രഥം ഉരുട്ടി ഉറപ്പിച്ചതിലെ സ്‌നേഹമോ? മോദി-ഷാ ഗിമ്മിക്ക് തിരിച്ചറിഞ്ഞ് 'ഇന്ത്യ'

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സ്ഥാപക നേതാവിനു ഭാരത് രത്‌ന കൊടുക്കാനുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലെന്ത് ചേതോ വികാരമാണ്?. ജനസംഘ കാലത്ത് നിന്ന് ബിജെപി ഉണ്ടാക്കിയതിന്റെ സ്‌നേഹമോ?, അതോ ഉത്തരേന്ത്യയിലൊരു രഥമുരുട്ടി അയോധ്യയെന്നും രാമക്ഷേത്രമെന്നും തര്‍ക്കഭൂമിയെന്നും പറഞ്ഞു ബിജെപിയ്ക്ക് ആജീവനാന്ത വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ ഇന്ത്യയുടെ മതേതരത്വത്തിന് മേല്‍ ആണിയടിച്ചതിന്റെ ബുദ്ധികേന്ദ്രത്തോടുള്ള നന്ദി പ്രകാശനമോ?. അതോ ഭൂരിപക്ഷ സമുദായത്തെ കയ്യിലെടുക്കാന്‍ മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കെട്ടി അസ്ഥിരമായൊരു മാരക കോമ്പോ ഉണ്ടാക്കി കുറുവടിയുമായി സമാധാന ഗോപുരങ്ങളുടെ താഴികകുടങ്ങള്‍ തല്ലിതകര്‍ത്ത് വെറുപ്പിന്റെ പാതതുറന്നു നല്‍കി സുവര്‍ണാവസരമൊരുക്കിയതിനോ?…

ഇതെല്ലാം അവിടങ്ങനെ നില്‍ക്കുമ്പോഴും തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ ഈ ഭാരത രത്‌നയുടെ ലക്ഷ്യം വോട്ടാണെന്ന് ഉറപ്പിച്ചു പറയുകയാണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ ഭാഗമായ അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത് അമിത് ഷായും നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാത്തിരുന്ന് നടത്തിയ ഈ പ്രഖ്യാപനത്തിന് പിന്നില്‍ പാര്‍ട്ടി വോട്ട് ബാങ്കാണെന്ന്. ബിജെപിയ്ക്കുള്ളില്‍ അസ്വസ്ഥതയോടെ ഉണര്‍ന്നിരിക്കുന്ന ഒരു വിഭാഗത്തിന് പഴയ നേതാക്കളെ മിണ്ടാതെ സൈഡിലൊതുക്കിയ മോദി -ഷാ തന്ത്രത്തില്‍ ചെറുതല്ലാത്ത അമര്‍ഷമുണ്ടെന്നാണ് പിന്നാമ്പുറ കഥകള്‍.

എന്തായാലും എസ്പി അധ്യക്ഷന്‍ പറയുന്നത് ബിജെപി വോട്ട് ചിതറാതിരിക്കാനാണ് അദ്വാനിക്കായി ഇത്തരത്തിലൊരു അംഗീകാരത്തിന് മോദിയും അമിത് ഷായും തയ്യാറായതെന്നാണ്. ബിജെപി ദേശീയ അധ്യക്ഷനായി ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടിയെ നയിച്ച എല്‍കെ അദ്വാനിയെ ആദരിക്കാന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന വര്‍ഷം തിരഞ്ഞെടുത്തതിന് പിന്നില്‍ ബിജെപിയുടെ കോര്‍ വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്തുക എന്ന തന്ത്രമാണത്രേ. ബിജെപിയുടെ വോട്ട് ചിതറാതിരിക്കാനുളള മോദി- ഷാ ടീമിന്റെ ഗിമ്മിക്കാണ് അദ്വാനിക്കൊരു ഭാരത് രത്‌നയ്ക്ക് പിന്നിലെന്ന് തുറന്നടിക്കുകയാണ് മുന്‍ യുപി മുഖ്യമന്ത്രി.

ഉത്തര്‍പ്രദേശിലെ ബല്‍രാംപൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടിയെ കുറിച്ച് അഖിലേഷ് യാദവ് തുറന്നടിച്ചത്.

തങ്ങളുടെ വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാന്‍ കേന്ദ്രത്തില്‍ ഭരണകാലം അവസാനിക്കുന്നതിന് മുമ്പാണ് ബിജെപി ഈ ബഹുമതി മുതിര്‍ന്ന നേതാവിന് നല്‍കിയിരിക്കുന്നത്. ഈ ഭാരതരത്ന നല്‍കുന്നത് വോട്ടുകള്‍ ഏകീകരിക്കാനാണ്, അത് ബഹുമാനം കൊണ്ടല്ല നല്‍കുന്നത്.

Read more

ബിജെപി ഇത്തരത്തില്‍ വോട്ട് സമീകരിക്കാന്‍ ഓരോരോ അടവായി പുറത്തിറക്കുമ്പോള്‍ പ്രതിപക്ഷമായ ഇന്ത്യ മുന്നണി സീറ്റ് വിഭജനത്തില്‍ ഏതാണ്ട് സമവായമുണ്ടാക്കിയതായാണ് അഖിലേഷ് യാദവ് പറയുന്നത്. സീറ്റ് വിഭജനത്തിന്റെ അടിസ്ഥാന മാനദണ്ഡം വിജയിച്ച സീറ്റ് എന്നതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. താന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ചിട്ടുണ്ടെന്നും സീറ്റ് വിഭജനത്തില്‍ ആശയക്കുഴപ്പമില്ലെന്നും അഖിലേഷ് യാദവ് പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടയിലുണ്ടായ നിതീഷ് കുമാറിന്റെ എന്‍ഡിഎ ചാട്ടവും മുന്നണിയ്ക്കുള്ളില്‍ മമതയും അഖിലേഷും അടക്കം തുറന്നുപ്രകടിപ്പിച്ച അസ്വാരസ്യങ്ങള്‍ക്കും ഒടുക്കം ഇന്ത്യ മുന്നണി ബിജെപിയ്‌ക്കെതിരെ ഒന്നിച്ച് തന്നെ പോരാടുമെന്ന ഉറപ്പാണ് എസ്പി അധ്യക്ഷന്റെ വാക്കുകളിലുള്ളത്.