ഉത്തര്‍പ്രദേശിലെ പ്രയാഗരാജിലെ മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ കണക്കുകള്‍ മൂടിവെയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ കടുത്തഭാഷയില്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മതത്തിന്റെ പേരില്‍ കടന്നാക്രമിച്ച് ബിജെപി. മമതയുടെ ‘മൃത്യുകുംഭ്’ എന്ന മരണ കുംഭമേള പ്രയോഗത്തെ മതവിശ്വാസത്തെ ഹനിച്ചുവെന്ന് പറഞ്ഞാണ് ബിജെപി തിരിച്ചാക്രമിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മമത ബാനര്‍ജിയുടെ പ്രതികരണം പുണ്യസ്‌നാനത്തിന് ഇറങ്ങിയ 56 കോടി വിശ്വാസികളെ അവമതിക്കുന്നതാണെന്ന് പറഞ്ഞത്.
ബിജെപിയുടെ സര്‍ക്കാരുകളുടെ പിടിപ്പുകേടും റെയില്‍വെയുടെ പിടിപ്പുകേടുമടക്കം മഹാകുംഭമേളയുടെ നടത്തിപ്പിലുണ്ടായ അലംഭാവം ചൂണ്ടിക്കാണിക്കുമ്പോഴാണ് ഇത് വിശ്വാസികളെ അപമാനിക്കലാണെന്ന തരത്തിലുള്ള ബിജെപി ന്യായീകരണം. തങ്ങളുടെ സര്‍ക്കാരിനും പ്രധാനമന്ത്രിയ്ക്കുമെതിരെ എന്ത് വിമര്‍ശനമുണ്ടായാലും മതവിശ്വാസത്തേയും ദൈവത്തേയുമാണ് അവര്‍ പഴിക്കുന്നതെന്ന് പറഞ്ഞു കാര്യങ്ങള്‍ തിരിച്ചുവിടുന്ന സ്ഥിരം തന്ത്രമാണ് ഇക്കുറിയും ബിജെപി പയറ്റുന്നത്.
മമതയുടെ കളി വിശ്വാസികളോടാണെന്ന് പറഞ്ഞാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തടുക്കാന്‍ ശ്രമിക്കുന്നത്. മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് സ്ഥിരം മതവികാര അടവുമായി ബിജെപിയുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതികരണം നടത്തുന്നത്. മനുഷ്യ മലവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് വിശ്വാസികള്‍ പുണ്യസ്‌നാനത്തിന് ഇറങ്ങുന്ന ഗംഗ നദിയില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്രയും മാലിന്യം നിറഞ്ഞ ഇടത്താണ് കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേര്‍ പുണ്യസ്നാനം നടത്തിയത്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പില്‍ വന്‍ കെടുകാര്യസ്ഥതയാണ് ഉണ്ടായതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത്. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മഹാ കുംഭ്’, ‘മൃത്യു കുംഭ്’ ആയിമാറിയെന്നും മമത കടുത്ത ഭാഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകളായ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചു ബംഗാള്‍ നിയമസഭയിലാണ് മമത മൃത്യുകുംഭ് പ്രയോഗം നടത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും ബംഗാള്‍ മുഖ്യമന്ത്രിയ്ക്കുണ്ട്. മരണസംഖ്യ കുറച്ചുകാണിക്കാന്‍ വേണ്ടിയാണ് ബിജെപി മൃതദേഹങ്ങള്‍ മാറ്റിയതെന്നാണ് തൃണമൂല്‍ നേതാവ് പറയുന്നത്. ബി.ജെ.പിയുടെ ഭരണത്തില്‍ മഹാ കുംഭ് മൃത്യുകുംഭായി മാറിയെന്നും മമത ബാനര്‍ജി പറഞ്ഞു. ആസൂത്രണ പരാജയത്തെ കുറിച്ച് മമതയുടെ ബിജെപിയോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു.
മഹാകുംഭമേളയേയും പുണ്യ നദിയായ ഗംഗാനദിയേയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ യാതൊരു ആസൂത്രണവുമില്ലാതെയാണ് കുംഭമേള യുപിയില്‍ നടക്കുന്നത്. വിഐപികളായവര്‍ക്കും പണക്കാര്‍ക്കും ഒരുലക്ഷം രൂപവരെ നല്‍കിയാല്‍ ടെന്റുകള്‍ ലഭിക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍ പാവപ്പെട്ടവര്‍ക്കായി കുംഭമേളയില്‍ യാതൊന്നും ഒരുക്കിയിട്ടില്ല. ഇത്തരം മേളകളില്‍ തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യം സാധാരമാണെന്നിരിക്കെ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് സുപ്രധാനമാണ്. എന്ത് ആസൂത്രണമാണ് നിങ്ങള്‍ നടത്തിയത്?
ഈ ആക്ഷേപങ്ങള്‍ക്കാണ് ഇവയെല്ലാം അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പുണ്യ സ്‌നാനം നടത്തിയ 56 കോടി വിശ്വാസികളുടെ വിശ്വാസത്തോടാണ് മമതയുടെ കളിയെന്നും യോഗി ആദിത്യനാഥ് പറയുന്നത്. പക്ഷേ ബിജെപിയുടെ ഈ മതധ്രുവീകരണ രാഷ്ട്രീയത്തെ വെള്ളം തൊടാതെ വിഴുങ്ങുന്നവരല്ല ഹിന്ദുസമൂഹത്തിലെ എല്ലാവരുമെന്ന്് പറയാതെ പറയുകയാണ് ശങ്കരാചാര്യന്മാര്‍. ഉത്തരാഖണ്ഡിലെ ജ്യോതിഷ്പീഠത്തിലെ ശങ്കാരാചാര്യര്‍ അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് മമത ബാനര്‍ജി പറഞ്ഞത് പോലെ ആസൂത്രണ പിഴവിനെ ചൂണ്ടിക്കാണിച്ച ഹിന്ദു ആചാര്യന്‍. ജഗത്ഗുരു എന്ന് വിളിക്കുന്ന അവിമുക്തേശ്വരാനന്ദ് സരസ്വതി രണ്ട് സര്‍ക്കാരുകളും ഭരിക്കുന്ന ബിജെപിയോട് ചോദിക്കുന്നത് ഇതാണ്.
300 കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി. ഇത് കെടുകാര്യസ്ഥതയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? ആളുകള്‍ക്ക് അവരുടെ ലഗേജുമായി 25-30 കിലോമീറ്റര്‍ നടക്കേണ്ടി വന്നു. കുളിക്കാന്‍ വരുന്ന വെള്ളം മലിനജലവുമായി കൂടി കലര്‍ന്നതാണ്, അത് കുളിക്കാന്‍ യോഗ്യമല്ലെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു, എന്നിട്ടും കോടിക്കണക്കിന് ആളുകളെ അതില്‍ കുളിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണ്. നിങ്ങളുടെ ജോലി ഒന്നുകില്‍ കുറച്ച് ദിവസത്തേക്ക് ഓടകള്‍ തടഞ്ഞു നിര്‍ത്തുക അല്ലെങ്കില്‍ ആളുകള്‍ക്ക് കുളിക്കുമ്പോള്‍ ശുദ്ധജലം ലഭിക്കാന്‍ വഴിതിരിച്ചുവിടുക എന്നതായിരുന്നു. 12 വര്‍ഷത്തിന് ശേഷം മഹാ കുംഭം വരുമെന്ന് നിങ്ങള്‍ക്ക് 12 വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നതാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഒരു ശ്രമവും നടത്താത്തത്? . ഇത്രയധികം ആളുകള്‍ വരുമെന്നും സ്ഥലപരിമിതി ഉണ്ടാകുമെന്നും അത് പരിഹരിക്കാന്‍ വേണ്ടി ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അതിനൊരു പ്ലാന്‍ ഉണ്ടാക്കണമായിരുന്നു… നിങ്ങളത് ആസൂത്രണം ചെയ്തില്ല… കള്ളപ്രചാരണം നടത്തുക മാത്രമാണ് ചെയ്തത്. 144 വര്‍ഷത്തെ കഥകള്‍ തന്നെ കള്ളമാണ്… ആള്‍ക്കൂട്ട പരിപാലനവും ആതിഥ്യ മര്യാദയും പാലിച്ചില്ല… ആളുകള്‍ മരിച്ചപ്പോഴും മറച്ചുപിടിക്കാന്‍ ശ്രമിച്ചത് കൊടും കുറ്റമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും പേരിട്ട് വിളിച്ചാല്‍ നിങ്ങള്‍ക്ക് അതിനെ വിമര്‍ശിക്കാന്‍ കഴിയില്ല.
Read more