പ്രജുകുമാറില്‍ നിന്ന് സയനൈഡ് വാങ്ങിയത് അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും നല്‍കിയെന്ന് മാത്യു

പെരുച്ചാഴിയെക്കൊല്ലാനെന്ന് പറഞ്ഞാണ് സുഹൃത്ത് പ്രജികുമാറില്‍ നിന്ന് താന്‍ കോഴിക്കോട് കൂടത്തായി കേസിലെ പ്രതി ജോളിക്ക് സയനൈഡ് വാങ്ങി നല്‍കിയതെന്ന് രണ്ടാംപ്രതി എം.എസ് മാത്യു. അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും പ്രജികുമാറിന് നല്‍കി. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഒരു തവണ മാത്രമാണ് പ്രജികുമാര്‍ സയനൈഡ് നല്‍കിയതെന്നും മാത്യു അന്വേഷസംഘത്തിന് മൊഴി നല്‍കി. നാല് ദിവസം കഴിഞ്ഞ് ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതികരണം.

പ്രജികുമാറിന്റെ ഏറ്റുപറച്ചില്‍ ശരിവയ്ക്കുന്ന മൊഴിയാണ് എം.എസ്.മാത്യുവിന്റേത്. രണ്ട് വട്ടം ചോദിച്ചെങ്കിലും സ്റ്റോക്കില്ലാത്തതിനാല്‍ ഒരു തവണ മാത്രമാണ് സയനൈഡ് കൈമാറിയത്. സ്വര്‍ണ വില്‍പനയില്‍ തുടങ്ങിയ സൗഹൃദമാണ് സയനൈഡ് കൈമാറ്റത്തിലേക്ക് എത്തിച്ചത്.

Read more

പെരുച്ചാഴി കൃഷിനശിപ്പിക്കുന്നതിന് പരിഹാരം കാണാന്‍ വിഷപ്രയോഗം നടത്തണമെന്നായിരുന്നു മാത്യു പറഞ്ഞത്. സയനൈഡിന് അയ്യായിരം രൂപ നല്‍കി. നിര്‍ബന്ധിച്ച് രണ്ട് കുപ്പി മദ്യവും കൈമാറി. സയനൈഡ് ജോളിക്ക് കൈമാറിയ വിവരം പ്രജികുമാറിന് അറിയില്ലായിരുന്നുവെന്നാണ് മാത്യുവിന്റെ മൊഴി.