ഏഴ് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം: അയോദ്ധ്യ കേസ്- നാള്‍വഴികള്‍

ഏഴ് പതിറ്റാണ്ട് നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അയോദ്ധ്യ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന്  വിധി പറയുന്നത്. 1885-ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

അയോദ്ധ്യ കേസിന്‍റെ നാള്‍വഴികളിലൂടെ

1526: മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിലേക്ക് . ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി.

1528: പാനിപ്പത്ത് യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി ബാബറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ കമാന്‍ഡറായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.

1853: അയോദ്ധ്യയിലുണ്ടായ ശ്രീരാമക്ഷേത്രം തകര്‍ത്താണ് മുഗളന്മാര്‍ പള്ളി സ്ഥാപിച്ചതെന്ന് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിര്‍മോഹി അഖാഡ അവകാശപ്പെട്ടു. ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തിന് തുടക്കം

1885 ജനുവരി 29: ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ്. മസ്ജിദിന് പുറത്ത് കൂടാരം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തി ഫാസിയാബാദ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി തള്ളി.

1949 ഓഗസ്റ്റ് 22 : ബാബ്റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. 29-ന് ഭൂമി ജപ്തി ചെയ്ത് മേല്‍നോട്ടത്തിനായി റിസീവറെ നിയമിച്ചു.

1950 ജനുവരി 16: വിഗ്രഹത്തില്‍ പൂജക്കും ആരാധനക്കും വിഗ്രഹം സംരക്ഷിക്കാനും അനുവാദം ആവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ ഹര്‍ജി നല്‍കുന്നു.

1959: ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്യുന്നു.

1961: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്യുന്നു.

1986 ഫെബ്രുവരി1: കേസില്‍ നിര്‍ണായക വഴിത്തിരിവ്. പള്ളി തുറക്കണമെന്നും വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി. ബാബ്റി മസ്ജിദിനുള്ളിലെ വിഗ്രഹം ആരാധിക്കാനായി ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുക്കാന്‍ ജില്ലാകോടതി ഉത്തരവ്.

1989 ഓഗസ്റ്റ് 14: തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

1990 സെപ്റ്റംബര്‍ 25: ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നു.

1992 ഡിസംബര്‍ 6: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം. ഹിന്ദു കര്‍സേവകര്‍ ബാബ്റി മസ്ജിദ് പൊളിക്കുന്നു. ഒരുലക്ഷത്തോളം വരുന്ന കര്‍സേവകര്‍ ആറ് മണിക്കൂര്‍ സമയമെടുത്താണ് ബാബ്റി മസ്ജിദ് തകര്‍ത്തത്.

1993 ജനുവരി 7: ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നു. കേന്ദ്ര നടപടിക്കെതിരെ നിരവധി ഹര്‍ജികള്‍. മുഴുവന്‍ ഹര്‍ജികളും വാദം കേള്‍ക്കലിനായി സുപ്രീം കോടതിയിലേക്ക് മാറ്റി.

1994 ഒക്ടോബര്‍ 24: ഇസ്‍ലാം മതവിശ്വാസമനുസരിച്ച് ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന് ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

2002 ഏപ്രില്‍: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജികളില്‍ അലഹാബാദ് ഹൈക്കോടതി വാദം തുടങ്ങി.

2003 മാര്‍ച്ച് 13: തര്‍ക്ക പ്രദേശത്ത് മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി. ഭൂരെ അസ്‍ലം കേസിലാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്.

2010 സെപ്റ്റംബര്‍30: തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2:1 ഭൂരിപക്ഷത്തോടെ വിധി പ്രസ്താവിച്ചു.

2011 മെയ് 9: ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു

2016 ഫെബ്രുവരി 26: തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിക്കുന്നു.

2017 മാര്‍ച്ച് 21: കേസ് സുപ്രീം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സാദ്ധ്യത തേടണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്‍റെ നിര്‍ദേശം.

2017 ഡിസംബര്‍1: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

2017 ഡിസംബര്‍ 5: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നു.

2018 സെപ്റ്റംബര്‍ 27: അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുതിയതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 29-ലേക്ക് കേസ് മാറ്റി.

2019 ജനുവരി 8: വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് തലവനായ അ‍ഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നു. 10-ന് ജസ്റ്റിസ് യു യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറി.

2019 ജനുവരി 25: യു യു ലളിതിനെ ഒഴിവാക്കി പുതിയ ബെഞ്ച് രൂപീകരിക്കുന്നു.

2019 മാര്‍ച്ച് 8: കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മദ്ധ്യസ്ഥ സമിതിയെ നിയോഗിക്കുന്നു. വിരമിച്ച് ജസ്റ്റിസ് ഖലീഫുല്ല അദ്ധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരെ അംഗങ്ങളായി നിയോഗിച്ചു.

2019 മെയ് 9: മൂന്നംഗ മദ്ധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

2019 മെയ് 10: മദ്ധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15വരെ സമയം നീട്ടി നല്‍കുന്നു.

2019 ജൂലായ് 11: മദ്ധ്യസ്ഥ ശ്രമത്തിന്‍റെ പുരോഗതി സുപ്രീം കോടതി ആരായുന്നു.

2019 ഓഗസ്റ്റ് 1: മദ്ധ്യസ്ഥ ശ്രമം പരാജയപ്പെടുന്നു. മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കുന്നു.

2019 ഓഗസ്റ്റ് 2: തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിക്കുന്നു.

2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തലവനും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

2019 ഒക്ടോബര്‍ 16: നീണ്ട 40 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

Read more

2019 നവംബര്‍ 8: നവംബര്‍ ഒമ്പതിന് രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രീം കോടതി അറിയിപ്പ്.