മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

സുപ്രീംകോടതി ഇന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിയുടെ ഹര്‍ജിയില്‍ ഗുജറാത്ത് പൊലീസിട്ട ഒരു എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ കുറിച്ച് ചില കാര്യങ്ങള്‍ ഏവരേയും ഓര്‍മ്മിപ്പിച്ചിരുന്നു. ഭരണഘടന ഉറപ്പാക്കുന്ന ജനാധിപത്യത്തിലെ സ്വാതന്ത്ര്യത്തെ കുറിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം ക്ലാസ് എടുത്തെന്ന് തന്നെ പറയാം. ആര്‍ട്ടിക്കിള്‍ 124-എയ്ക്ക് ശേഷം കോടതി പരാമര്‍ശത്തിലൂടെ ചര്‍ച്ചയാവുകയാണ്‌ ആര്‍ട്ടിക്കിള്‍ 19(2).   രാജ്യമെമ്പാടും മോദി സര്‍ക്കാര്‍ രാജ്യദ്രോഹ കേസില്‍ കുടുക്കി ആളുകളെ ജയിലിലാക്കുന്ന പ്രവണത വര്‍ധിപ്പിച്ചപ്പോള്‍ 2022ല്‍ ഇനി സെഡിഷന്‍ ലോ ഉപയോഗിച്ച് അതായത് ദേശദ്രോഹം ചുമത്തി ആരേയും വിചാരണ ചെയ്യേണ്ടതില്ലെന്ന് സുപ്രിം കോടതി പറയുകയും കൊളോണിയല്‍ കാലത്ത് തുടങ്ങിയ ആര്‍ട്ടിക്കിള്‍ 124(എ) റദ്ദാക്കുകയും ചെയ്തിരുന്നു. അതായത് രാജ്യം ഭരിക്കുന്നവരേയും പാര്‍ട്ടിയേയും കുറിച്ച് ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അത് രാജ്യദ്രോഹമാകില്ലെന്ന താക്കീതായിരുന്നു സുപ്രീം കോടതിയുടെ ആ നീക്കം.

കൊളോണിയല്‍ കാലത്ത് സ്വാതന്ത്ര്യസമരത്തിനിറങ്ങുന്നവരുടെ പ്രസംഗവും എഴുത്തും ലഘുലേഖയും തടയുന്നതിനായി ബ്രിട്ടീഷുകാരും രാജ്ഞിയും ഉപയോഗിച്ചതായിരുന്നു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A. അതായത് തങ്ങള്‍ക്കെതിരെ നാവാടുന്നവരുടെ ശബ്ദം ഉയരാതിരിക്കാന്‍ ചമച്ച വകുപ്പ്. പില്‍ക്കാലത്ത് അതായത് സ്വാതന്ത്രാനന്തര ഇന്ത്യയില്‍ രാജ്യദ്രോഹ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയും ഇതിന്റെ ദുരുപയോഗത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യപ്പെട്ടു. കേദാര്‍ നാഥ് v/s സ്റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസ് 1962ലെ കേസില്‍ 5 അംഗ ബെഞ്ച് ഈ വ്യവസ്ഥ ശരിവയ്ക്കെുകയും സര്‍ക്കാര്‍ ഈ വകുപ്പ് പുനരാലോചിക്കുന്നതുവരെ 124എ വകുപ്പ് താത്കലികമായി നിലനിര്‍ത്തിക്കൊണ്ട് വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ രാജ്യദ്രോഹ കേസുകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ബിജെപി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം 124 (എ) മോദിയ്ക്കും ഭരണത്തിനുമെതിരെ പറയുന്ന എല്ലാവര്‍ക്കുമെതിരെ എടുത്ത് ഉപയോഗിക്കുകയും അത് വ്യാപകമായി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഇത് പോലൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടുണ്ടായിരുന്നില്ല. അതിനാലാണ് 2022ല്‍ സര്‍ക്കാര്‍ ഈ വകുപ്പ് ഇനിയെടുത്ത് പ്രയോഗിക്കേണ്ടെന്ന നിലപാടില്‍ കോടതി അത് റദ്ദ് ചെയ്യുകയും 2023 സെപ്റ്റംബറില്‍, രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതി കുറഞ്ഞത് 5 ജഡ്ജിമാരുടെ ഒരു വലിയ ബെഞ്ചിലേക്ക് റഫര്‍ ചെയ്തു.