സുക്കര്‍ബര്‍ഗില്‍ വിശ്വസിക്കാതെ ആപ്പിള്‍; മെറ്റ എഐ ആപ്പിളിലുണ്ടാകില്ല

മെറ്റയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറാകാതെ ആപ്പിള്‍. ആപ്പിള്‍ ഉപകരണങ്ങളില്‍ മെറ്റ എഐ അനുവദിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മെറ്റ സേവനങ്ങള്‍ സ്വകാര്യ സൂക്ഷിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് ആപ്പിളിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ജനറേറ്റീവ് എഐ ആപ്പിളിന്റെ വിശ്വാസീയത തകര്‍ത്തേക്കുമെന്ന ഭയമാണ് ആപ്പിളിനെ പിന്തിരിപ്പിക്കുന്നത്.

ആപ്പിള്‍ ഉപകരണങ്ങളില്‍ മെറ്റ എഐ ഉള്‍പ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സ്വകാര്യതയുടെ വിഷയത്തില്‍ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കമ്പനികളാണ് മെറ്റയും ആപ്പിളും. അതിനാല്‍ ഇരു കമ്പനികളും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ടെക്ക് പ്രേമികളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

എന്നാല്‍ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് ആപ്പിള്‍ തയ്യാറാകില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതേസമയം സ്വകാര്യതയ്ക്കപ്പുറം ആപ്പിളിന്റെ വിഷന്‍ പ്രോ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റിന് പ്രതിരോധം സൃഷ്ടിക്കുന്ന മെറ്റയുടെ ക്വസ്റ്റ് ഹെഡ്‌സെറ്റും ഇരു കമ്പനികളെയും കരാറില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്.