ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിനുണ്ടായ മുന്നേറ്റവും മോദി നയിക്കുന്ന എന്‍ഡിഎയേക്ക് ഏറ്റ തിരിച്ചടിയും സഖ്യകക്ഷികള്‍ക്കുള്ളിലുണ്ടാക്കിയ ആവലാതി ചെറുതല്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയും സഖ്യകക്ഷികളും ഇടറി വീണപ്പോള്‍ 13ല്‍ 10 സീറ്റും പിടിച്ച് ഇന്ത്യ മുന്നണി കരുത്തുകാട്ടി. ഇനിയും സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലാണ്. മഹാരാഷ്ട്രയാണ് ആ തിരഞ്ഞെടുപ്പ് ചൂടിന്റെ കനല്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത്. കാലുവാരിച്ച് രണ്ട് പാര്‍ട്ടികളെ പിളര്‍ത്തി സംസ്ഥാന ഭരണം ചാക്കിട്ടുപിടിച്ച ബിജെപിയ്ക്ക് സഖ്യകക്ഷികളിലുള്ള വിശ്വാസം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നഷ്ടമായി. കാലുവാരി ചാടി വന്നവര്‍ക്ക് വോട്ട് പിടിക്കാനാവില്ലെന്ന് ലോക്‌സഭയില്‍ മഹാരാഷ്ട്രയില്‍ തെളിഞ്ഞതാണ്. ഇതിന് പിന്നാലെ തിരിച്ചു മാതൃ പാര്‍ട്ടിയിലേക്ക് ചാടാനുള്ള എന്‍സിപികാരുടേയും ശിവസേനക്കാരുടേയും നീക്കം മറാത്താ ഭൂമിയില്‍ തുടര്‍കഥയാണ്.
സീനിയര്‍ പവാറിന്റെ പാര്‍ട്ടിയിലേക്ക് എന്‍സിപി അജിത് പവാര്‍ വിഭാഗക്കാരുടെ കുത്തൊഴുക്കാണ്. പലരും മോദിബാഗിലെ ശരദ് പവാറിന്റെ വസതിയിലെത്തി പാര്‍ട്ടിയിലേക്ക് അതായത് എന്‍സിപി ശരദ് പവാറിലേക്ക് തിരികെയെത്താനുള്ള കടുത്തശ്രമത്തിലാണ്. മഹാരാഷ്ട്രയില്‍ പിംപ്രി ചിഞ്ച്വാഡ് ജില്ലയിലെ മുതിര്‍ന്ന നാലു നേതാക്കള്‍ അജിത് പവാര്‍ ക്യാമ്പില്‍ നിന്ന് രാജിവെച്ച് ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാക്കള്‍ മാത്രമല്ല പിന്നാലെ അജിത് ക്യാമ്പിലുള്ള നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതിര്‍ന്ന പവാറാണ് രക്ഷകനെന്ന് കണ്ടു മടങ്ങി തുടങ്ങിയിട്ടുണ്ട്.
എന്‍സിപി ശക്തി കേന്ദ്രമായ പുണെയിലെ പിംപ്രി ചിഞ്ച്വാഡ് ജില്ലാ അധ്യക്ഷന്‍ അജിത് ഗാവ്ഹനെ, എന്‍സിപി വിദ്യാര്‍ഥി വിഭാഗം പ്രസിഡന്റ് യാഷ് സനെ, മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഭോസാല, പങ്കജ് ഭലേക്കര്‍ തുടങ്ങിയവരാണ് അജിത് പവാര്‍ ക്യാമ്പില്‍ നിന്ന് രാജിവെച്ചിറങ്ങി ശരദ് പവാറിനൊപ്പം ചേര്‍ന്നത്. ശരദ് ഘടകത്തിലേക്ക് തിരിച്ചുപോകണമെന്ന മുറവിളി ഉയരുമ്പോള്‍ അജിത് പവാറിനെ പോലൊരു ചതിയനെ ഇനി അനന്തിരവന്‍ എന്ന പേരില്‍ തിരിച്ചെടുക്കരുതെന്നാണ് സീനിയര്‍ പവാര്‍ ക്യാമ്പിലെ അണികളുടെ പ്രതികരണം.
ചാടിപ്പോയി ഉപമുഖ്യമന്ത്രി സ്ഥാനം നേടി കുറച്ചു നാള്‍ ഭരിച്ചെങ്കിലും ഇപ്പോള്‍ നിലനില്‍പ്പിന്റെ പ്രതിസന്ധിയിലാണ് അജിത് പവാര്‍. പിളര്‍ത്തിയെത്തിയവരെ ആര്‍ഭാടത്തോടെ സ്വീകരിച്ച് ആനയിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടി ശിവലേന പിളര്‍ത്തിയെത്തിയ ഏക്‌നാഥ് ഷിന്‍ഡേ ഘടകത്തേയും എന്‍സിപി പിളര്‍ത്തിയെത്തിയ അജിത് പവാര്‍ സംഘത്തേയും നന്നായി തന്നെ ബാധിച്ചിട്ടുണ്ട്. പിളര്‍ത്തി കൊണ്ടുപോയി ചിഹ്നവും സീറ്റുമെല്ലാം ഒപ്പിച്ചെടുത്തിട്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കൂടെ വന്നവരല്ല യഥാര്‍ത്ഥ പാര്‍ട്ടിക്കാരെന്ന് ബിജെപി തിരിച്ചറിഞ്ഞു. ശരദ് പവാറിന്റെ എന്‍സിപിയെ പിളര്‍ത്തി കൊണ്ടുവന്നു ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയ അജിത് പവാര്‍ സംഘത്തിന് ലോക്സഭയില്‍ നേടാനായത് നാല് സീറ്റില്‍ മല്‍സരിച്ചിട്ട് 1 സീറ്റ് മാത്രമാണ്. ശരദ് പവാറിന്റെ എന്‍സിപിയാകട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് മല്‍സരിച്ച 10 സീറ്റില്‍ 8ഉം നേടി. ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 15 ഇടത്ത് മല്‍സരിച്ച് നേടിയത് 7 സീറ്റ് മാത്രമാണ്. 21 ഇടത്ത് മല്‍സരിച്ച ഉദ്ദവ് താക്കറെ 9 സീറ്റ് മാത്രമേ മഹാവികാസ് അഘാഡി സഖ്യത്തില്‍ നേടിയുള്ളുവെങ്കിലും കഴിഞ്ഞ കുറിയേക്കാള്‍ നാല് സീറ്റ് മുകളില്‍ പിടിച്ചു സ്ഥിതി മെച്ചപ്പെടുത്തി.
ഇതിനപ്പുറമാണ് മഹാരാഷ്ട്രയിലെ ബിജെപി സ്ഥിതി. പിളര്‍ത്തി കൂടെ കൂട്ടിയവര്‍ക്കൊപ്പം മല്‍സരിച്ച് സ്വന്തം നിലനില്‍പ്പ് വെട്ടിലാക്കിയെന്നതാണ് അവസ്ഥ. കഴിഞ്ഞ കുറി മഹാരാഷ്ട്രയില്‍ ഭീമനായി നിന്ന ബിജെപിയ്ക്ക് 14 സീറ്റുകളാണ് കൈയ്യില്‍ നിന്ന് പോയത്. 28 ഇടത്ത് മല്‍സരിച്ച ബിജെപി 9ലേക്ക് ചുരൂങ്ങിയപ്പോള്‍ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം കിട്ടിയ കോണ്‍ഗ്രസ് 13 സീറ്റില്‍ വിജയിച്ചു കയറി ഒന്നാമനായി. കാലുവാരിയവരെല്ലാം കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റമ്പിയത് കൂടി കണ്ട ബിജെപി ഉടനെ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷിന്‍ഡേയും അജിത് പവാറിനേയും വല്ലാതെ പരിഗണിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഇതോടെ ഭയാശങ്കയിലായ അജിത് ക്യാമ്പ് ശരദ് പവാറില്‍ അഭയം തേടുകയാണ്.
Read more
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ശരദ് പവാറിനെ പൂണെയിലെ വീട്ടിലെത്തി കണ്ടതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. അമ്മാവനെ വീഴ്ത്താനിറങ്ങിയ അനന്തരവന്‍ പവാര്‍ നേരത്തെ ഭാര്യയെ ശരദ് പവാറിന്റെ മകളായ സുപ്രിയ സുലേയ്‌ക്കെതിരെ മല്‍സരരംഗത്തിറക്കിയിരുന്നു. തോല്‍വിയായിരുന്നു ഫലം. ബരാമതി ലോക്സഭ സീറ്റില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ സുപ്രിയ സുലേ തോല്‍പ്പിച്ചതോടെ ആരാണ് പാര്‍ട്ടി അധിപനെന്നും തെളിഞ്ഞിരുന്നു. എന്‍സിപിയുടെ ശക്തദുര്‍ഗത്തില്‍ ശരദ് പവാര്‍ തന്നെയാണ് പാര്‍ട്ടിയെന്നും ശക്തനെന്നും വെളിവാക്കുന്നതായിരുന്നു സുപ്രിയയുടെ ജയവും സുനേത്രയുടെ പരാജയവും. പിന്നാലെ അജിത് പവാറിന്റെ അനന്തരവന്‍ യുഗേന്ദ്ര പവാറിനെ അജിത് ചതിച്ചു ചാടിപ്പോന്നയിടത്ത് പ്രതിഷ്ഠിച്ച് പുതിയ പാര്‍ട്ടി ചട്ടക്കൂട് ഒരുക്കുകയാണ് മുതിര്‍ന്ന പവാര്‍. നിലവില്‍ ലോക്‌സഭാ സീറ്റായ ബരാമതി കൈയ്യില്‍ നിന്ന് പോയ അജിത് പവാറിന് നിയമസഭയും കയ്യില്‍ നിന്ന് പോകുമോയെന്ന പേടിയുണ്ട്. നിലവിലെ ബരാമതി എംല്‍എയായ അജിതിന് എന്‍സിപി പിളര്‍ത്തിയതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ ഇറക്കുന്ന സ്ഥാനാര്‍ത്ഥി മണ്ഡലം പിടിയ്ക്കുമെന്ന പേടിയുണ്ട്. കാരണം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനയതാണ്. അജിത് പവാറിന്റെ അനന്തിരവന്‍ യുഗേന്ദ്ര പവാറിനേയാകും ശരദ് പവാര്‍ ക്യാമ്പ് ഈ സീറ്റില്‍ മല്‍സരിക്കാനിറക്കുക എന്നതും അജിതിനെ പേടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമ്പിലെ നേതാക്കള്‍ ചാടിപ്പോകുമ്പോള്‍ സുനേത്ര വന്നു സീനിയര്‍ പവാറിനെ കാണുന്നതിന് പിന്നില്‍. മഹാരാഷ്ട്രയിലെ രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. മഹാവികാസ് അഘാഡി നിയമസഭയിലും തിളങ്ങുമെന്ന സൂചനകള്‍ ചതിച്ചു ചാടിപ്പോയവരേയും വലവീശിപ്പിടിച്ചവരേയും മുള്‍മുനയിലാക്കിയിട്ടുണ്ട്.