ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ മോദി സര്‍ക്കാരിനുള്ള വിമുഖത പണ്ടേ പ്രസിദ്ധമാണ്. തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്കും എന്‍ഡിഎയ്ക്കുള്ളിലുള്ളവര്‍ക്കും വാരിക്കോരി കൊടുക്കുന്ന ബജറ്റും പലകുറി ചര്‍ച്ചയായതുമാണ്. രണ്ട് തവണ കേവലഭൂരിപക്ഷത്തില്‍ മതിമറന്നിരുന്ന കാലത്തിന് പകരം ഇക്കുറി ടിഡിപിയുടേയും നിതീഷ് കുമാറിന്റേയും പിന്തുണയില്‍ സര്‍ക്കാരുണ്ടാക്കിയതോടെ ബജറ്റില്‍ ആന്ധ്രയ്ത്തും ബിഹാറിനും വാരിക്കോരി നല്‍കേണ്ട സ്ഥിതിയായി. ഇരുവരേയും പിണക്കിയാല്‍ ഭരണം നഷ്ടമാകുമെന്നതിനാല്‍ കേന്ദ്രത്തിലെ ബിജെപി നേതാക്കള്‍ക്ക് മേല്‍ ചില്ലറ സമ്മര്‍ദ്ദമൊന്നുമല്ല ഇരുകൂട്ടരും ചെലുത്തുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി വലിയ രീതിയില്‍ കൊമ്പുകോര്‍ത്ത ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഡിഎംകെയോടുള്ള ബിജെപിയുടെ മയപ്പെടുത്തല്‍ സമീപനം ചര്‍ച്ചയാവുന്നത്.
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആഴ്ചയൊന്ന് പിന്നിടും മുമ്പേയാണ്. ബിജെപിയുടെ പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നില്‍ വല്ലാത്തൊരു രാഷ്ട്രീയ തന്ത്രം മറഞ്ഞുനില്‍പ്പുണ്ട്. കാരണം ഇതൊരു താക്കീതാണ് എന്‍ഡിഎ സഖ്യത്തില്‍ വല്ലാത്ത സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്ക്കും നിതീഷ് കുമാറിന്റെ ജെഡിയുവിനും. നിങ്ങള്‍ പോയാലും ഭരിക്കാന്‍ ഞങ്ങള്‍ക്ക് വേറെ ആളെ കിട്ടാന്‍ പ്രശ്‌നമുണ്ടാവില്ലെന്ന് കാണിക്കാനുള്ള ബിജെപി ചാണക്യന്‍മാരുടെ തന്ത്രമാണ് പെട്ടെന്നുള്ള ഡിഎംകെ സൗഹാര്‍ദ്ദം.
ബിജെപിയും ഡിഎംകെയുമായുള്ള പിരിമുറുക്കം ലഘൂകരിക്കുക മാത്രമല്ല ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഒരു ഉടമ്പടിയ്ക്ക് തങ്ങള്‍ക്ക് മടിയില്ലെന്നും ഓപ്പറേഷന്‍ താമരയ്ക്കപ്പുറം മറ്റൊരു സന്ധി സംഭാഷണത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ മടിയില്ലെന്നതിന്റേയും സൂചന നല്‍കിയാണ് ബിജെപി ക്യാമ്പ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്‌നാട്ടിലെ ബിജെപി ക്യാമ്പ് ടിഡിപിക്കും ജെഡിയുവിനും സന്ദേശം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. ഒപ്പം ഇന്ത്യാ മുന്നണിയ്ക്ക് പിളര്‍ത്താന്‍ ഞങ്ങള്‍ക്ക് മടിയില്ലെന്ന താക്കീതു നല്‍കാന്‍ ഈ അവസരത്തെ ഉപയോഗിക്കുന്നു.
കണക്ക് തന്നെയാണ് ഇതില്‍ പ്രധാനം. 272 സീറ്റാണ് രാജ്യത്ത് ഭരിക്കാന്‍ ഒരു പാര്‍ട്ടിയ്‌ക്കോ മുന്നണിയ്‌ക്കോ വേണ്ട കേവല ഭൂരിപക്ഷം. കഴിഞ്ഞ കുറി ഒറ്റയ്ക്ക് 303 ഉണ്ടായിരുന്ന ബിജെപിയ്ക്ക് ഇക്കുറി 240 സീറ്റേയുള്ളു. ചെറിയ ചെറിയ പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കും അപ്പുറം 16 സീറ്റുള്ള ടിഡിപിയുടേയും 12 സീറ്റുള്ള ജെഡിയുവിന്റേയും പിന്തുണയിലാണ് സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത്. ഇവര്‍ കൈവിട്ടാല്‍ സര്‍ക്കാര്‍ വീഴും ഈ സാഹചര്യത്തിലാണ് 22 സീറ്റുകളുള്ള ഡിഎംകെയെ കയ്യിലെടുത്ത് ഇരുവരുടേയും സമ്മര്‍ദ്ദ തന്ത്രത്തില്‍ വെള്ളം കോരിയൊഴിക്കാനുള്ള ബിജെപി ശ്രമം.
ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ കേന്ദ്രത്തിന്റെ വിഹിതം തേടി സെപ്റ്റംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു. ഒരാഴ്ച തികയുന്നതിന് മുമ്പ് ചെന്നൈ മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനമുണ്ടായി. 63,246 കോടി രൂപയുടെ സംയുക്ത പദ്ധതിയില്‍ 7,425 കോടി രൂപയുടെ വിഹിതം അനുവദിക്കുന്ന കേന്ദ്രത്തിന്റെ തീരുമാനത്തെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുകയും ചെയ്തതോടെ മഞ്ഞുരുകിയെന്ന നിലയിലാണ് ഉത്തരേന്ത്യയിലെ സംഘപരിവാരത്തിന്റെ പിആര്‍ വര്‍ക്ക്.
കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്രം കാലതാമസം വരുത്തിയത് ബിജെപിയും ഡിഎംകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള ബിജെപി പക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടു. പിന്നീട് സനാതന ധര്‍മ്മ വിഷയത്തില്‍ സംഘപരിവാരവും സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനുമായുണ്ടായ കൊമ്പുകോര്‍ക്കലും ഒരു സന്ധിസംഭാഷണത്തിന് ഇടനല്‍കാത്ത വിധം ബന്ധം ഉലച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ അവഗണന നേരിടുന്ന കേരളത്തിന് ഫണ്ട് കിട്ടുകയെന്നത് പലപ്പോഴും വിദൂര സാധ്യത മാത്രമാണെന്ന് മലയാളികള്‍ക്കും അറിയാം. കേന്ദ്രസര്‍ക്കാര്‍ നടപടികളെ പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. അയല്‍ സംസ്ഥാനത്തും ഗതി ഇതുതന്നെ. പക്ഷേ തമിഴ്‌നാട്ടില്‍ വിഷയങ്ങള്‍ ബിജെപിയ്ക്ക് തിരിച്ചടിയായത് തിരഞ്ഞെടുപ്പിലാണ്. വലിയ പ്രതീക്ഷ തമിഴ്‌നാട്ടില്‍ വെച്ച ബിജെപി സംപൂജ്യരായി 2024 തിരഞ്ഞെടുപ്പില്‍. അണ്ണാഡിഎംകെയെ ആദ്യം സഖ്യത്തിന് ഉപയോഗിച്ചെങ്കിലും അണ്ണാദുരൈ വിഷയത്തില്‍ സഖ്യം ഇല്ലാതായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഎംകെയോട് ബിജെപി മയപ്പെടുന്നത്. പിരിമുറുക്കം കുറയ്ക്കുക മാത്രമല്ല ബിജെപി തന്ത്രം എന്‍ഡിഎ സര്‍ക്കാര്‍ നിയന്ത്രണം സഖ്യകക്ഷികള്‍ ഏറ്റെടുക്കുന്നുവെന്ന തോന്നലാണ് ചെന്നൈയിലെ പ്രധാന പദ്ധതിക്ക് ഒടുവില്‍ അനുമതി നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നില്‍. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കുള്ള മുന്നറിയിപ്പായാണ് കേന്ദ്രത്തിന്റെ നീക്കം പരക്കെ വിലയിരുത്തപ്പെടുന്നത്. സ്ട്രാറ്റജിക് നീക്കമായാണ് ആര്‍എസ്എസും വിഷയത്തെ വിലയിരുത്തുന്നത്. എന്തായാലും സ്റ്റാലിന്റെ അസാധാരണമാം വിധമുള്ള നന്ദി പറച്ചില്‍ ഇന്ത്യ മുന്നണിയിലും ചര്‍ച്ചയായിട്ടുണ്ടെന്നത് ബിജെപി തന്ത്രത്തിന്റെ ചെറുതല്ലാത്ത വിജയമാണ്.