തങ്ങളുടെ ഓപ്പറേഷന്‍ താമര തന്ത്രത്തില്‍ ഈയാംപാറ്റകളെ പോലെ വന്നുവീണ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയന്ന് കൈകൊട്ടിയാണ് ബിജെപിക്കാന്‍ ഹിമചല്‍ നിയമസഭയില്‍ എതിരേറ്റത്. ജയിപ്പിച്ച് എംഎല്‍എയാക്കിയ സ്വന്തം പാര്‍ട്ടിയുടെ ലേബലില്‍ നിയമസഭയിലെത്തിയ ശേഷം ബിജെപിയ്‌ക്കൊപ്പമെന്ന് പറഞ്ഞ എംഎല്‍എവരെ ആ ആറ് പേരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴാതിരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മുതിര്‍ന്ന നേതാക്കള്‍ അനുനയ നീക്കങ്ങളുമായി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുമ്പോളും ഒപ്പം നിന്ന് ചതിച്ച ആറ് പേര്‍ക്ക് ഇനിയൊരു അവസരം കൊടുക്കേണ്ടെന്ന് കടുപ്പിച്ച നിലപാട് പാര്‍ട്ടിയെടുത്തിരുന്നു.
ഹിമാചല്‍ പ്രദേശിലേത് കോണ്‍ഗ്രസിന്റെ ചെറുത്തുനില്‍പ്പാണ്. ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചെടുത്ത് നിന്നും എല്ലാ ശക്തിയും ഉപയോഗിച്ച് എഴുന്നേറ്റ് നില്‍ക്കാനുള്ള വീണവന്റെ ശ്രമമാണ്. സാധാരണ ഗതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ഭീഷണി ഉയര്‍ത്തി അപ്പുറത്തേക്ക് ചാടുമെന്ന പ്രതീതി ഉണ്ടാക്കുന്നവരെ അവരുടെ സമ്മര്‍ദ്ദത്തില്‍ വീണു അനുയിപ്പിക്കുന്ന സ്ഥിരം ശൈലി ഇക്കുറി കോണ്‍ഗ്രസ് സ്വീകരിച്ചില്ലെന്ന് വേണം കരുതാന്‍. പാര്‍ട്ടി വിപ്പ് നല്‍കിയിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ച ആറ് പേര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്ത സാഹചര്യത്തില്‍ ആറ്് എംഎല്‍എമാരേയും അയോഗ്യരാക്കി കോണ്‍ഗ്രസ് തിരിച്ചടിക്കുകയാണ്.
കൂറുമാറ്റ നിരോധനനിയമ പ്രകാരം സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ ഹിമാചലില്‍ കടുപ്പിച്ചു തന്നെയാണ് പാര്‍ട്ടിയെന്ന് വിമതര്‍ക്കും ബോധ്യമായിട്ടുണ്ട്. ഹിമാചലില്‍ പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത് ഉറപ്പായും കോണ്‍ഗ്രസിന് കിട്ടേണ്ട സീറ്റ് ബിജെപിയ്ക്ക് അടിയറവെച്ച വിമത എംഎല്‍എമാര്‍ക്കെതിരെ ഒരു മയപ്പെടുത്തലിന്റേയും ആവശ്യം ഇല്ലെന്ന് ഉറപ്പിച്ചാണ് പാര്‍ട്ടി നേതൃത്വം നിലപാട് കടുപ്പിച്ചത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറ് വിമത എംഎല്‍എമാര്‍ക്കെതിരേയും അയോഗ്യത നടപടി സ്വീകരിച്ച കാര്യം സ്പീക്കര്‍ കുല്‍ദീപ് സിങ് പഥാനിയയാണ് സഭയെ അറിയിച്ചത്.
രജീന്ദര്‍ റാണ, സൂധീര്‍ ശര്‍മ്മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ്മ എന്നിവരാണ് നിയമസഭയില്‍ അയോഗ്യരായ വിമത എംഎല്‍എമാര്‍. ഇന്നലെ സഭയില്‍ ധനകാര്യ ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് ഇവരെ അയോഗ്യരാക്കിയതായാണ് നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പഥാനിയ അറിയിച്ചത്.
നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത എംഎല്‍മാരെ കൂട്ടുപിടിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുത്ത ബിജെപി നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചിരുന്നു. ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കം 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ ഇതോടെ സസ്പെന്‍ഡ് ചെയ്താണ് സഭയില്‍ കോണ്‍ഗ്രസിന്റെ ബജറ്റ് പാസാക്കിയെടുത്തത്.
പ്രതിപക്ഷ എംഎല്‍എമാരുടെ സസ്‌പെന്‍ഷന് പിന്നാലെയാണ് നിയമസഭ സംസ്ഥാന ബജറ്റ് പാസാക്കിയതും വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേരിടാമെന്ന മട്ടിലേക്കും കോണ്‍ഗ്രസ് നീക്കിവെപ്പിച്ചത്. പിന്നാലെ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തേക്ക് ഇറക്കി. കോണ്‍ഗ്രസിനായി കര്‍ണാടകയും തെലങ്കാനയും ഉറപ്പിച്ചു നിര്‍ത്തിയ പാര്‍ട്ടിയുടെ ചാണക്യന്‍ ഡികെയും ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമെല്ലാം ഹിമാചലിലേക്ക് ഇറങ്ങി. ഡികെ ശിവകുമാറും ഭൂപേഷ് ബാഗേലും ഭൂപീന്ദര്‍ ഹൂഡയുമെല്ലാം ചേര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകന്‍ വിക്രമാദിത്യ സിങിനെ കണ്ടു സമവായം ഉണ്ടാക്കി. രാജി തീരുമാനത്തില്‍ നിന്ന് വിക്രമാദിത്യ പിന്നോട്ട് മാറിയതോടെ തുലാസിലായിരുന്ന സര്‍ക്കാരിന്റെ ശ്വാസം നേരെയായി.
മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു വിക്രമാദിത്യയുടെ രാജി സ്വീകരിക്കില്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചതും കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളില്‍ ഉറച്ചു വിശ്വസിച്ചായിരുന്നു. താനൊരു പോരാളിയാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് കൊല്ലം തികച്ചു ഭരിക്കുമെന്നും സുഖ് വീന്ദര്‍ പ്രഖ്യാപിച്ചത് തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുമെന്ന ഉറപ്പിലാണ്.
സമവായം ഒരുവഴിക്ക് നടക്കുമ്പോഴും ഉറച്ച സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാക്കി പാര്‍ട്ടിയെ പരിഹസിച്ച ആറ് പേര്‍ക്കും നേര്‍ക്കും വിട്ടുവീഴ്ച്ചയില്ലെന്ന പ്രഖ്യാപിച്ചാണ് പാര്‍ട്ടി ഹിമാചലിലെ പ്രതിസന്ധി അവസാനിപ്പിച്ചത്. ബിജെപിയുടെ താമര ഓപ്പറേഷനില്‍ ചിലര്‍ വീണിട്ടും സര്‍ക്കാര്‍ വീഴാതെ സമയോചിത ഇടപെടലിലൂടെ കാത്ത കോണ്‍ഗ്രസിന്റേത് കഴിഞ്ഞ കുറച്ചു കാലത്തിനിടയിലെ ഏറ്റവും ശക്തമായ ചെറുത്തുനില്‍പ്പായിരുന്നുവെന്ന് സംശയലേശമന്യേ പറയാം.
ആകെയുള്ള 68ല്‍ 40 കോണ്‍ഗ്രസും 25 ബിജെപിയും 3 സ്വതന്ത്രരും എന്നതായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ ഹിമാചലിലെ കക്ഷിനില. 35 ആയിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടത്. സുഖമായി ഇത് കടന്ന കോണ്‍ഗ്രസ് പക്ഷേ 15 മാസത്തിനുള്ളില്‍ ഇങ്ങനെ ഒരു വിമത പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നില്ല. ആറ് എംഎല്‍എമാരെ കൂറുമാറ്റ നിയമപ്രകാരം സ്പീക്കര്‍ പുറത്താക്കിയതോടെ നിലവിലെ പ്രശ്‌നം കോണ്‍ഗ്രസ് പരിഹരിച്ചു കഴിഞ്ഞു. അയോഗ്യരാക്കപ്പെട്ട ആറ് എംഎല്‍എമാരെ ഒഴിവാക്കിയാല്‍ 62 അംഗ സഭയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 34 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിനെ പിന്തുണച്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാരും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തിനാല്‍ അവരുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തങ്ങള്‍ക്കാവും വിധം എല്ലാ സന്നാഹങ്ങളുമായി ഹിമാചലില്‍ പൊരുതി അതില്‍ വിജയിക്കുകയും ചെയ്തു. ഇനിയെന്താണ് അടുത്ത ബിജെപി നീക്കമെന്ന് പ്രവചിക്കാനാവില്ലെങ്കിലും പ്രിയങ്ക ഗാന്ധി പറഞ്ഞ ഒരു കാര്യം കൂടി പറഞ്ഞുനിര്‍ത്താം.
Read more
ജനാധിപത്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇഷ്ടമുള്ള സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ ഈ അവകാശം ഉപയോഗിക്കുകയും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ പണവും കേന്ദ്രത്തിലെ അധികാരവും കേന്ദ്ര ഏജന്‍സികളുടെ ശക്തിയും ദുരുപയോഗം ചെയ്തുകൊണ്ട് ജനങ്ങളുടെ ഈ അവകാശം തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.