രാജ്യത്ത് 13 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം നെഹ്‌റുവിനെ കുറ്റം പറയുന്ന ഒരു പ്രധാനമന്ത്രിയും ഭരണപക്ഷവും വഖഫ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുമ്പോഴും ആ കീഴ്‌വഴക്കം മറന്നില്ല. ഇക്കുറി നെഹ്‌റു രക്ഷപ്പെട്ടു കുറ്റം മുഴുവന്‍ യുപിഎ സര്‍ക്കാരിനാണ്. 2013ല്‍ യുപിഎ സര്‍ക്കാര്‍ 1995ലെ വഖഫ് ബില്ലിന് ഭേദഗതി കൊണ്ടുവന്ന് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയില്ലായിരുന്നെങ്കില്‍ നിലവിലെ ബില്ലിന്റെ ആവശ്യം ഉണ്ടാവുമായിരുന്നില്ലെന്ന കഥയാണ് അമിത് ഷാ തുടക്കമിട്ട് ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞുവെച്ചത്. വിവാദമായ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടത് അനിവാര്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരാണെന്നാണ് ബിജെപി പറഞ്ഞുവെയ്ക്കുന്നത്. 1995 ലെ വഖഫ് നിയമത്തില്‍ കൊണ്ടുവന്ന 2013ലെ ഭേദഗതി വ്യവസ്ഥകള്‍ അതീവ തീവ്രവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അങ്ങേയറ്റം പ്രീണന നടപടിയായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്.
Read more
പിന്നാലെ ബില്ല് അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും ആ വാചകങ്ങള്‍ ഏറ്റു ചൊല്ലി. അങ്ങേയറ്റം പ്രശ്‌നം പിടിച്ചൊരു നിയമം നിങ്ങളുണ്ടാക്കി വെച്ചത് മറ്റ് ചില വ്യവസ്ഥകളിലൂടെ ഞങ്ങള്‍ ലഘൂകരിച്ച് ഏവര്‍ക്കും ഗുണമുള്ളതാക്കുന്നുവെന്നതാണ് വഖഫ് ഭേദഗതി ബില്ലില്‍ ബിജെപി പ്രചരിപ്പിക്കുന്നത്. അന്ന് നിയമം ഭേദഗതി ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നതാണ് ഷായും റിജിജുവും പറഞ്ഞുവെച്ചത്. 2013ല്‍, ഏത് മതത്തില്‍പ്പെട്ടവര്‍ക്കും വഖഫ് രൂപീകരിക്കാമെന്ന തരത്തിലേക്ക് യുപിഎ സര്‍ക്കാര്‍ വഖഫ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നുവെന്നും ഇത് 1995-ലെ യഥാര്‍ത്ഥ നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഷിയ വഖഫ് ബോര്‍ഡില്‍ ഷിയകള്‍ മാത്രമേ ഉണ്ടാകാവൂ എന്നും സുന്നി വഖഫ് ബോര്‍ഡില്‍ സുന്നികള്‍ മാത്രമേ ഉണ്ടാകാവൂ എന്നും വ്യവസ്ഥ ചെയ്യപ്പെട്ടുവെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.