ആദായ നികുതി ഇളവ്, ഒരു തിരഞ്ഞെടുപ്പ് തന്ത്രം; അഞ്ചാം നാള്‍ ഡല്‍ഹി പിടിക്കാന്‍!

ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ വാരിക്കോരി നല്‍കി തുടങ്ങിയ ബജറ്റ് പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒന്നേകാല്‍ മണിക്കൂറില്‍ അവസാനിപ്പിച്ചത് ആദായ നികുതി ഇളവെന്ന വമ്പന്‍ പ്രഖ്യാപനവുമായാണ്. മിഡില്‍ ക്ലാസിന് ബംപറടിച്ച തോന്നലുണ്ടാക്കുന്ന 12 ലക്ഷം വരെ ആദായ നികുതി ഇല്ലെന്ന പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെ രാജ്യമെമ്പാടും ഉണ്ടായ ഉണര്‍വ്വ് ചെറുതല്ല. വയനാട് ദുരന്തവും വിഴിഞ്ഞം പദ്ധതിയുമെല്ലാമായി കേന്ദ്രസഹായം പ്രതീക്ഷിച്ച് നിന്ന കേരളമടക്കം പല സംസ്ഥാനങ്ങളുടേയും കോപ്പയില്‍ ഒന്നുമിടാതെ കേന്ദ്രം ആദായനികുതിയില്‍ വന്‍ ഇളവ് കൊടുത്തത് എന്തിനെന്ന ചോദ്യം ഉയരുമ്പോള്‍ ഡല്‍ഹി മുന്നിലങ്ങനെ തെളിഞ്ഞു നില്‍ക്കും.

ഫെബ്രുവരി ഒന്നിന് നടത്തിയ ബജറ്റ് പ്രഖ്യാപനം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക മിഡില്‍ ക്ലാസുകാരേയാണ്. അഞ്ചാം നാള്‍ രാജ്യതലസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ നല്ലൊരു പക്ഷവും മധ്യവര്‍ഗ കുടുംബങ്ങളാണ്. അഞ്ചാം നാള്‍ നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയെ നിഷ്പ്രഭമാക്കാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് കഴിയുമെന്ന് ബിജെപി കരുതുന്നുണ്ട്. മധ്യവര്‍ഗക്കാര്‍ക്ക് ഇത്രയും വലിയ ഒരു ഓഫറുമായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെത്തിയത് ഡല്‍ഹി പ്രഥമലക്ഷ്യമായി കണ്ടുകൊണ്ടാണ്. ഇന്‍കം ടാക്‌സ് സ്ലാബിലെ കണക്കുകളില്‍ ഒരു ലക്ഷം വരെ മാസശമ്പളം മേടിക്കുന്നവര്‍ നികുതി ഭയക്കേണ്ടതില്ലാത്ത നാളുകളിലേക്ക് എത്തിയത് രാജ്യതലസ്ഥാനത്ത് ബിജെപിയെ തുണയ്ക്കുമോയെന്ന ചോദ്യത്തിന് ഫെബ്രുവരി 8ന്റെ വോട്ടെണ്ണല്‍ ഉത്തരം നല്‍കും. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തീര്‍ത്ത അഴിമതി വിരുദ്ധ തട്ടകം ഇളക്കി മറിക്കാന്‍ മദ്യനയ കുംഭകോണ കേസിലൂടെ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം മധ്യവര്‍ഗ പിന്തുണ നേടുന്നതിനായി കെജ്രിവാളിന്റെ ‘ശീഷ് മഹല്‍’ വിവാദം ഉയര്‍ത്തിയും ബിജെപി കളം പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതിനൊപ്പമാണ് മധ്യവര്‍ഗത്തിനായി ഒരു ആദായ നികുതി ഇളവ് വലവിരിക്കല്‍.

എന്തായാലും ബിജെപി തങ്ങളുടെ ശക്തമായ വോട്ട് ബാങ്ക് എന്ന് കരുതുന്ന മിഡില്‍ ക്ലാസുകാര്‍ തങ്ങളില്‍ നിന്ന് അകന്നത് 2024ലെ പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് കാരണമായി കരുതിയിരുന്നു. ആ അകന്നുപോക്ക് ഇല്ലാതാക്കി വരുന്ന തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ 31 ശതമാനം വരുന്ന മിഡില്‍ ക്ലാസുകാരെ കയ്യിലെടുക്കാനുള്ള മികച്ച ഉപാധിയായാണ് ആദായ നികുതി പരിധി ഉയര്‍ച്ചയെ കാണുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 31% വരുന്ന മിഡില്‍ ക്ലാസുകാര്‍ അസ്വസ്ഥരാണെന്ന തിരിച്ചറിവ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് ഉണ്ടായെന്നും അവര്‍ അതിനനുസരിച്ച് തന്ത്രം മെനഞ്ഞുവെന്നതും അതീവ ജാഗ്രതയോടുള്ള രാഷ്ട്രീയ കൗശലമാണ്. നികുതി ചുമത്തല്‍ താങ്ങാന്‍ വയ്യാതെ ഈ മധ്യവര്‍ഗം തങ്ങളെ തഴയുമെന്ന ഘട്ടത്തിലാണ് ബിജെപിയുടെ നികുതി ഉളവ് ബജറ്റെന്നതും ശ്രദ്ധേയമാണ്.

ഉയര്‍ന്ന പണപ്പെരുപ്പം മൂലവും കുറഞ്ഞ വേതന വളര്‍ച്ച മൂലവും തലക്കടിയേറ്റിരിക്കുന്നവര്‍ക്ക് വിലക്കയറ്റത്തിനൊപ്പം ഉയര്‍ന്ന നികുതിയെന്നത് നല്‍കുന്ന ആഘാതം ചെറുതായിരുന്നില്ല. ഈ സാഹചര്യത്തില്‍ തുച്ഛമായ ഗാര്‍ഹിക സമ്പാദ്യം പോലും കണ്ടെത്താന്‍ മധ്യവര്‍ഗത്തിന് കഴിയുന്നുണ്ടായിരുന്നില്ല. നികുതിദായകന്‍ ഒരു പരിധിവരെ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി കരുതുന്ന അതിരൂക്ഷമായ സാമ്പത്തികാവസ്ഥയിലേക്ക് വീണുപോയതോടെയാണ് ബജറ്റില്‍ കേന്ദ്രത്തിന്റെ നിര്‍ണായകനീക്കം. മോദികാലത്ത് വ്യക്തിഗത ആദായനികുതി പിരിവ് കോര്‍പ്പറേറ്റ് നികുതി പിരിവിനേക്കാള്‍ കൂടുതലായിരുന്നു എന്നതും സാധാരണക്കാരെ നിരാശപ്പെടുത്തിയിരുന്ന കാര്യമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും കോര്‍പ്പറേറ്റ് മുതലാളിമാരുമായുള്ള ബന്ധവും ഈ നികുതി ചര്‍ച്ചയില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇനിയും ആദായ നികുതിയില്‍ കയ്യിട്ടുവാരി കോര്‍പ്പറേറ്റ് നികുതിയും വ്യക്തിഗത ആദായനികുതിയും തമ്മിലുള്ള അന്തരത്തില്‍ ചര്‍ച്ചയുണ്ടായി രാഷ്ട്രീയ തിരിച്ചടി ഉണ്ടാവും മുമ്പുള്ള ബിജെപി രക്ഷപ്പെടല്‍.

ഇനി ഇതെങ്ങനെ കേന്ദ്രസര്‍ക്കാര്‍ വസൂലാക്കുമെന്നതിന് മുന്നില്‍ ജിഎസ്ടിയുണ്ട്. പഴംപൊരിക്ക് വന്ന ജിഎസ്ടിയില്‍ ചര്‍ച്ച നടത്തി തീരാത്ത നമുക്ക് ഇനി ഓരോ സാധനം കുടുംബത്തിലേക്ക് വാങ്ങുമ്പോള്‍ എത്ര രൂപ അധികം നല്‍കേണ്ടി വരുമെന്ന് ചിന്തിക്കേണ്ടി വരും. പ്രത്യക്ഷ നികുതിയിനത്തില്‍ 1 ലക്ഷം കോടി രൂപയാണ് ഇന്‍കം ടാക്‌സ് ഇളവിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. നികുതിദായകരുടെ കൈയിലുള്ള ഈ പണത്തിന്റെ ഭൂരിഭാഗവും ഉപഭോഗത്തിനായി ചെലവഴിപ്പിക്കാനുള്ള സാധ്യതയാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളത്. സ്വാഭാവികമായി നികുതി ചുമത്തല്‍ കുറയുമ്പോള്‍ ജനങ്ങളുടെ പര്‍ച്ചേസിംഗ് കപ്പാസിറ്റി വര്‍ധിക്കും. അങ്ങനെ ചരക്കുകളുടെയും സേവനങ്ങളുടെയും ഉയര്‍ന്ന ഡിമാന്‍ഡിലേക്ക് കാര്യങ്ങള്‍ നയിക്കുന്നു. ഇതില്‍ ഒരു വിഭാഗം സര്‍ക്കാരിന് ജിഎസ്ടി പോലുള്ള പരോക്ഷ നികുതികളുടെ രൂപത്തില്‍ തിരിച്ചുപിടിക്കാം എന്നതാണ് സാധ്യത.