എതിരാളികളില്ലാതെ ജയവും പ്രാവര്‍ത്തികമാക്കി തുടങ്ങി ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കിയതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക കൂടി പിന്‍വലിച്ചതോടെ മോദിയുടെ ഗുജറാത്തില്‍ ഒരു സീറ്റില്‍ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പേ ജയം ഉറപ്പാക്കി. സൂററ്റിലാണ് ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തിലെ ബിജെപി അധ്യക്ഷന്‍ സി ആര് പട്ടീല്‍ സൂററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിന്റെ എതിരാളി ഇല്ലാതെ ഉറപ്പായ വിജയത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂററ്റ് ആദ്യ താമര സമ്മാനമായി നല്കിയിരിക്കുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുടുപ്പ് മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. വോട്ടെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. അതില്‍ ആദ്യ ഘട്ടം മാത്രം കഴിഞ്ഞപ്പോള്‍ തന്നെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. സൂററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ പത്രിക ഞായറാഴ്ച വരണാധികാരി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചവരുടെ ഒപ്പില്‍ പൊരുത്തക്കേട് ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ സൗരഭ് പര്‍ഗി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പത്രിക തള്ളിയത്. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതോടെ സൂററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മല്‍സരിക്കാനാവാതെയായി. ഡമ്മി സ്ഥാനാര്‍ത്ഥിയ്ക്കും ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്തവരുടെ പിന്മാറ്റം മൂലം മല്‍സരിക്കാനാകാതെ വന്നു.
പക്ഷേ ബിഎസ്പി അടക്കം സ്വതന്ത്രന്മാരും സൂററ്റില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പത്രിക നല്‍കിയിരുന്നു. ഇവര്‍ ഒന്നടങ്കം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഇന്ന് മല്‍സരത്തില്‍ നിന്ന് പിന്മാറി ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം ഉറപ്പാക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അയോഗ്യതയും മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെ സൂറത്ത് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യം ബിജെപി ഉറപ്പാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകം മേധാവി സിആര്‍ പാട്ടീല്‍ ഇക്കാര്യം പങ്കുവെയ്ക്കുകയും വോട്ടെടുപ്പ് കഴിയും മുമ്പേ ഒരു സീറ്റില്‍ താമര വിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.
എട്ട് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മല്‍സരം വേണ്ടെന്ന് വെച്ചത്. ഏഴ് സ്വതന്ത്രരും ബിഎസ്പിയുടെ പ്യാരേലാല്‍ ഭാരതിയും പത്രിക പിന്‍വലിച്ചത്. ബിജെപിയുടേതല്ലാത്ത എല്ലാ സ്ഥാനാര്‍ഥികളും സൂററ്റില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത് അത്ര നിര്‍ദോഷമായി കാണാനാവില്ല. ഏപ്രില്‍ 22-ന് നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ബിജെപി വിജയം ആഘോഷിക്കുകയും ചെയ്യുന്നത് മോദി ഇന്ത്യയുടെ പുത്തന്‍മുഖമാണ് ഗുജറാത്തിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സൂക്ഷ്മപരിശോധനാദിവസമായ ശനിയാഴ്ച നാമനിര്‍ദേശം ചെയ്തവര്‍ നേരിട്ട് വരണാധികാരിക്ക് സത്യവാങ്മൂലം നല്കുകയായിരുന്നുവെന്നതും പല സംശയവും ഉയര്‍ത്തുന്നുണ്ട്.
മണിപവറും മസില് പവറും ഒരുപോലുള്ള ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.സൂറത്തിലെ സംഭവവികാസങ്ങള്‍ ‘ജനാധിപത്യം ഭീഷണിയിലാണ്’ എന്നാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എക്സിലെ പോസ്റ്റില്‍ പറയുന്നു. ‘നമ്മുടെ തിരഞ്ഞെടുപ്പ്, നമ്മുടെ ജനാധിപത്യം, ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന – എല്ലാം തലമുറകളുടെ ഏറ്റവും വലിയ ഭീഷണിയിലാണ്. ഇത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണെന്ന് കൂടി ജയറാം രമേശ് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സൂററ്റില്‍ താമര തിരഞ്ഞെടുപ്പിന് മുമ്പേ വിരിയുമ്പോള്‍ പ്രധാനമന്ത്രി കസേരയിലിരുന്ന് മോദി തുപ്പിയ വിഷം കണ്ടില്ലെന്ന് നടിയ്ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുകയും പ്രതിഷേധം കനപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ ഒഴിഞ്ഞു മാറിയത്. മോദി സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞു രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയും പാര്‍ലമെന്റില്‍ കയറ്റാതിരിക്കുകയും ചെയ്തവരാണ് പച്ചയ്ക്ക് മുസ്ലീം വിരുദ്ധത പറഞ്ഞിട്ടും മോദിയ്ക്കെതിരെ വിരലനക്കാത്തത്. രണ്ട് തരം നീതി ഇന്ത്യ കാണാന്‍ തുടങ്ങിയിട്ട് 10 കൊല്ലത്തോളമായി. മോദി പരാമര്‍ശങ്ങള്‍ അതിര് കടക്കുമ്പോഴും മൗനം പാലിക്കുന്ന ഇന്ത്യയിലെ സ്വതന്ത്ര സംവിധാനങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തെ എന്നേ സംശയ നിഴലിലാക്കികഴിഞ്ഞു. നുഴഞ്ഞുകയറിയവരെന്നും കൂടുതല്‍ കുട്ടികളുള്ളവരെന്നും മുസ്ലീങ്ങളെ വിളിച്ച് കോണ്‍ഗ്രസ് അവര്‍ക്ക് നിങ്ങളുടെ സ്വത്തുക്കളെല്ലാം വീതിച്ച് നല്‍കുമെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി നീങ്ങുമ്പോള്‍ മൗനംപാലിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. അപ്പുറത്ത് സ്ഥാനാര്‍ത്ഥികളെല്ലാം അവസാന നിമിഷം പിന്‍വാങ്ങി എതിരില്ലാതെ ജയിക്കാനുള്ള പാറ്റേണ്‍ കൂടി നിര്‍മ്മിക്കുകയാണ് ബിജെപി.