നാസി ജർമ്മനിയും മയക്കുമരുന്നും, വംശശുദ്ധി രാഷ്ട്രീയത്തിൻ്റെ ഓപ്പിയം വഴികൾ

കെ. സഹദേവൻ

വിദ്യാര്‍ത്ഥികളിലെയും യുവജനങ്ങളിലെയും മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപ്തി ഇന്ന് കേരളത്തെ ഞെട്ടിച്ചിരിക്കുന്നു.

”സിനിമയാണ് പ്രശ്‌ന”മെന്ന് ഒരു കൂട്ടര്‍. ”വിദ്യാഭ്യാസമാണ് പ്രതി”യെന്ന് മറ്റൊരുകൂട്ടര്‍. ”സാംസ്‌കാരിക മൂല്യച്യുതി”യെന്ന് ഇനിയുമൊരു കൂട്ടര്‍. ”കുടുംബ ബന്ധങ്ങള്‍ ശിഥിലമായതാ”ണെന്ന് മതബോധന വക്താക്കള്‍. പ്രശ്‌നത്തിന്റെ വിവിധ കോണുകളെ തലനാരിഴ കീറിപ്പരിശോധിക്കാന്‍ ആളുകള്‍ തയ്യാറാകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചാണല്ലോ. നല്ലത്.

എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ നിന്ന് മയക്കുമരുന്നുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുവരുന്ന വാര്‍ത്തകളെ ഇതുമായി കൂട്ടിവായിക്കാന്‍ ആരും മെനക്കെടാത്തതെന്ത്? വെറുതെയൊന്ന് ഗൂഗ്ള്‍ ചെയ്തുനോക്കൂ…

2017 മുതല്‍ക്കിങ്ങോട്ടുള്ള കാലത്തെ മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ മാത്രം തിരഞ്ഞാല്‍ മതിയാകും. ഗുജറാത്തിലെ ഹാസിറ, മുണ്ഡ്ര പോര്‍ട്ടുകളില്‍ നിന്ന് സത്യസന്ധരായ ഉദ്യോഗസ്ഥരാല്‍ പിടികൂടപ്പെട്ട മയക്കുമരുന്നുകള്‍ സഹസ്ര കോടികളുടേതാണ്.

പിടികൂടപ്പെട്ടവയുടെ മാത്രം കണക്കുകളാണിത്. പിടികൂടാത്തപ്പെട്ടവയുടെ അളവുകളാണ് സാമൂഹികാസ്വസ്ഥതകളായി ഇന്ന് നമ്മുടെ മുന്നില്‍ കാണുന്നത്. മേല്‍പ്പറഞ്ഞ തുറമുഖങ്ങള്‍ ഗൗതം അദാനിയെന്ന സംഘപരിവാര്‍ ഖജാനസൂക്ഷിപ്പുകാരന്റേതാണെന്ന് കൂടി തിരിച്ചറിയുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ എളുപ്പമാകും.

ഇനി മറ്റൊന്നുകൂടി, വംശശുദ്ധി രാഷ്ട്രീയത്തിനും മയക്കുമരുന്നുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്കൂടി അല്‍പ്പം അറിഞ്ഞിരിക്കുന്നത് നല്ലതാകും.

അതിനായി, നോര്‍മന്‍ ഓല (Norman Ohler) എന്ന ജര്‍മ്മന്‍ എഴുത്തുകാരന്‍ 2017ല്‍ തയ്യാറാക്കിയ Blitzed: Drugs in the Thrid Reich എന്ന പുസ്തകം നിര്‍ദ്ദേശിക്കുകയാണ്.

ധാര്‍മ്മിക വിശുദ്ധിയുടെ പ്രതീകമായി സ്വയം അവതരിപ്പിക്കുന്ന നാസി ഭരണകൂടം, തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനായി, മയക്കുമരുന്നുകളെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. ഫാക്ടറിത്തൊഴിലാളികള്‍ തൊട്ട് വീട്ടമ്മമാരും സൈനികരും ഒക്കെ നാസി ഭരണത്തിന് കീഴില്‍ എങ്ങിനെ മയക്ക്മരുന്നിന്റെ ഉപയോക്താക്കളായി മാറിയെന്ന് പുസ്തകം അടയാളപ്പെടുത്തുന്നു. കൊക്കെയ്‌നും ഓപ്പിയവും പോലുള്ള മയക്കുമരുന്നുകള്‍ക്കൊപ്പം തന്നെ ജര്‍മ്മന്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മെത്താംഫെറ്റാമൈനുകള്‍ പോലുള്ള അത്യന്തം അപകടകാരികളായ മയക്കുമരുന്നുകള്‍ തയ്യാറാക്കിയതിന്റെ സാക്ഷ്യപത്രങ്ങള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നു.

”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ”ന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ചതിനെ നിങ്ങള്‍ക്ക് തള്ളുകയോ കൊള്ളുകയോ ആകാം. എന്നാല്‍ വംശശുദ്ധിയുടെ, വെറുപ്പിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് മയക്കുമരുന്ന് മതവംശശുദ്ധിവാദവും അധികാരവും ഉറപ്പിക്കാനുള്ള ഉപാധിയാണന്ന വസ്തുതയെ തള്ളിക്കളയാനാകില്ല തന്നെ….. തീവ്ര വലതുപക്ഷ രാഷ്ട്രീയം കവര്‍ന്നെടുക്കാന്‍ പോകുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെത്തന്നെയായിരിക്കും.

Read more

പുസ്തകത്തിന്റെ വിശദവായന പിന്നീട്………