'മോദി 3.0'ല്‍ സഖ്യകക്ഷികള്‍ പിടിമുറുക്കുമോ? ബിജെപിയ്ക്കുള്ളിലെ പഴിചാരല്‍ എങ്ങോട്ട്; ഉള്ളില്‍ തമ്മിലടി തുടങ്ങി, പാര്‍ട്ടിയിലും തൂക്കുമന്ത്രിസഭയിലും ഇനി കണ്ണുരുട്ടല്‍ നടപ്പില്ല!

പണ്ടത്തേ പോലെ കണ്ണുരുട്ടി പേടിപ്പിച്ച് നിര്‍ത്താന്‍ പറ്റാത്ത നിലയില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോള്‍ അനുരഞ്ജനത്തിന്റെ പുത്തന്‍ ചിരിയുമായാണ് ‘മോദി ഗ്യാരന്റി’ സഖ്യകക്ഷികള്‍ക്ക് മുന്നില്‍ നിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എന്‍ഡിഎ യോഗത്തിലെ ഭവ്യതയും ചന്ദ്രബാബു നായിഡുവിനോടും നിതീഷ് കുമാറിനോടും കാണിച്ച പ്രത്യേക സ്‌നേഹ പ്രകടനങ്ങളും മോദി 3.0യുടെ മുഖം വ്യക്തമാക്കുന്നുണ്ട്. തൂക്ക് മന്ത്രിസഭയില്‍ പഴയ പ്രതാപമില്ലാതെ പ്രധാനമന്ത്രി മോദി മറ്റുള്ള പാര്‍ട്ടിക്കാരുടെ അഭിപ്രായം മാനിക്കേണ്ടി വരും ഇനി. പാര്‍ലമെന്റില്‍ പരിഹസിച്ച് ഒതുക്കി നിര്‍ത്തി ബെഞ്ചില്‍ ആളില്ലാതെ പാസാക്കിയ ബില്ലുകള്‍ ഇനിയും നടപ്പില്ല. പാര്‍ട്ടിയ്ക്കുള്ളില്‍ പഴയ പോലെ അപ്രമാദിത്വം ഗുജറാത്ത് ഗ്യാങിന് ലഭിക്കില്ലെന്ന് ഉറപ്പാക്കുന്ന മുറുമുറുപ്പ് പലയിടങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. തോല്‍വിയില്‍ പലര്‍ക്കും വലിയ അതൃപ്തി ഉണ്ടായതിനാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വിമര്‍ശന സ്വരങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ ജൂണ്‍ നാലിന്റെ ഫലം വരുമ്പോള്‍ ബിജെപി പിളര്‍ന്ന് തുടങ്ങുമെന്ന് നേരത്തെ ശിവസേനയുടെ ഉദ്ദവ് താക്കറെ പറഞ്ഞത് വിശ്വാസ വഞ്ചന കാണിച്ച് ബിജെപിയ്ക്ക് ഒപ്പം കൂടിയവരുടെ തനിനിറം തിരിച്ചറിഞ്ഞോളു എന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി തുടങ്ങി കഴിഞ്ഞു. വലിയ ആരവമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ നരേന്ദ്ര മോദി ഇറങ്ങി പ്രചാരണം നയിച്ച തമിഴ്‌നാട്ടില്‍ സംപൂജ്യരായതിന്റെ രോഷം പാര്‍ട്ടിയ്ക്കുള്ളില്‍ പുകയുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയ്‌ക്കെതിരെ വിടരും മുമ്പേ കൊഴിഞ്ഞ താമരയുടെ പേരില്‍ തമിഴ്‌നാട് ബിജെപിയില്‍ തമ്മിലടി തുടങ്ങി.
പാര്‍ട്ടി സാധ്യതയുള്ള സീറ്റുകള്‍ വരെ അണ്ണാമലൈയുടെ ആസൂത്രണമില്ലായ്മയില്‍ നഷ്ടപ്പെടുത്തിയെന്നാണ് തമിഴ്നാട് ബിജെപിയുടെ മുന്‍ അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ രംഗത്തെത്തിയത്. എഐഎഡിഎംകെ-ബിജെപി സഖ്യം ശക്തമായിരുന്നെങ്കില്‍ മുപ്പതോളം സീറ്റുകള്‍ നേടാനാകുമായിരുന്നുവെന്ന മുന്‍ എഐഎഡിഎംകെ മന്ത്രി എസ് പി വേലുമണിയുടെ അഭിപ്രായത്തെ തമിഴിസൈ പിന്തുണച്ചതോടെ തമിഴ്‌നാട്ടിലെ ബിജെപിയില്‍ അടി കനത്തു.

ഇതിനിടയില്‍ മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശവും പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണത്തിന് ജനങ്ങള്‍ മേല്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെയുള്ള എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് നല്‍കിയതെന്ന് വെങ്കയ്യ നായിഡു പറഞ്ഞത് പാര്‍ട്ടി നേതൃത്വത്തെ ഉന്നംവെച്ചാണ്. ഇനിയെങ്കിലും ജനങ്ങളുടെ സന്ദേശത്തെ മനസിലാക്കൂവെന്ന മുനയും നായിഡുവിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ മഹാത്മാഗാന്ധിയും അംബേദ്കറും നടത്തിയ ശ്രമങ്ങള്‍ക്കാണ് മനസില്‍ മുഖ്യപരിഗണന ഉണ്ടാകേണ്ടതെന്ന ബിജെപി നേതാവിന്റെ പരാമര്‍ശവും പലര്‍ക്കും കൊള്ളേണ്ടതാണ്.

ഉത്തര്‍പ്രദേശിലെ ബിജെപിയ്ക്കുള്ളില്‍ മാത്രമല്ല ദേശീയ നേതൃത്വത്തിലുള്ള പലര്‍ക്കും മോദി- ഷാ അപ്രമാദിത്വം ഇല്ലാതായതിന്റെ ആനന്ദമുണ്ട്. ബിജെപിയ്ക്കുള്ളില്‍ മറുത്തൊരക്ഷരം പറയാതെ ഒതുങ്ങി പോകേണ്ടിവന്ന പല മുതിര്‍ന്ന നേതാക്കളും അവസരം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. ഗുജറാത്ത് ഗ്യാങിനെതിരെ ആര്‍എസ്എസിനുള്ളിലുണ്ടായ അതൃപ്തിയും മറനീക്കി പുറത്തുവരാന്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി കാരണമായിട്ടുണ്ട്. ഇനി കേന്ദ്രമന്ത്രിസഭയില്‍ സഖ്യകക്ഷികളുടെ ഡിമാന്‍ഡ് അംഗീകരിക്കപ്പെടുമ്പോഴാണ് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ അതൃപ്തികള്‍ പുകയുക. നിതീഷ് കുമാറിന്റേയും ചന്ദ്രബാബു നായിഡുവിന്റേയും ഉള്‍പ്പെടുത്തലോടെ എത്ര മന്ത്രിസ്ഥാനവും വകുപ്പും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയ്ക്ക് കൈമോശം വരുമെന്ന് നാളെ മോദി 3.0 സത്യപ്രതിജ്ഞയോടെ വ്യക്തമാകും. വകുപ്പുകളുടെ പ്രാധാന്യവും വിതരണവും പാര്‍ട്ടയ്ക്കുള്ളില്‍ മുറുമുറുപ്പിന് വഴിവെയ്ക്കാനുള്ള സാധ്യതയുമുണ്ട്.

നിതീഷിന്റെ ജെഡിയുവിന് രണ്ട് ക്യാബിനെറ്റ് മന്ത്രിമാരെ നല്‍കാന്‍ ധാരണയായതായാണ് പുറത്തുവരുന്ന വിവരം. 7 എംപിമാരുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗവും 5 എംപിമാരുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ ആരാഞ്ഞിട്ടുണ്ട്. 240 സീറ്റുകളുള്ള ബിജെപിയ്ക്ക് കേവലഭൂരിപക്ഷത്തിന് 32 സീറ്റാണ് കുറവ്. ഇവരെയൊന്നും തൃപ്തിപ്പെടുത്താതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥ.

ഇവരെ പിണക്കാതെ മുന്നോട്ട് പോകുന്നതിനൊപ്പം ബിജെപിയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയ വന്നവരും നിന്നവരും തമ്മിലുള്ള പോരും പാര്‍ട്ടിയ്ക്ക് തലവേദനയാകും. പല പാര്‍ട്ടികളില്‍ നിന്നും ചാടി ബിജെപിക്കാരായവരും കാലാകാലങ്ങളായി പാര്‍ട്ടിയിലുള്ളവരും തമ്മില്‍ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തില്‍ തന്നെ പ്രശ്‌നത്തിലായിരുന്നു. ഇനി ജയിച്ചു കയറിയവരില്‍ വന്നവര്‍ക്കാണോ നിന്നവര്‍ക്കാണോ കൂടുതല്‍ സ്ഥാനമാനങ്ങള്‍ എന്നത് വ്യക്തമായാല്‍ അടുത്ത പോരിന് കളമൊരുങ്ങും. ഒപ്പം മോദി- ഷാ അപ്രമാദിത്വത്തിനെതിരെ യോഗി ആദിത്യനാഥിന്റേയും രാജ്‌നാഥ് സിങിന്റേയും നിധിന്‍ ഗഡ്കരിയുടേയും വസുന്ധര രാജെ സിന്ധ്യയുടേയും എല്ലാം കാര്‍മ്മികത്വത്തില്‍ ഉയരുന്ന പാര്‍ട്ടിയ്ക്കുള്ളിലെ പ്രത്യേക ഘടകവും കാര്യങ്ങള്‍ ഏകപക്ഷീയമായി നീങ്ങാന്‍ അനുവദിക്കില്ലെന്നതും വ്യക്തമാണ്. വരും ദിനങ്ങളില്‍ അനുരഞ്ജനത്തിന്റെ മുഖംമൂടിയുമായി ചിരിച്ചു നില്‍ക്കുന്ന മോദിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം ചുരുങ്ങുകയും വികസിയ്ക്കുകയും ചെയ്യുമെന്നത് വ്യക്തമാണ്.

Read more