ഇക്കുറിയെന്തേ ചെങ്കോലിനെ വണങ്ങാന്‍ മോദി മറന്നുവെന്ന് യാദവ പരിഹാസം!; തടിതപ്പാന്‍ 'ദ്രാവിഡ'രെ ഇറക്കി കുളംകലക്കാന്‍ നോക്കി ബിജെപി

ലോക്‌സഭയില്‍ മോദി കാലത്ത് സ്ഥാനക്കയറ്റം ലഭിച്ച് ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്കടുത്ത് ഇരുപ്പുറച്ച് ചെങ്കോല്‍ ഇന്ന് പ്രതിപക്ഷത്തിന്റെ ചോദ്യമുനകള്‍ക്ക് മുന്നില്‍ ബിജെപിയ്ക്ക് തലവേദനയാവുകയാണ്. ചെങ്കോലുമായി ഭരിക്കാന്‍ ഇത് രാജഭരണ കാലമല്ലെന്നും ജനാധിപത്യമാണെന്നും പാര്‍ലമെന്റില്‍ ചെങ്കോലിന് പകരം ഉണ്ടാവേണ്ടത് ഭരണഘടനയാണെന്നും പ്രതിപക്ഷം ആവര്‍ത്തിക്കുമ്പോള്‍ മിണ്ടാട്ടം മുട്ടുകയാണ് മോദി ഭരണത്തിന്. തിരിച്ചടിയ്ക്കാന്‍ പ്രതിപക്ഷത്തുള്ള ദ്രാവിഡ പാര്‍ട്ടിയെ തമിഴ് വികാരം ഇളക്കി വിട്ടു ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ചെങ്കോല്‍ കയ്യിലേന്തി പാര്‍ലമെന്റില്‍ സ്ഥാപിച്ചു അന്നു വലിയ രീതിയില്‍ ചെങ്കോലിന് മുന്നില്‍ വണങ്ങിയത് തമിഴ് മണ്ണില്‍ ക്ലച്ചുപിടിക്കുമെന്ന് കരുതിയാണ്. എന്നാല്‍ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വലിയ ചലനമുണ്ടാക്കിയില്ലെന്ന് മനസിലായെങ്കിലും ചെങ്കോലിനെതിരെ ഇന്ത്യാ മുന്നണി ശബ്ദം ഉയര്‍ത്തുമ്പോള്‍ ഡിഎംകെയെ ഇറക്കി തമിഴ് വികാരമെന്ന കെണിയില്‍ പ്രതിപക്ഷത്തെ തളര്‍ത്താനുള്ള നീക്കമാണ് പാര്‍ലമെന്റില്‍ ഇന്ന് കണ്ടത്.

ലോക്സഭയില്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ‘ചെങ്കോല്‍’ ഈ പാര്‍ലമെന്റ് സമ്മേളനത്തിലെ ഭരണപക്ഷ പ്രതിപക്ഷ പോരില്‍ നിര്‍ണായകമാണ്. പ്രതിപക്ഷ എംപിമാര്‍ ജനാധിപത്യത്തിലെ ചെങ്കോലിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അനാദരിക്കുകയാണെന്ന് പറഞ്ഞാണ് ബിജെപിയുടെ കടന്നാക്രമണം. ഉത്തര്‍പ്രദേശില്‍ മിന്നുന്ന വിജയം നേടി ബിജെപി അപ്രമാദിത്വം അവസാനിപ്പിച്ച സമാജ്വാദി പാര്‍ട്ടി തന്നെയാണ് ചെങ്കോല്‍ വിഷയം വീണ്ടും സഭയില്‍ ചര്‍ച്ചയാക്കിയത്. സമാജ്‌വാദി പാര്‍ട്ടി (എസ്പി) എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്താണ് അഞ്ചടി നീളമുള്ള കരകൗശല തികവോടെയുള്ള സ്വര്‍ണ്ണം പൂശിയ ചെങ്കോലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും സഭയില്‍ തുടക്കമിട്ടത്. യുപിയിലെ മോഹന്‍ലാല്‍ഗഞ്ചില്‍ നിന്നുള്ള എംപി ‘സെങ്കോള്‍’നു പകരം ഭരണഘടനയുടെ പകര്‍പ്പാണ് ആ സ്ഥാനത്ത് വെയ്‌ക്കേണ്ടതെന്ന് പറഞ്ഞാണ് സ്പീക്കര്‍ക്ക് കത്തയച്ചത്.

ഭരണഘടന അംഗീകാരം നേടിയതോടെയാണ് രാജ്യത്ത് ജനാധിപത്യത്തിന്റെ തുടക്കം കുറിച്ചത്. ഭരണഘടന ജനാധിപത്യത്തിന്റെ പ്രതീകമാണ്. ബിജെപി സര്‍ക്കാര്‍ അവരുടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുടെ കസേരയ്ക്ക് സമീപം ‘സെങ്കോല്‍’ സ്ഥാപിച്ചു. ചെങ്കോല്‍ എന്നര്‍ത്ഥം വരുന്ന തമിഴ് പദമാണ് സെങ്കോള്‍. രാജദണ്ഡ് എന്ന് പറയുന്ന ഇതിന് രാജാവിന്റെ ദണ്ഡ് അഥവാ വടി എന്നും അര്‍ത്ഥമുണ്ട്. രാജാക്കന്മാരുടെ കാലഘട്ടത്തിന് ശേഷം നാം സ്വതന്ത്രരായി കഴിഞ്ഞിട്ട് നാളേറെയായി. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ വോട്ടര്‍മാരായ ഓരോ സ്ത്രീയും പുരുഷനുമാണ് ഈ രാജ്യം ഭരിക്കാന്‍ ആര് വേണമെന്ന് തിരഞ്ഞെടുക്കുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്ത് ഭരണം നടത്തുന്നത് ഭരണഘടനയാണ്, അതോ രാജാവിന്റെ ദണ്ഡ് കൊണ്ടാണോ ഭരണം നടക്കുന്നത്?.

സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച കത്തില്‍ ഭരണഘടനയാണ് ലോക്‌സഭയില്‍ ചെങ്കോലിന് പകരം വെയ്‌ക്കേണ്ടതെന്ന് പറഞ്ഞ മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി ആര്‍കെ ചൗധരി ഇക്കാര്യമെല്ലാം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടും തുറന്നു പറഞ്ഞു. ‘ജനാധിപത്യം സംരക്ഷിക്കാന്‍’ ഭരണഘടനയുടെ പകര്‍പ്പ് ‘ചെങ്കോല്‍’ മാറ്റി അവിടെ സ്ഥാപിക്കണമെന്ന് തുറന്നടിയ്ക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശില്‍ 37 സീറ്റുകള്‍ നേടി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനം നടത്തിയ സമാജ് വാദി പാര്‍ട്ടി തങ്ങളെ തൊപ്പി പാര്‍ട്ടിയെന്ന് വിളിച്ച് വര്‍ഗീയ ധ്രൂവീകരണം നടത്താന്‍ ശ്രമിച്ചവര്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. ഈ ലോക്സഭയിലെ മൂന്നാമത്തെ വലിയ ഒറ്റ കക്ഷിയാണ് സമാജ്വാദി പാര്‍ട്ടി. എസ്പി എംപിയുടെ ചെങ്കോല്‍ പരാമര്‍ശത്തെ പിന്തുണച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ അധികാരത്തിലേറിയപ്പോള്‍ ചെങ്കോലിനെ വണങ്ങാന്‍ മറന്നതെന്തേ എന്ന ചോദ്യവും ഉന്നയിച്ചു. ചെങ്കോല്‍ കൊണ്ടുവന്നു സ്ഥാപിച്ചപ്പോള്‍ മോദി താണുവണങ്ങിയ കാര്യം ഓര്‍മ്മിപ്പിച്ചായിരുന്നു യാദവിന്റെ പരിഹാസം. ഒപ്പം ഇക്കുറി പ്രതിപക്ഷം ഭരണഘടന ഉയര്‍ത്തി നടത്തിയ തിരഞ്ഞെടുപ്പ് പോരില്‍ കേവല ഭൂരിപക്ഷം പോലും നേടാനാകാതെ വീണ ബിജെപിയുടെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഭരണഘടനയെ വണങ്ങി നിന്നതും വലിയ ചര്‍ച്ചയായിരുന്നു.

സെങ്കോള്‍’ സ്ഥാപിച്ചപ്പോള്‍ പ്രധാനമന്ത്രി താണു വണങ്ങി. എന്നാല്‍ ഇത്തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കുമ്പിടാന്‍ അദ്ദേഹം മറന്നു. നമ്മുടെ എംപി അക്കാര്യം പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എംപി ബി മാണിക്കം ടാഗോറും ചെങ്കോലിനെതിരെ ശക്തമായി രംഗത്തുവന്നു. ചെങ്കോല്‍ രാജഭരണ കാലത്തെ പ്രതീകമാണ്. കിരീട ഭരണം എന്നേ കഴിഞ്ഞുവെന്നും നമ്മള്‍ ആഘോഷിക്കേണ്ടത് എന്നും ജനങ്ങളുടെ ജനാധിപത്യവും ഭരണഘടനയുമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ആര്‍ജെഡി എംപിയും ലാലുപ്രസാദ് യാദവിന്റെ മകളുമായ മിസാ ഭാരതിയും പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തെ സ്വാഗതം ചെയ്തു.

മൂന്നാമത്തെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഭരണഘടന ഉയര്‍ത്തിയുള്ള ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം തിരഞ്ഞെടുപ്പില്‍ വലിയ ചലനം സൃഷ്ടിച്ചതിനാല്‍ വലിയ പ്രതിരോധത്തിലാണ് ബിജെപി. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ചെങ്കോല്‍ ആക്രമണം ബിജെപിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷ നേതാക്കള്‍ ഭരണഘടന ഉയര്‍ത്തി ബിജെപിയെ പ്രതിരോധത്തിലാക്കുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരുന്നു. സമ്മേളനത്തിന്റെ ആദ്യ ദിവസം ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ പിടിച്ച് പാര്‍ലമെന്റ് വളപ്പില്‍ പ്രകടനം നടത്തിയതും രാഹുല്‍ ഗാന്ധിയും യാദവും ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യത്തിന്റെ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ കൈവശം വച്ചിരുന്നതും ബിജെപിയ്ക്കുള്ള ശക്തമായ താക്കീതായിരുന്നു.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ തമിഴ് വികാരം ഇളക്കാനുള്ള ശ്രമമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ബിജെപി നേതാക്കള്‍ നടത്തിയത്. സമാജ് വാദി പാര്‍ട്ടി നേരത്തെ രാമചരിതമാനസത്തെ അധിക്ഷേപിച്ചവരാണ്, ഇപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തിന്റെയും ഭാഗമായ ചെങ്കോലിനേയും സമാജ്വാദി പാര്‍ട്ടി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ചെങ്കോലിനെ ഇങ്ങനെ അപമാനിക്കുന്നത് നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ഡിഎംകെ വ്യക്തമാക്കണമെന്ന് കൂടി യോഗി ആദിത്യനാഥ് പറഞ്ഞു.