പാലത്തായി കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി വിധി ശരിവെച്ച് ഹൈക്കോടതി. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസുകളിൽ പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.
പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവിനെതിരെയായിരുന്നു കുട്ടിയുടെ മാതാവ് ഹർജി നല്‍കിയിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രം ചുമത്തി 90-ാം ദിവസം ക്രൈംബ്രാഞ്ച് നൽകിയ ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 16-നാണ് പ്രതിക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു പെൺകുട്ടിയുടെ അമ്മയുടെ വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
Read more
ഹർജിയിൽ ക്രൈം ബ്രാഞ്ച് നിലപാടും ഏറെ ചർച്ച ആയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹിക നീതിവകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു റിപ്പോർട്ട് ആയി നൽകിയത്.