മോഹമുക്തനല്ലാത്ത ചെറിയാച്ചന്റെ സങ്കടങ്ങള്‍

ജ്യോതിര്‍മയി

കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ വേറിട്ട വഴിയില്‍ സഞ്ചരിച്ചുവെന്നതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ രാഷ്ട്രീയ മൂലധനം. അദ്ദേഹം വേറിട്ട വഴിയിലൂടെ യഥാര്‍ത്ഥത്തില്‍ സഞ്ചരിച്ചുവോ എന്ന കാര്യം അറിയില്ലെങ്കിലും അങ്ങനെ ഒരു പ്രതീതി കേരളത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ പ്രതീതി തന്നെ പിന്നെ അദ്ദേഹത്തിന് പാരയായോ എന്നുവേണം സംശയിക്കാന്‍. പതിറ്റാണ്ടുകളുടെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎം സഹയാത്രികന്‍ ആയപ്പോഴും മോഹമുക്തനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലുള്ള പരിഗണനയാണ് അദ്ദേഹത്തിന് കിട്ടിയത്. ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചതും ഈ പരിഗണനയില്ലായ്മ കൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല
ഉമ്മന്‍ചാണ്ടി പ്രസിഡന്റായിരിക്കുമ്പോഴാണ് ചെറിയാന്‍ കെ എസ് യു വിലെത്തുന്നത്. പിന്നീട് അതിന്റെ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കെ പി സി സി സെക്രട്ടറിയുമൊക്കെയായി.

പൊതുവില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ കാണുന്ന വായനയോടും എഴുത്തിനോടുമുള്ള താത്പര്യമില്ലായ്മ ചെറിയാനില്ലായിരുന്നു. അദ്ദേഹം ഗഹനമായി വായിച്ചു. എഴുതി. ആധുനിക കേരളത്തിന്റെ ചരിത്രം പറയുന്ന കാല്‍നൂറ്റാണ്ട് എന്ന കൃതി വലിയ റഫറന്‍സ് ഗ്രന്ഥമായി. ചെറിയാനെ കോണ്‍ഗ്രസുകാര്‍ ആദരിച്ചില്ലെങ്കിലും സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തെ സ്‌നേഹത്തോടെ മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മോഹമുക്തനായി തുടരാന്‍ എങ്ങനെ സാധിക്കുമെന്നത് മറ്റൊരു ചോദ്യം. ഇ എം എസ്സിന്റെ അഭിസംബോധന വലിയ ബഹുമതിയായി ചെറിയാന്‍ കൊണ്ടുനടന്നു.
മോഹമുക്തനെന്ന വിളിപ്പേര് കിട്ടിയെങ്കിലും അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പോരാളിയായി. എ കെ ആന്റണിയായിരുന്നു അദ്ദേഹത്തിനെല്ലാം. കരുണാകരനെതിരായ ആന്റണിയുടെ യുദ്ധത്തില്‍  അതിന്റെ മുന്നണി പോരാളിയായി. ഈ പോരാട്ടങ്ങളൊന്നും എന്തെങ്കിലും തരത്തിലുള്ള ആശയപരമായിരുന്നില്ല. എങ്കിലും മോഹമുക്തനെന്ന വിളിപ്പേര് ചെറിയാന് നഷ്ടമായില്ല. പിന്നീട് ഗ്രൂപ്പ് പോരിന് വേറൊരു മുഖം തുറക്കാന്‍ കേരള ദേശീയ വേദി യെന്ന സംഘടനയും ചെറിയാന്‍ ഉണ്ടാക്കി. ഈ പോരാട്ടങ്ങളെല്ലാം ഒരു നാള്‍ തന്റെ നേതാക്കളായ ആന്റണിയും ഉമ്മന്‍ചാണ്ടിയും അംഗീകരിക്കുമെന്ന മോഹം പക്ഷെ ചെറിയാനുണ്ടായിരുന്നു. ഒരു ഉറച്ച സീറ്റ് നല്‍കി തന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരിനെ നേതാക്കള്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മോഹിച്ചു. പക്ഷെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ചിലപ്പോള്‍ കരുതി കാണുക ഇ എം എസ് വിളിച്ചതു പോലെ ചെറിയാന്‍ മോഹമുക്തനാണെന്നായിരിക്കും എന്നാവും.  ഏത് സര്‍വസംഗപരിത്യാഗിക്കും മോഹമുണ്ടാകുമെന്ന സത്യം അവര്‍ അംഗീകരിച്ചില്ല. അവരുടെ ബോദ്ധ്യത്തെ അംഗീകരിച്ചു കൊടുക്കാന്‍ മാത്രമുളള നിസ്സംഗത പക്ഷെ ചെറിയാനും ഉണ്ടായിരുന്നില്ല. മോഹമുക്തന്‍ അങ്ങനെ സീറ്റ് കിട്ടാതെ നേരം ഇരുട്ടി വെളുത്തപ്പോള്‍ സിപിഎം അനുഭാവിയായി. ഉമ്മന്‍ചാണ്ടിക്കെതിരെ വെറുതെ പോരടിക്കാന്‍ അവര്‍ ചെറിയാനെ ഇറക്കി. ചെറിയാന്‍ നല്ലതു പോലെ തോറ്റു. പക്ഷെ കോണ്‍ഗ്രസായിരുന്നില്ല സിപിഎം. അവര്‍ ചെറിയാനെ മനസ്സിലാക്കാന്‍ ശ്രമിച്ചു. ആദ്യം കൈരളി ടിവിയില്‍ ഒരു ജോലിയും പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ കെ ടി ഡി സിയിലും വാഴിച്ചു. ചെറിയാന്‍ പിണറായി വിജയന്റെ ആരാധകനായി. ഭക്തനായി. എ കെ ജി സെന്ററാണ് എനിക്ക് ഭക്ഷണം തരുന്നതെന്ന് പറഞ്ഞു. ഒരു അവസരം പോലും കളയാതെ പിണറായി വിജയനെ വാഴ്ത്തി കൊണ്ടെയിരുന്നു. കോണ്‍ഗ്രസിലുണ്ടായിരുന്ന കാലം ഓര്‍ക്കുമ്പോഴെല്ലാം ചെറിയ സങ്കടത്തോടെ പഴയ കാലം അനുസ്മരിച്ചു.
എന്നാല്‍ ചെറിയാന്റെ മോഹങ്ങള്‍ വലുതായിരുന്നു. അക്കാര്യം സിപിഎമ്മും അറിഞ്ഞില്ല. അതറിയാത്തപ്പോള്‍ ഒരു രാജ്യസഭ തിരഞ്ഞെടുപ്പു വേളയില്‍ അദ്ദേഹം ചോദിച്ചു. എനിക്കും ഉണ്ടാവില്ലെ ആഗ്രഹങ്ങള്‍ എന്ന്. ചെറിയാന്‍ ആഗ്രഹിച്ചത് കൊടുത്തില്ലെങ്കിലും പിണറായി വിജയന്‍ അദ്ദേഹത്തെ തീര്‍ത്തും കൈയൊഴിഞ്ഞില്ല. മോഹമുക്തനെ നവകേരളം കര്‍മ്മപദ്ധതിയുടെ കോഡിനേറ്ററാക്കി. എന്തായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം എന്നറിയില്ലെങ്കിലും ചെറിയാന്‍ സന്തോഷത്തോടെ ജോലി ചെയ്തു.. അപ്പോഴും മോഹങ്ങള്‍ അവസാനിച്ചിരുന്നില്ല. കഴിഞ്ഞ രാജ്യസഭ തിരഞ്ഞെടുപ്പിലെങ്കിലും തന്റെ പാര്‍ലമെന്ററി മോഹങ്ങള്‍ പാര്‍ട്ടി തിരിച്ചറിയുമെന്നായിരുന്നു പ്രതീക്ഷ. ബ്രിട്ടാസിനോളം വരുമായിരുന്നില്ല  പക്ഷെ പിണറായിക്ക് ചെറിയാന്‍. അത് ബോദ്ധ്യമായപ്പോള്‍  അദ്ദേഹം പറഞ്ഞു ഇനി എന്റെ ജോലി ചരിത്രമെഴുത്താണ്. കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ പരിശോധിക്കുന്ന പുസ്തകം എഴുതുകയാണെന്ന് പറഞ്ഞു. ഇതോടെ പിണറായി വാഴ്ത്തുകള്‍ കുറഞ്ഞു. എങ്കിലും പാര്‍ട്ടി കൈവിട്ടില്ല. ഖാദി ബോര്ഡിന്റെ  വൈസ് ചെയര്‍മാനായി നിയമിച്ചു.
കൂടുതല്‍ ഗ്ലാമറസായ കെടിഡിസി ചെയര്‍മാന്‍ പദവിയില്‍ നിന്നുള്ള താഴോട്ടിറക്കം ആണ് ഇതെന്ന് മനസ്സിലാക്കാന്‍ ചെറിയാന് കഴിഞ്ഞു. അങ്ങനെ അദ്ദേഹം പറഞ്ഞു തന്റെ ജോലി ഇനി കേരള ചരിത്രത്തിലെ അടിയൊഴുക്കുകള്‍ അനാവരണം ചെയ്യലാണ്. ഖാദി വില്‍പനയും ചരിത്രരചനയും ഒന്നിച്ചു പോകില്ല. മോഹമുക്തനായ ചെറിയാന് സിപിഎമ്മും എ കെ ജി സെന്ററിലെ ഭക്ഷണവും മടുത്തു തുടങ്ങിയിട്ട് കാലം കുറച്ചായി. അദ്ദേഹം ഇപ്പോള്‍ അത് പറഞ്ഞും തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയില്‍ കുറെ എത്തുന്നുണ്ടെങ്കിലും തുറന്നുപറച്ചില്‍ സിപിഎമ്മില്‍ ചില നേതാക്കള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ മാത്രം അനുവദിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ട് ചെറിയാന്‍ മറ്റൊരു പടിയിറക്കത്തിലാണോ എന്ന് സംശയിക്കണം. പ്രക്ഷുബ്ധമായ ഈ രാഷ്ട്രീയ കാലത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രസക്തിയെ പറ്റി അദ്ദേഹം ഇനി മോഹമുക്തനായി പറഞ്ഞു തുടങ്ങുമൊ എന്ന്  കാത്തിരുന്നു കാണാം..