യാക്കോബായ സഭയുടെ പാരമ്പര്യവും പള്ളികളും സംരക്ഷിക്കാൻ രണ്ടാം കൂനൻകുരിശ് സത്യം ഇന്ന്

യാക്കോബായ സഭയുടെ പള്ളികൾ സംരക്ഷിക്കാൻ രണ്ടാം കൂനൻകുരിശ് സത്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സർക്കുലർ യാക്കോബായ സഭയുടെ പള്ളികളിൽ ഇന്ന് വായിക്കും. യാക്കോബായ വിശാസികൾ പണിത പള്ളികൾ കോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം കയ്യേറുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് മട്ടാഞ്ചേരിയിൽ ചെയ്തതു പോലെ കൂനൻകുരിശ് സമരം നടത്താനാണ് യാക്കോബായ സഭയുടെ തീരുമാനം.

കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയില്‍ ഇന്ന് ഉച്ചയ്ക്കാണ് രണ്ടാം കൂനന്‍കരിശ് സത്യം നടത്തുക. യാക്കോബായ സഭയുടെ കീഴിലുള്ള പള്ളികള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രതിഷേധത്തിനാണ് യാക്കോബായ സഭ തുടക്കമിടുന്നത്. മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിലാണ് രണ്ടാം കൂനൻകുരിശ് സത്യത്തിന് യാക്കോബായ സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.

കൂനൻകുരിശ് സത്യം

കേരള സഭാചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളിലൊന്നായിരുന്നു ‘കൂനന്‍ കുരിശുസത്യമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. 1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിനുമുന്നിലെ കുരിശിൽതൊട്ട് പ്രതിജ്ഞ ചൊല്ലിയതാണ് ഒന്നാം കൂനൻകുരിശ് സത്യം. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച കുർബാനയ്‌ക്കിടയിലാണ് മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്.

മട്ടാഞ്ചേരി പള്ളിയില്‍ കൂടിയ വിശ്വാസികള്‍ കത്തിച്ച തിരികളും വേദപുസ്തകവും കുരിശും പിടിച്ചാണ് പ്രതിജ്ഞയെടുത്തത്. കുരിശിൽ തൊടാനാവത്തവർ കുരിശിൽ വടംകെട്ടി അതിൽപിടിച്ചായിരുന്നു പ്രതിജ്ഞയെടുത്തത്. ഭാരംതാങ്ങാനാവാതെ കുരിശ് അൽപ്പം ചെരിഞ്ഞു. അങ്ങനെയാണ് കൂനൻകുരിശ് സത്യം ചരിത്രത്തിലിടം നേടിയതെന്നും ചരിത്രക്കാരൻമാർ പറയുന്നു.