ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്‍കൈ ഉണ്ടായിരുന്ന കോണ്‍ഗ്രസ്- ആപ് സഖ്യത്തെ വീഴ്ത്തി ബിജെപിയുടെ ഓപ്പറേഷന്‍ താമര. വോട്ട് കണക്കില്‍ മുന്നിലുണ്ടായ ആംആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിച്ച് ബിജെപി മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ പ്രധാന സംഭവം. ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഒരു മണിക്കൂര്‍ കൊണ്ട് നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിയ്ക്കും ഒരു മുന്നറിയിപ്പാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കാനിരിക്കെ അയല്‍നാട്ടിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത് വല്ലാത്ത ഊര്‍ജ്ജം ബിജെപിയ്ക്ക് നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ അടികൂടുന്ന ആപ്പിനും കോണ്‍ഗ്രസിനും ഒന്നിച്ച് നിന്നിട്ടും പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാന നഗരമായ ചണ്ഡീഗഡിലെ തദ്ദേശ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക തോല്‍വി ഉണ്ടായിരിക്കുകയാണ്.
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി – കോണ്‍ഗ്രസ് സഖ്യത്തിനെ 17 വോട്ടിനെതിരെ 19 വോട്ടുകള്‍ നേടിയാണ് ബിജെപി പരാജയപ്പെടുത്തിയത്. മേയര്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രേം ലതയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍പ്രീത് കൗര്‍ ബബ്ലയാണ് വിജയിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചണ്ഡീഗഡിലെ മേയര്‍ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വലുതായിരുന്നു. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ ആപ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ കെട്ടുറപ്പ് തകര്‍ത്ത് എണ്ണത്തില്‍ കുറവായിരുന്ന ബിജെപി കൂടുതല്‍ വോട്ടുകള്‍ നേടി മേയര്‍ സ്ഥാനം ഉറപ്പിച്ചു. ക്രോസ് വോട്ടിംഗ് നടന്നുവെന്നതില്‍ സംശയം ഉണ്ടായിരുന്നില്ല.
ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളാണ് ഉള്ളത്. വോട്ടെടുപ്പിന് മുമ്പ് ബിജെപിയ്ക്ക് ഉണ്ടായിരുന്ന 16 അംഗങ്ങള്‍, ആംആദ്മി പാര്‍ട്ടിയ്ക്ക് 13 കൗണ്‍സിലര്‍മാര്‍, കോണ്‍ഗ്രസിന് 6 കൗണ്‍സിലര്‍മാര്‍. അതായത് കോണ്‍ഗ്രസ്- ആംആദ്മി പാര്‍ട്ടി സഖ്യത്തിന് 19 എന്ന ഉറപ്പായും വിജയത്തിനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. ഒപ്പം വോട്ടിംഗ് അവകാശമുള്ള തിരഞ്ഞെടുപ്പ് മേല്‍നോട്ടമുള്ള ചണ്ഡീഗഡ് കോണ്‍ഗ്രസ് എംപിയ്ക്കും വോട്ടവകാശം ഉണ്ടായിരുന്നു. പക്ഷേ 16 കൗണ്‍സിലര്‍മാര്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് മേയറെ ലഭിച്ചു.
നേരത്തെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ഗുര്‍ബക്‌സ് രാവത് പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നപ്പോഴാണ് ബിജെപിയുടെ എണ്ണം 16 ആയി ഉയര്‍ന്നത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ പക്ഷേ ആപ്- കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായിരുന്ന ഭൂരിപക്ഷം കിട്ടിയത് ബിജെപിയ്ക്കാണ്. നോമിനേറ്റഡ് കൗണ്‍സിലര്‍ രാംനീക് സിംഗ് ബേദിയെ പ്രിസൈഡിംഗ് ഓഫീസറായും, റിട്ടയേര്‍ഡ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജസ്റ്റിസ് ജയ്ശ്രീ താക്കൂറിനെ തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി സ്വതന്ത്ര നിരീക്ഷകയായും നിയമിച്ചിരുന്നു. എന്തായാലും 19 കൗണ്‍സിലര്‍മാരുടെ വോട്ട് നേടി 16 കൗണ്‍സിലര്‍മാരുണ്ടായിരുന്ന ബിജെപി മേയര്‍ സ്ഥാനം സ്വന്തമാക്കി. 17 വോട്ടുകളാണ് 19 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്- ആപ് സഖ്യത്തിന് കിട്ടിയത്. ഒരു എംപി വോട്ട് കൂടി കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായിരുന്നുവെന്ന് ഇരിക്കെയാണ് ഈ അട്ടിമറി. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ വലിയ സ്വപ്‌നങ്ങള്‍ നെയ്യുമ്പോഴാണ് ചണ്ഡിഗഡിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ബിജെപി സ്‌ട്രൈക്ക്.