ബിജെപിയുടെ ഗവര്‍ണര്‍ പൊളിറ്റിക്‌സിന് സുപ്രീം കോടതിയുടെ നല്ലനടപ്പ് ഉത്തരവ്

ഭരണഘടനയാണ് എല്ലാത്തിനും മീതെ ഈ ജനാധിപത്യ രാജ്യത്തിന്റെ അവസാനവാക്ക് എന്നോര്‍മ്മിപ്പിച്ച് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ വശംകെടുത്തിയ ഒരു പുഴുക്കുത്തലിനെ നിലയ്ക്ക് നിര്‍ത്തിയിരിക്കുകയാണ് സുപ്രീം കോടതി. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഫെഡറലിസത്തെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്തുണ്ടായത്. കേന്ദ്രസര്‍ക്കാര്‍- സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലുകള്‍ പതിവാകുകയും കേന്ദ്രവിഹിതത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിറ്റമ്മ നയം സ്വീകരിച്ച് അവരെ ഞെരുക്കുകയും ചെയ്തത് രാജ്യം കണ്ടതാണ്. അതുപോലൊരു മര്‍ക്കടമുഷ്ടി പ്രയോഗമാണ് ഗവര്‍ണര്‍മാരെ കൊണ്ട് സംസ്ഥാന സര്‍ക്കാരുകളേയും നിയമസഭകളേയും നോക്കുകുത്തിയാക്കാനുള്ള ശ്രമങ്ങള്‍. നിയമസഭ പാസാക്കി വിടുന്ന ബില്ലുകള്‍ക്ക് മേല്‍ അടയിരുന്നു പോര് കോഴികളെ പോലെ സര്‍ക്കാരിന് മേല്‍ കടന്നാക്രമണം നടത്തുന്ന സമ്മര്‍ദ്ദതന്ത്രം പയറ്റിയും മോദിസര്‍ക്കാര്‍ പ്രീണനത്തിനായി ഓടിനടന്ന ഗവര്‍ണര്‍മാര്‍ നിരവധിയാണ്.