽ ഉപദ്രവങ്ങളൊന്നും അനുഭവിക്കുന്നില്ലെന്നും സുരക്ഷിതയാണെന്നും ശർമ്മ അറിയിച്ചു. അതോടൊപ്പം ബിന്ദു സമ്പത്ത് എന്ന മറ്റൊരു മാതാവിനെയും അവർ സന്ദർശിച്ചിരുന്നു. അവരുടെ മകൾ ഡെന്റിസ്റ്റായ നിമിഷ ഇസ്ലാം മതം സ്വീകരിക്കുകയും തന്റെ ഭർത്താവുമൊത്ത് അഫ്ഘാനിസ്ഥാനിലേക്ക് പോകുകയും ചെയ്തിരുന്നു. ഇത് ഐസിസിൽ ചേരാൻ വേണ്ടിയായിരുന്നു എന്ന വിവരമാണ് ലഭിച്ചത്.
2017 നവംബർ എട്ടിന് ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ ഹാദിയയുടെ കാര്യത്തിൽ ലവ് ജിഹാദ് ഇല്ല എന്ന് ശർമ്മ പ്രസ്താവിച്ചു. എങ്കിലും കേരളത്തിൽ ഹിന്ദു യുവതികളെ പ്രലോഭിപ്പിച്ച് മുസ്ലിം യുവാക്കൾ മതം മാറ്റുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട് എന്നുകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. ഇത് വിദേശഫണ്ട് ഉപയോഗിച്ചായിരിക്കാമെന്നും എന്നാൽ ഇക്കാര്യത്തിൽ കേരളസർക്കാർ ഗൗരവത്തോടെ ഇടപെടുന്നില്ല എന്നും അവർ കുറ്റപ്പെടുത്തി.
മതപരിവർത്തനങ്ങൾക്ക് പിന്തുണകൊടുക്കുന്ന പോപ്പുലർ ഫ്രണ്ട് എന്ന ഇസ്ലാമിക സംഘടനയാണെന്നും അതിന്റെ വനിതാവിഭാഗം നേതാവായ എ എസ് സൈനബയാണ് ഹാദിയയെയും മറ്റുയുവതികളെയും മതം മാറ്റിച്ചതെന്നും അവർ ആരോപിച്ചു. ഇക്കാര്യം സൈനബ നിഷേധിച്ചു. ആർട്ടിക്കിൾ 14 ഹാദിയയുടെ കുടുംബത്തോട് ഫോണിൽ സംസാരിച്ചപ്പോഴും സൈനബക്ക് ഇക്കാര്യത്തിൽ പങ്കില്ല എന്നവർ വ്യക്തമാക്കി. മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്ത് കൂടുതൽ വാർത്തകൾ സൃഷ്ടിക്കേണ്ടതില്ലെന്ന് തങ്ങൾ ഒരുമിച്ചൊരു തീരുമാനമെടുത്തിട്ടുണ്ട് എന്നും ഹാദിയയുടെ കുടുംബം പ്രതികരിക്കുകയുണ്ടായി.
ദേശീയ വനിതാ കമ്മീഷൻ മാത്രമല്ല എൻ ഐ എ അടക്കം പല സർക്കാർ ഏജൻസികളും നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ലവ് ജിഹാദിന് എന്തെങ്കിലും തെളിവുകൾ ലഭ്യമാക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. ഒക്ടോബർ 28 -ന് എൻ ഐ എ യുടെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രസ്താവിച്ചത് ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട വ്യക്തികളോ സ്ഥാപനങ്ങളോ ഒരു പ്രണയബന്ധത്തിൽ ഉൾപ്പെട്ടവരെ മതപരിവർത്തനത്തിന് സഹായിച്ചാൽ അതിൽ നിയമവിരുദ്ധതയോ ഗൂഡാലോചനയോ കാണാൻ കഴിയില്ല എന്നാണ്.
2020 ഫെബ്രുവരി നാലിന് കേന്ദ്രത്തിലെ സംസ്ഥാന ആഭ്യന്തര കാര്യമന്ത്രി ജി.കൃഷ്ണറെഡ്ഢി പറഞ്ഞത് ഒരു അന്വേഷണ ഏജൻസിയും ലവ് ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ്. 2020 ജനുവരിയിൽ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ ചോദ്യത്തിന് ഉത്തരമായി കേരള സർക്കാരും കൊടുത്ത മറുപടി ലവ് ജിഹാദിൽ അടിസ്ഥാനമില്ല എന്നാണ്. “ഹാദിയ കേസിന്റെ വിഷയത്തിലല്ലാതെ അത്തരമൊരു വാക്ക് ഔദ്യോഗിക പരാമർശങ്ങളിൽ വന്നിട്ടില്ലാത്തതും തെളിവുകൾ ഇല്ലാത്തതുമാണ് ” കേരള വനിതാക്കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചു. 2018 -ലെ വിധിയിൽ സുപ്രീം കോടതി ഹാദിയയുടെ വിവാഹത്തിന് സാധൂകരണം നൽകിയപ്പോൾ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തിയിരുന്നു. കേരളാ പോലീസിന്റെ ഇക്കാര്യത്തിലുള്ള കണ്ടെത്തലുകളോടും മാത്രമല്ല മിശ്രവിവാഹത്തിന് അനുകൂലമായി നിൽക്കുന്ന നിലപാടുമാണ് ഞങ്ങളുടേത് ” എം സി ജോസഫൈൻ പറഞ്ഞു.
“ലവ് ജിഹാദ്” കേരളത്തിൽ പ്രചരിച്ചതെങ്ങനെ ?
“യാതൊരു തെളിവുകളുമില്ലാതെ കേരളത്തെ കേന്ദ്രമാക്കി രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഒന്നായി മാറുകയായിരുന്നു ലവ് ജിഹാദ്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.” ഒരു പതിറ്റാണ്ടിലധികം ലവ് ജിഹാദ് സൃഷ്ടിയെയും അതിന്റെ രാഷ്ട്രീയ ബന്ധങ്ങളേയും പിന്തുടർന്ന മലയാളത്തിലെ സ്വതന്ത്ര ന്യൂസ് പോർട്ടൽ ആയ ഡൂൾ ന്യൂസിന്റെ സ്ഥാപക-ഡയറക്ടർ ആയ മുഹമ്മദ് സുഹൈൽ പറഞ്ഞു.
2009 ഒക്ടോബർ 5 -ന് കേരളകൗമുദിയിൽ വടയാർ സുനിൽ എഴുതിയ “പ്രണയക്കുരുക്കുമായി റോമിയോ ജിഹാദുകൾ ” എന്ന ഒരു ലേഖനത്തോടെയാണ് ലവ് ജിഹാദ് എന്ന പ്രയോഗം പ്രചാരത്തിലെത്തിയത്.
രണ്ടുദിവസത്തിനുള്ളിൽത്തന്നെ മലയാളത്തിൽ ഏറ്റവുമധികം സർക്കുലേഷനുള്ള മലയാള മനോരമ ഏകദേശം ഇതിന്റെ പകർപ്പെന്നവണ്ണം ഇന്റലിജൻസിന്റെ ഭാഷ്യവുമായി മറ്റൊരു ലേഖനമിറക്കി. പെൺകുട്ടികളുടെ എണ്ണം നാലായിരത്തിൽ നിന്നും 2009 മുതൽ 2866 വരെ കുറച്ചിരുന്നു. മലയാള മനോരമയുടെ ലേഖനം അവസാനിക്കുമ്പോഴേക്കും കേരളത്തിലെ വലതുപക്ഷ ഹിന്ദു നേതാക്കൾ കേരളത്തിലുടനീളം വാദപ്രതിവാദങ്ങളഴിച്ചുവിടുകയും പോലീസ് അന്വേഷണത്തിനായി ആവശ്യമുയർത്തുകയും ചെയ്തു.
തീവ്ര വലതുപക്ഷത്തുനിന്നും പുറപ്പെട്ട വാക്ക്
ജിഹാദി ഘടകത്തിന്റെ സാന്നിദ്ധ്യമറിയുന്നതിന് അക്കാലത്തു നടന്ന എല്ലാ മിശ്രമത-മിശ്രജാതി വിവാഹങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നുവരെ ബിജെപി ആർ എസ്സ് എസ്സ് നേതാക്കൾ ആവശ്യമുയർത്തി. കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ യോഗം ചേരുകയും പ്രത്യേകിച്ചും യുവതികളെ ഉദ്ദേശിച്ച് ബോധവത്കരണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
ഹിന്ദുവലതുപക്ഷചിന്തയുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഈ പ്രചാരണങ്ങളിൽ പങ്കുണ്ടെന്നും ഇത് കേരളത്തിൽ സാമുദായിക സൗഹാർദ്ദത്തെ തകർക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും മുസ്ലിം സംഘടനകൾ ആരോപിച്ചു. 2011 ലെ സെൻസസ് പ്രകാരം ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 54.7, 26.6, 18.4 ഇങ്ങനെയായിരുന്നു.
കേരളകൗമുദിയുടെയും മലയാളമനോരമയുടെയും ലേഖനങ്ങൾ ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രതിദ്ധ്വനി തന്നെയായിരുന്നു. പൊളിറ്റിക്കൽ സയന്റിസ്റ്റായ ക്രിസ്റ്റോഫ് ജാഫ്രലോട്ട് ജനജാഗ്രതി സമിതിയെ ആർഎസ്എസിന്റെ ഉപകരണമായിത്തന്നെ കാണുന്നു. ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ സജീവമായിട്ടുളള
ഈ സംഘടനയ്ക്ക് 2017 സെപ്റ്റംബർ 5 -ന് ബാംഗളൂരിൽ വെച്ച് ഗൗരീ ലങ്കേഷ് വധിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതരായ സനാതനസംസ്ഥ എന്ന സംഘടനയുമായി ഉറ്റ ബന്ധമാണുള്ളത്.
ജനനജാഗ്രതി സമിതിയാണ് ആദ്യമായി ലവ് ജിഹാദ് എന്ന വാക്ക് പ്രയോഗിച്ചത് എങ്കിലും ഇത് ഭാവനാസൃഷ്ടിയാണെന്ന് താമസിയാതെ ബോധ്യപ്പെട്ടു. 2009 ഒക്ടോബർ 15 നു പുറത്തിറങ്ങിയ ഒരു സമിതീ പ്രസിദ്ധീകരണത്തിൽ മുസ്ലിം യുവാക്കളെ “ലൈംഗീക ചെന്നായ്ക്കൾ” എന്നു വിശേഷിപ്പിക്കുകയും കർണാടകയിൽ 30,000 യുവതികളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളതായി അവകാശപ്പെടുകയും ചെയ്തു. കേരള ഹൈക്കോടതിയുടെ ഒരു വിധിയുടെ ഭാഗത്തെ തെറ്റായി വ്യാഖ്യാനിച്ച് 2006 -2009 കാലഘട്ടത്തിൽ 3000-4000 യുവതികളെ നിർബന്ധപൂർവ്വം മതം മാറ്റിയിട്ടുള്ളതായി അവർ പ്രചരിപ്പിച്ചു. ലവ് ജിഹാദ് എന്ന് പേരുള്ള പാംഫ് ലെറ്റ് 2011 -ൽ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കന്നഡ തുടങ്ങി മറ്റുപല ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഗൂഢാലോചനാ സിദ്ധാന്തത്തിൽ ആധാരിതമായ ഈ കഥകൾക്ക് യാതൊരടിസ്ഥാനവും ഇല്ലാത്തതാണ്.
ഉദാഹരണമായി, ഇന്ത്യൻ സമൂഹത്തിൽ സിനിമയുടെ സ്വാധീനം മനസ്സിലാക്കിക്കൊണ്ട് പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ 1990 മുതൽ ദാവൂദ് ഇബ്രാഹിമിനെ മധ്യവർത്തിയാക്കിക്കൊണ്ട് ലവ് ജിഹാദിനാനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ സിനിമകളിൽ പണമിറക്കുന്നു. സിനിമകളിൽ മുസ്ലിം നായകനും ഹിന്ദു നായികയും വേണമെന്ന് അവർ നിർമ്മാതാക്കളെ നിർബന്ധിക്കുന്നു. സിനിമകളിൽ മുസ്ലിം നായകന്മാരും (ഉദാ: ഇമ്രാൻ ഹാഷ്മി, സെയ്ഫ് അലി ഖാൻ, സൽമാൻ ഖാൻ ) ഹിന്ദു നായികമാരും തമ്മിലുള്ള വൈകാരിക പ്രണയദൃശ്യങ്ങൾ ഹിന്ദു യുവതികളുടെ മനസ്സിൽ പതിയുംവണ്ണം ചിത്രീകരിക്കുകയും അങ്ങനെ വെള്ളിത്തിരയിലെ നായകനെ തന്റെ പ്രദേശത്തുള്ള മുസ്ലിം യുവാക്കളിൽ കാണാൻ ഇടയാക്കുകയും ചെയ്യുന്നു. ഇതിനാൽ മുസ്ലിം യുവാക്കളെ പ്രേമിക്കുന്നതിലോ അവരെ വിവാഹം ചെയ്യുന്നതിലോ അവർ തെറ്റൊന്നും കാണാതിരിക്കുന്നു. .
നേരെ മറിച്ച്, ഒരു സിനിമയിൽ ഹിന്ദു നായകനും മുസ്ലിം നായികയുമായാൽ ആ ചിത്രത്തെ പരാജയപ്പെടുത്താൻ ജിഹാദികൾ ഒരുമിക്കുന്നു. “ബോംബെ” എന്ന ചിത്രം ഇറങ്ങുമ്പോൾ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
2010-ൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിശദമായ അന്വേഷണം നടത്തിയ കേരളാ പോലീസ് ജനജാഗ്രതാസമിതിയും മേൽപ്പറഞ്ഞ രണ്ടു ദിനപത്രങ്ങളും പ്രചരിപ്പിച്ചതുപോലെ ലവ് ജിഹാദോ റോമിയോ ജിഹാദികളോ കേരളത്തിലില്ല എന്ന് കണ്ടെത്തി.
“ഹിന്ദു ജനജാഗ്രതാസമിതി ഉയർത്തിയ ക്ഷോഭം കേരളത്തിൽ പ്രചരിച്ചപ്പോൾത്തന്നെ തുടങ്ങിയ ആ അന്വേഷണത്തിനൊടുവിൽ ആ വാർത്തയ്ക്കുപിന്നിൽ യാതൊരു വാസ്തവവുമില്ല എന്നാണ് കണ്ടെത്തിയത്. പത്രവാർത്തകൾ വ്യാജമായിരുന്നു. ഈ കേസ് അവസാനിപ്പിക്കുമ്പോൾ ഹൈക്കോടതി ജസ്റ്റീസ് എം. ശശിധരൻ നമ്പ്യാർ പ്രസ്താവിച്ചത് സാക്ഷരതാ നിലവാരവും നവോത്ഥാനപാരമ്പര്യവുമുള്ള സംസ്ഥാനമായതിനാൽ കഴിഞ്ഞ കാലങ്ങളിലെല്ലാം കേരളത്തിൽ മിശ്രവിവാഹങ്ങളും സർവ്വസാധാരണമാണ് എന്നാണ്”. ” റിട്ടയേർഡ് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ എൻ. സി. ആസ്ഥാന പറഞ്ഞു.
എന്നിട്ടും ജനജാഗ്രതാസമിതി ഉയർത്തിയ ആവശ്യത്തെ മുൻ നിർത്തിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.
കേരളത്തിൽ ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്ന് ബി ജെപി
2021 ഏപ്രിൽ 6-ന് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലവ് ജിഹാദ് പ്രശ്നം വീണ്ടും രാഷ്ട്രീയ പ്രതിവാദങ്ങളിൽ കുത്തിവെക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി വിജയിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തുവരുമെന്നവകാശപ്പെടുന്ന മുൻ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഇ ശ്രീധരൻ (88) ഫെബ്രുവരിയിൽ എൻഡി ടിവി ക്കു നൽകിയ അഭിമുഖത്തിൽ താൻ ലവ് ജിഹാദിനെ എതിർക്കുന്നു, കാരണം അതിൽപ്പെട്ട ഹിന്ദു യുവതികളുടെ അനുഭവങ്ങൾ താൻ കാണുന്നുണ്ട് എന്ന് പ്രസ്താവിക്കുകയുണ്ടായി. “ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യൻ പെൺകുട്ടികളും വിവാഹത്തിൽ കുടുക്കപ്പെടുന്നുണ്ട്” എന്നും കൂട്ടിച്ചേർത്ത അദ്ദേഹം പിന്നീട് ഈ വിഷയം തുടരുന്നതിൽനിന്നും അകന്നുനിൽക്കുകയാണ്.
എന്നാൽ തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചുകഴിഞ്ഞു. “ഉത്തർപ്രദേശിനേക്കാൾ ലവ് ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ട്. ഹിന്ദുക്കളെക്കാളധികം ക്രിസ്ത്യാനികളാണ് ജിഹാദി പ്രവർത്തനങ്ങൾ മൂലം അനുഭവിക്കുന്നത്. അവരുടെ താത്പര്യങ്ങളും സംരക്ഷിക്കാം ഞങ്ങൾ ബാധ്യസ്ഥരാണ്. സുരേന്ദ്രൻ പറഞ്ഞു.
ഒരു ക്രിസ്തീയസഭ അടുത്തിടെ ലവ് ജിഹാദിനെ വിശേഷിപ്പിച്ചത് തെറ്റായ ഉദ്ദേശ്യം വെച്ചുകൊണ്ടുള്ള മതാന്തരപ്രണയങ്ങൾ എന്നാണ്.
“മുസ്ലിങ്ങളെ ഞങ്ങൾ സഹോദരങ്ങളായി കണക്കാക്കുന്നു. പക്ഷെ അവരിൽ ഒരു ചെറിയവിഭാഗം തീവ്രമാകുകയും ആഗോള ഇസ്ലാമുമായി ബന്ധപ്പെടുത്തപ്പെടുകയും ചെയ്യുന്നു എന്നത് നിരാകരിക്കാൻ കഴിയില്ല. മതേതരപാർട്ടികൾ ഉടനെ അല്ലെങ്കിൽ സമീപകാലത്തെങ്കിലും ഇത് തിരിച്ചറിയുമെന്നും മൗനം വെടിയുമെന്നും ഞാൻ ആശിക്കുന്നു.” കേരളാ കാത്തലിക് ബിഷപ്‌സ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയായ ഫാദർ വള്ളിക്കാട്ട് പറഞ്ഞു.
എന്നാൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും ആർച്ച് ഡയോസിയൻ റിഫോമിസ്റ്റ് ഗ്രൂപ്പും ഈ വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുകയാണ്. ക്രിസ്ത്യൻ യുവതികളെ മതമാറ്റാനായി ഒരു രഹസ്യ പ്രവർത്തനവും ഇവിടെ നടക്കുന്നില്ല എന്നുതന്നെയാണ് അവരുടെ നിലപാട്. അവർ കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ നിലപാടിനെ മൂന്നു അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ മുസ്ലീങ്ങൾ ഒഴികെയുള്ള മൂന്നു മതവിഭാഗങ്ങൾക്കുമാത്രം പ്രവേശനം അനുവദിക്കുന്ന 2019 – ലെ പൗരത്വനിയമഭേദഗതി നിയമവുമായി ബന്ധിപ്പിക്കുന്നു.
തൃശ്ശൂർ ആസ്ഥാനമാക്കിയ കേരളാ ഓർത്തഡോൿസ് സഭയുടെ ബിഷപ്പ് ഡോ. യൂഹനോൻ മാർ മേലേഷ്യസ് ആർട്ടിക്കിൾ 14 നോട് പറഞ്ഞത് ലവ് ജിഹാദ് വാദം നിരർത്ഥകവും ഗൂഢലക്ഷ്യമുള്ള ചിലയാളുകളുടെ താത്പര്യവും ആണെന്നാണ്.
ഈ ലവ് ജിഹാദ് ഗൂഢാലോചനയിൽ മതപരമോ സാമൂഹ്യമോ ആയ യാതൊരു താത്പര്യങ്ങളുമില്ല. ഇത് നമ്മളെ ഭിന്നിപ്പിക്കാനുള്ള വർഗ്ഗീയമായി അജണ്ടയാണ്. ഇത്തരം പ്രചാരണങ്ങളിൽ നിന്നും ക്രിസ്തീയസമൂഹം അകന്നുനിൽക്കണം – ബിഷപ്പ് മെ ലേഷ്യസ്
“യുവജനങ്ങൾക്ക് കൂടുതൽ അടുത്തിഴപഴകാൻ അവസരമുള്ളതിനാലാണ് സർവ്വസാധാരണമായി മിശ്രവിവാഹങ്ങൾ നടക്കുന്നത്. അതിൽ വലിയ തെറ്റൊന്നും കാണാനില്ല ” അദ്ദേഹം പറഞ്ഞു.
ചോയ്‌സ്, പാട്രിയാർക്കി, അതോറിറ്റേറിയൻ രാഷ്ട്രീയം
യുവജനങ്ങളുടെ ഇടപഴകലിനുപരിയായി “ലവ് ജിഹാദ്” വാദമുയരുന്നതിന് മാറുന്ന നാട്ടുവഴക്കങ്ങളോടുള്ള യാഥാസ്ഥിതിക മനസ്സുകളുടെ പ്രതികരണമാണ്. നിരീക്ഷകർ ഇതിനെ കാണുന്നത് സമൂഹ്യമതിൽക്കെട്ടു നിലനിർത്തുകയും പെണ്ണുടലിനു മേലുള്ള അധികാരം പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥയ്ക്ക് മടക്കികൊടുക്കാനുള്ള ത്വരയായിട്ടാണ്. പോലീസ് രേഖകളിൽ ഈ ഉത്കണഠ എല്ലാ സമുദായങ്ങളിലും നിലനിൽക്കുന്നതായി കാണാം.
2019 സെപ്റ്റംബറിൽ ദി വീക്ക് റിപ്പോർട്ട് ചെയ്തത് 2015-ൽ പെൺകുട്ടികൾ പ്രണയത്തിനായി വീടുവിട്ടതു സംബന്ധിച്ച് കേരളാപോലീസ് രജിസ്റ്റർ ചെയ്ത 78 പരാതികളിൽ 35 എണ്ണം ഹിന്ദു രക്ഷിതാക്കളിൽനിന്നും 31 എണ്ണം മുസ്ലിം രക്ഷിതാക്കളിൽ നിന്നും 12 എണ്ണം ക്രിസ്ത്യൻ രക്ഷിതാക്കളിൽ നിന്നുമായിരുന്നു.
അടിസ്ഥാനപരമായി മിശ്രവിവാഹങ്ങൾ പരസ്പരം അംഗീകരിക്കുന്ന മുതിർന്നവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എഴുത്തുകാരിയും അക്കാഡമിക്കുമായ ജെ. ദേവിക ആർട്ടിക്കിൾ 14 നോട് പറഞ്ഞു. ” അത്തരം തെരഞ്ഞെടുപ്പുകളെ വർഗീയവത്കരിക്കുകയും കുറ്റകൃത്യമായി കണക്കാക്കുകയുമാണ് ലവ് ജിഹാദ് വാദം ഉയർത്തിക്കൊണ്ടുവരുന്നതുകൊണ്ടുദ്ദേശിക്കുന്നത്.
“എന്തുതന്നെയായാലും വ്യക്തിസ്വാതന്ത്ര്യത്തെയും പൗരാവകാശത്തെയും സംബന്ധിച്ച ഒരു ചോദ്യത്തിനും ലവ് ജിഹാദ് വിവാദവും നിയമനിർമ്മാണങ്ങളും ഉത്തരം തരുന്നില്ല. പാരമ്പര്യത്തിന്റെ നിയന്ത്രണം, കുടുംബമഹിമ , മതം ഇവയ്‌ക്കെല്ലാമെതിരെയുള്ള കലാപമാണ് പ്രണയം. എല്ലാ മേൽക്കോയ്മയ്ക്കും അവർ ഭീഷണിയാകുന്നു. കുടുംബം, മതം, ഫാസിസം ഇവ തമ്മിലുള്ള ബന്ധം പഠനവിധേയമാക്കേണ്ടതുണ്ട്.”
എഴുത്തുകാരിയും മുതിർന്ന മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ നന്ദിത ഹസ്കർ പറയുന്നു.
ലവ് ജിഹാദ് വാദം ഉയർത്തിക്കൊണ്ടുവരുന്നത് ജാതീയമായ ഉന്നതിയും നീചത്വവും നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് അശോക യൂണിവേഴ്സിറ്റിയിലെ ചരിത്രകാരിയും പ്രൊഫസറുമായ അപർണ്ണ വൈദിക് നിരീക്ഷിക്കുന്നു.
“കേരളത്തിൽപ്പോലും 2.01 % മാത്രമേ മിശ്രവിവാഹം നടക്കുന്നുള്ളു. അതൊരുപക്ഷേ ദേശീയ ശരാശരിക്ക് അല്പം മുകളിലായിരിക്കും. വിദ്യാഭ്യാസം, തൊഴിൽ, മെച്ചപ്പെട്ട ജീവിതം ഇതൊക്കെയാണ് മതത്തിനുപരിയായി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ യുവജനങ്ങൾ പരിഗണിക്കുന്നത്. കേരളത്തിൽ മത-സമുദായഭേദമെന്യേ വിദ്യാഭ്യാസത്തിലാണ് ആളുകളിപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഇക്കാര്യങ്ങൾ പരിഗണിക്കാത്തപക്ഷം മിശ്രവിവാഹങ്ങൾ ദുഷിച്ചതെന്തോ ആണെന്ന് നിങ്ങൾ കരുതും.” പ്രശസ്ത മലയാള സാഹിത്യകാരനും സാമൂഹ്യ വിമർശകനുമായ എം എൻ കാരശ്ശേരി പ്രശ്നത്തെ ഇങ്ങനെ കാണുന്നു.
Read more
സ്വതന്ത്രവിവർത്തനം : സാലിഹ് റാവുത്തർ