കഴിഞ്ഞ കുറച്ചു നാളുകളായി അസ്ഥിരതയുടെ മറ്റൊരു പേരായി മാറിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാരും രാഷ്ട്രീയവും. പിളര്‍ത്തിയെടുക്കലും ഒപ്പം ചേരലും കൂട്ടത്തില്‍ കുത്തലും ഒളിവിലെ സന്ദര്‍ശനങ്ങളും പിന്നാലെ അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള നേതാക്കളുടെ പ്രതികരണവുമെല്ലാം മഹാരാഷ്ട്രയില്‍ സ്ഥിരം കാഴ്ചയാവുകയാണ്. എന്‍സിപിയെന്ന പാര്‍ട്ടിയിലെ പിളര്‍പ്പ് ചില്ലറ പൊല്ലാപ്പൊന്നുമല്ല ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉണ്ടാക്കിയത്. അമ്മാവന്‍- അനന്തരവന്‍ രാഷ്ട്രീയത്തില്‍ കൃത്യമായി കളിച്ച് ബിജെപി തങ്ങള്‍ക്ക് ഭീഷണിയായ എന്‍സിപിയെ മുറിച്ചെടുത്ത് ഒരു ഭാഗം സ്വന്തം പക്ഷത്താക്കിയെങ്കിലും പവാര്‍ കുടുംബത്തിന്റെ ചാട്ടം ഇതെങ്ങോട്ടെന്ന് ബിജെപിയടക്കം പലര്‍ക്കും നിശ്ചയമില്ല.
ഉപമുഖ്യമന്ത്രി സ്ഥാനവും ധനകാര്യവകുപ്പുമെല്ലാം കിട്ടിയെങ്കിലും അജിത് പവാറും കൂടെയെത്തിയവരും ഇപ്പോഴും മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ വിമതപക്ഷം പോലാണ്. ശിവസേനയെ പിളര്‍ത്തിയെടുത്ത അതേ ലാഘവത്തോടെ എന്‍സിപിയേയും പിളര്‍ത്തി മഹാരാഷ്ട്രയില്‍ വോട്ട് ബാങ്ക് നല്ല രീതിയില്‍ ഉണ്ടായിരുന്ന രണ്ട് പാര്‍ട്ടികളെ നാലാക്കി വോട്ട് ഭിന്നിപ്പിച്ച ബിജെപി സ്വന്തം സ്ഥാനം സുരക്ഷിതമാക്കിയാണ് മുഖ്യമന്ത്രി കസേര ദാനമായി വിട്ടുനല്‍കിയത്.
എന്നാല്‍ ഇതൊന്നും മനസിലാക്കാതെ സ്വന്തം പാര്‍ട്ടി പിളര്‍ത്തിയെത്തിയ ഏക്‌നാഥ് ഷിന്‍ഡേയും അജിത് പവാറും തമ്മില്‍ നിലനില്‍പ്പിനായുള്ള തമ്മിലടിയാണ്. ബിജെപി തങ്ങളില്‍ ആരെ വരും കാലങ്ങളില്‍ ഒപ്പം നിര്‍ത്തും ആരെ ചവിട്ടി തേയ്ക്കുമെന്നുള്ള പേടി ശിവസേന പിളര്‍ത്തിയെത്തിയവര്‍ക്കും എന്‍സിപി പിളര്‍ത്തിയെത്തിയവര്‍ക്കുമുണ്ട്. മുഖ്യമന്ത്രി ഷിന്‍ഡേയാവട്ടെ അജിത് പവാറുമായി ഒരു വിധേനേയും സഹകരിക്കുന്നില്ല. അജിത് പവാര്‍ കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പില്‍നിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെ മാത്രം തനിക്ക് അയച്ചാല്‍ മതിയെന്ന് ഷിന്‍ഡെ നിര്‍ദ്ദേശം നല്‍കിയതോടെ സര്‍ക്കാരിലെ പടലപ്പിണക്കം പുറംലോകമറിഞ്ഞിരുന്നു. ചട്ടപ്രകാരം ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കുന്ന രീതി മാറ്റിയാണ് ഷിന്‍ഡെ അജിത് പവാറിനെ ഒതുക്കിയത്.
ഇതിന് പിന്നാലെ അജിത് പവാര്‍ നടത്തിയ പരമാര്‍ശങ്ങളും മഹാരാഷ്ട്ര സര്‍ക്കാരില്‍ ശിവസേന- എന്‍സിപി വിഭാഗങ്ങളും തമ്മില്‍ തല്ല് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.
ഇന്ന് എനിക്കു ധനവകുപ്പിന്റെ ചുമതലയാണുള്ളത്. എന്നാല്‍ നാളെ ഈ ചുമതലയുണ്ടാകുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പു പറയാനാകില്ല”.
സഹകരണ വകുപ്പിന്റെ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അജിത് പവാര്‍ ഇത്തരത്തിലൊരു ഡയലോഗ് അടിച്ചത്. ഇതിന് മുമ്പായി തന്നെ അമിത് ഷാ മഹാരാഷ്ട്രയിലെത്തിയപ്പോള്‍ ആ പരിപാടികളില്‍ വിട്ടുനിന്നും അജിത് പവാര്‍ ശ്രദ്ധ നേടിയിരുന്നു. മഹാവികാസ് അഘാടി സര്‍ക്കാരിനെ പിളര്‍ത്തി താഴെയിറക്കി പിളര്‍പ്പിലെ കഷണങ്ങളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കിയ ബിജെപിയ്ക്ക് അന്ന് മുതല്‍ പിളര്‍ത്തിയെടുത്തു കൊണ്ടുവന്നവരെ ഒരുമിപ്പിച്ച് നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകല്‍ തന്നെയായിരുന്നു പിന്നിടിങ്ങോട്ട് ചുമതല. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ് അഘാഡി സര്‍ക്കാരിനെ മറിച്ചിടാന്‍ ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തെ അടര്‍ത്തിയെടുത്ത ബിജെപിയ്ക്ക് ഷിന്‍ഡെ വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടിവന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ ഷിന്‍ഡേയും സംഘവും തഴച്ചുവളര്‍ന്നപ്പോള്‍ നിങ്ങളില്ലെങ്കിലും ഞങ്ങള്‍ ഭരിക്കുമെന്ന് കാണിക്കാന്‍ എന്‍സിപിയെ പിളര്‍ത്തി ഒപ്പം കൊണ്ടുവരികയായിരുന്നു ബിജെപി.
ഷിന്‍ഡെയെയും സംഘത്തെയും ചട്ടം പഠിപ്പിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് അജിത് പവാര്‍ മഹാരാഷ്ട്ര സര്‍ക്കാരിലെത്തിയത്. അജിത് പവാറും കൂട്ടരും എത്തിയതോടെ ഷിന്‍ഡെയുടെ വിശ്വസ്തര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ സ്ഥാനം കിട്ടിയില്ല. പവാറിനേയും കൂട്ടരേയും ഉള്‍പ്പെടുത്താന്‍ വലിയ വിട്ടുവീഴ്ചകള്‍ വേണ്ടിവന്നു. ഷിന്‍ഡെയെ നീക്കി പവാറിനെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന ചര്‍ച്ച പോലും ഉണ്ടായതോടെ അജിത് പവാറും ഷിന്‍ഡേയും തമ്മിലുള്ള പക കൂടി. എന്‍സിപിയ്ക്ക് മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ കിട്ടുന്ന പ്രാധാന്യത്തിന്റെ കൊതിക്കെറുവില്‍ ഉദ്ദവ് താക്കറെയെ പിന്നില്‍ നിന്ന് കുത്തി ബിജെപിയ്‌ക്കൊപ്പമെത്തിയ ഷിന്‍ഡേയ്ക്കും കൂട്ടര്‍ക്കും ബിജെപി സര്‍ക്കാരിന്റെ ഭാഗമായപ്പോഴും എന്‍സിപി തന്നെ ഭീഷണിയായെന്ന് ചുരുക്കം.
ഈ പടലപ്പിണക്കങ്ങള്‍ ഇരുകൂട്ടരും പ്രകടിപ്പിച്ചപ്പോള്‍ ഇടയില്‍പ്പെട്ട് ഞെരുങ്ങിയത് ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപിയുമാണ്. എന്‍സിപി നീക്കങ്ങള്‍ കടുത്ത ആശങ്കയോടെയാണ് ബിജെപി നോക്കി കാണുന്നത്. അതിനിടയിലാണ് അജിത് പവാറിന്റെ നാളെ ഈ സ്ഥാനം ഉണ്ടാകുമോയെന്ന ചോദ്യം രാഷ്ട്രീയ മണ്ഡലത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടിയില്‍നിന്നു വിട്ടുനിന്ന് അഭ്യൂഹങ്ങളുണ്ടാക്കി പിന്നീട് തനിക്ക് ധനവകുപ്പ് ചുമതല നാളെ ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്ന് പറഞ്ഞ് വലിയ രാഷ്ട്രീയ ചര്‍ച്ചയാക്കുന്ന അജിത് പവാറിന്റെ ലക്ഷ്യമെന്തെന്ന ചര്‍ച്ചയും സജീവമാണ്. കാരണം ഈ മാസാദ്യം എന്‍സിപി അതികായനും തന്റെ അമ്മാവനുമായ ശരദ് പവാറുമായി അടച്ചിട്ട മുറികളിലെ അജിത് പവാറിന്റെ മീറ്റിങുകള്‍ പലതും പറയുന്നുണ്ടായിരുന്നു.
തങ്ങള്‍ പിളര്‍ന്നിട്ടില്ലെന്നും അജിത് പവാര്‍ ഇപ്പോഴും തങ്ങളുടെ നേതാവ് തന്നെയെന്നും ശരദ് പവാറും മകള്‍ സുപ്രിയ സുലേയും ആവര്‍ത്തിക്കുന്നത് കേട്ട് കണ്ണ് മിഴിച്ചവരാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെല്ലാവരും. രണ്ടു വള്ളത്തില്‍ ചവിട്ടരുതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം ശരദ് പവാറിനോട് പറയുക പോലുമുണ്ടായി.
ശരദ് പവാര്‍ അനന്തരവനെ ബിജെപി പാളയത്തിലെത്തിച്ച് സുരക്ഷിതനാക്കിയതാണെന്നും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് മകള്‍ സുപ്രിയ സുലേയും എത്തിക്കാനാണ് ഈ പിളര്‍പ്പ് നാടകമെല്ലാമെന്നും പലനാളുകളായി ഉയരുന്ന കഥകളുണ്ട്. അജിത് പവാര്‍ ശരദ് പവാറിനെ കണ്ടത് ബിജെപിയുടെ ഓഫറുകള്‍ നിരത്താനാണെന്നും സംശയിക്കുന്നവരുണ്ട്. അഴിമതി കേസില്‍ ഇഡിയെ ഉപയോഗിച്ച് കുരുക്കിട്ട് മുറുക്കിയാണ് അജിത് പവാറിനെ ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചതെന്നത് പരസ്യമായ രഹസ്യമാണ്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമായ ഇന്ത്യ മുന്നണിയില്‍ ശരദ് പവാര്‍ നില്‍ക്കുമ്പോള്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണ് അനന്തരവന്‍ അജിത് പവാര്‍. പിളര്‍ന്നുവെന്ന് പറഞ്ഞ് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രണ്ട് കൂട്ടരും അപേക്ഷ നല്‍കിയിട്ടുണ്ട്, എന്നിട്ടും അജിത് പവാര്‍ പാര്‍ട്ടി നേതാവാണെന്നും തങ്ങള്‍ക്കിടയില്‍ പിളര്‍പ്പല്ല അഭിപ്രായ ഭിന്നത മാത്രമാണെന്നും സീനിയര്‍ പവാറും മകളും ആവര്‍ത്തിക്കും.
Read more
ഇത്തരത്തില്‍ രണ്ട് പക്ഷത്തും നിന്ന് സ്ഥാനമാനങ്ങള്‍ ഒപ്പിച്ച് ഇരുഭാഗത്തും തങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് എന്‍സിപി. 2024 പൊതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം ജയിച്ചാല്‍ അവര്‍ക്കൊപ്പവും അല്ലെങ്കില്‍ ബിജെപി ജയിച്ചാല്‍ അവര്‍ക്കൊപ്പവുമെന്ന നിലയില്‍ ഇരുഭാഗത്തും എന്‍സിപി ഉണ്ട്. എന്‍സിപിയുടെ രാഷ്ട്രീയ മുതലെടുപ്പാണ് ഇത്തരത്തില്‍ പിളര്‍പ്പ് തന്ത്രത്തിലൂടെ വെളിവാകുന്നത്. മഹാരാഷ്ട്ര സര്‍ക്കാരില്‍ ഷിന്‍ഡേയും തങ്ങളും തമ്മില്‍ തല്ലുണ്ടെന്ന് വ്യക്തമാക്കുന്നതിലൂടെ എന്‍സിപി വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്തുകയാണ് അജിത് പവാര്‍ ലക്ഷ്യമിടുന്നത്. എന്‍സിപിയുടെ ഇരു പക്ഷത്തുമുള്ള സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയാല്‍ വരുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍ക്കാരില്‍ ആര്‍ക്കൊപ്പം നിന്നാലും തങ്ങളുടെ വിലപേശല്‍ ഗംഭീരമാക്കാമെന്നാണ് പവാറുമാരുടെ കണക്കുകൂട്ടല്‍.