ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഗുജറാത്ത് കലാപ വഴികള്‍ ഉള്ളുതൊട്ടറിഞ്ഞ രണ്ട് മലയാളികള്‍. ഉന്നത സ്ഥാനമാനങ്ങളില്‍ ഇരുന്ന് തന്നെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയവര്‍. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയ കണ്‍സേണ്‍ഡ് സിറ്റിസന്‍സ് ട്രൈബ്യൂണലിന്റെ അധ്യക്ഷനായിരുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസുമാരുടെ സംഘം നടത്തിയ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ആധികാരികമായ അന്വേഷണ റിപ്പോര്‍ട്ടായിരുന്നു. ഗുജറാത്ത്് കലാപത്തെ വംശഹത്യ എന്ന് തന്നെ വിളിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്‍മേല്‍ കുറ്റം ചുമത്തി തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ട പ്രഗത്ഭരായ നിയമജ്ഞര്‍ ഉള്‍പ്പെടുന്ന ഒരു സ്വതന്ത്ര അന്വേഷണ സംഘമായിരുന്നു കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രൈബ്യൂണല്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് കൂടിയാണത്.

ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര സംഭവത്തെ കുറിച്ച് ഔദ്യോഗികമായി ഉണ്ടായ രണ്ട് റിപ്പോര്‍ട്ടുകള്‍ യുസി ബാനര്‍ജി റിപ്പോര്‍ട്ടും ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടുമാണ്. ഇതില്‍ യുസി ബാനര്‍ജി റിപ്പോര്‍ട്ട് പുറത്തുവിടാതെ ഗുജറാത്ത് ഹൈക്കോടതി തടയുകയും ഗുജറാത്ത് സര്‍ക്കാര്‍ മുന്നിട്ട് നിയമിച്ച ജസ്റ്റിസ് നാനാവതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി മോദിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തു. ഇതില്‍ 2006ല്‍ ആണ് യുസി ബാനര്‍ജി റിപ്പോര്‍ട്ട് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് സമര്‍പ്പിക്കപ്പെടുന്നത്. 2008ല്‍ ജസ്റ്റിസ് നാനാവതി റിപ്പോര്‍ട്ടും പൂര്‍ത്തിയായി. ഇതിനെല്ലാം മുമ്പേ തന്നെ ഗോധ്രയില്‍ അന്വേഷണം നടത്തി സ്വതന്ത്ര റിപ്പോര്‍ട്ട് തയ്യാറാക്കി കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രൈബ്യൂണല്‍. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ ഒപ്പം 7 ജഡ്ജുമാരും ഗോധ്ര സംഭവത്തിന് ശേഷം ഗുജറാത്ത് കലാപം ആളിപ്പടര്‍ന്നതോടെ കാലതാമസം വരുത്താതെ ഗുജറാത്തിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. 2094 പേരുടെ മൊഴികള്‍ 16 ജില്ലകളില്‍ നിന്നായി രേഖപ്പെടുത്തി. ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസിലെ എസ് 6 കോച്ചിലുണ്ടായ തീപിടുത്തം അകത്ത് നിന്ന് തന്നെ ഉണ്ടായതാണെന്നായിരുന്നു കൃഷ്ണയ്യരുടേയും ടീമിന്റേയും അന്വേഷണത്തില്‍ തെളിഞ്ഞത്. ഗോധ്ര സംഭവത്തിന് ശേഷമുള്ള ഗുജറാത്തിലെ കൂട്ടക്കൊല സംസ്ഥാന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും നടത്തിയ ഒരു സംഘടിത കുറ്റകൃത്യമായിരുന്നുവെന്ന് കണ്‍സേണ്‍ഡ് സിറ്റിസന്‍സ് ട്രൈബ്യൂണല്‍ പറഞ്ഞുവെച്ചു.

ട്രൈബ്യൂണലില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് പി ബി സാവന്ത് വംശഹത്യ എന്ന് തന്നെയാണ് ഗുജറാത്ത് കലാപത്തെ ആവര്‍ത്തിച്ച് പറഞ്ഞത്. റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്ത് ഫെബ്രുവരി 27 ന് ശേഷം ഗുജറാത്തില്‍ നടന്ന എല്ലാത്തിന്റെയും മുഖ്യ രചയിതാവും ശില്പിയും എന്നാണ് നരേന്ദ്ര മോദിയെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വിശേഷിപ്പിച്ചത്. അക്രമത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ജസ്റ്റിസുമാര്‍ അതിന് പുറമേ ഇരകള്‍ക്ക് ആശ്വാസവും പുനരധിവാസവും നിരസിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ആര്‍എസ്എസിനേയും വിശ്വാഹിന്ദുപരിഷത്തിനേയും ബിജെപിയേയും പ്രതിപ്പട്ടികയില്‍ നിര്‍ത്തിയിരുന്നു ആ റിപ്പോര്‍ട്ട്. കലാപത്തിലൂടെ മുസ്ലീം സമുദായത്തെ ആസൂത്രിതമായി ഇല്ലാതാക്കുന്നതിന് പിന്തുണ നല്‍കിയ ഭരണകക്ഷിയായ ബിജെപിയാണ് തുടക്കം മുതല്‍ തന്നെ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ചതെന്നും ട്രൈബ്യൂണല്‍ പറയുന്നു. വോട്ടുകള്‍ ധ്രുവീകരിക്കുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുന്നതിനുമാണ് ഇതെല്ലാം ചെയ്തതെന്നും കൃഷ്ണയ്യരും മുന്‍ സുപ്രീം കോടതി ജസ്റ്റിസുമാരും അന്നേ എഴുതിചേര്‍ത്തിരുന്നു.

ഗുജറാത്തിലെ മുന്‍ ആഭ്യന്തര സഹമന്ത്രി ഹരണ്‍ പാണ്ഡ്യ ഈ കമ്മീഷന് മുമ്പാകെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 2002 മേയില്‍ പാണ്ഡ്യ നല്‍കിയ വിവരം പ്രകാരം ഗോധ്ര സംഭവത്തിന് ശേഷം ഗുജറാത്ത് പൊലീസിനോട് മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന് മോദി പറഞ്ഞതായി കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിവരങ്ങള്‍ മോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നെന്നും എന്നാല്‍ ഇതൊന്നും ആ സംഘം പരിഗണിച്ചില്ലെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജസ്റ്റിസ് പി ബി സാവന്തും എച്ച് സുരേഷും പറഞ്ഞിരുന്നു. എന്തായാലും ജസ്റ്റിസുമാരോട് മോദി നടപടിയെ കുറിച്ച് പറഞ്ഞ ഹരണ്‍ പാണ്ഡ്യ ഇന്ന് ജീവനോടെ ഇല്ല. 2003 മാര്‍ച്ചില്‍ തന്നെ അദ്ദേഹം കൊല്ലപ്പെട്ടു. ഇപ്പോള്‍ ഒന്നിന് പുറകെ മറ്റൊരു കേസിലായി ഭരണകൂടം തടങ്കലിലാക്കിയിരിക്കുന്ന സഞ്ജീവ് ഭട്ട് ഐപിഎസും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മോദി പൊലീസുകാരുടെ യോഗം വിളിച്ചതും ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം തീര്‍ക്കാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞതും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള സ്റ്റേഷന്‍ കസ്റ്റഡി മരണ കേസിന്റെ പേരില്‍ ജയിലറയില്‍ കഴിയുന്നത്.

അതുപോലെ ഇപ്പോള്‍ കേസിലകപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി നടക്കേണ്ടി വരുന്ന ഒരു മുന്‍ ഐപിഎസുകാരനുണ്ട്. ആര്‍ ബി ശ്രീകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. മുന്‍ ഗുജറാത്ത് ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ 2002 ഗുജറാത്ത് കലാപകാലത്ത് ഇന്റലിജന്‍സ് ഡിജിപിയായി അവിടെ ഉണ്ടായിരുന്ന ആര്‍ ബി ശ്രീകുമാര്‍ കലാപത്തില്‍ നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കും വ്യക്തമായ പങ്കുണ്ടെന്ന് നിലപാടെടുത്ത് ജുഡീഷ്യറിയ്ക്ക് മുന്നില്‍ നിന്ന ആളാണ്. തന്റെ പ്രമോഷന്‍ പോലും തടയപ്പെട്ടിട്ടും നിയമപരമായി നേരിട്ടതല്ലാതെ വിട്ടുവീഴ്ചയ്ക്ക് മോദി സര്‍ക്കാരിന് മുന്നില്‍ നിന്നില്ല ശ്രീകുമാര്‍. ഗുജറാത്ത്- ഇരകള്‍ക്ക് വേണ്ടിയൊരു പോരാട്ടം എന്ന ഒരു ഓര്‍മ്മ കുറിപ്പും പുസ്തകമായി ഇറക്കിയിട്ടുണ്ട് ആര്‍ ബി ശ്രീകുമാര്‍.

ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കിയതും തീപിടിത്തത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന തിയറി പ്രചരിപ്പിച്ചതും മോദി സര്‍ക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരം ഡല്‍ഹി പൊലീസ് കമ്മീഷണറായിരുന്ന രാകേഷ് അസ്താനയാണെന്ന് കലാപസമയത്ത് ഗുജറാത്തില്‍ സേനയില്‍ ഉന്നത സ്ഥാനത്തുണ്ടായിരുന്ന ആര്‍ ബി ശ്രീകുമാര്‍ പറയുന്നു. പൊളിറ്റിക്കല്‍ ക്യാപിറ്റല്‍ സമാഹരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമായാണ് ഗോധ്രയെ ബിജെപി നേതൃത്വം കണ്ടതെന്നും ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി-ഷാ കമീഷന് മുമ്പാകെ സര്‍ക്കാരിനെതിരെ മൊഴി നല്‍കരുതെന്ന് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ആര്‍ ബി ശ്രീകുമാറിനോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ മൊഴി നല്‍കുക മാത്രമല്ല ഗുജറാത്തിലെ 182 നിയമസഭ മണ്ഡലങ്ങളില്‍ 154 മണ്ഡലങ്ങളിലും കലാപം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

നാനാവതി കമീഷന് മുമ്പാകെ മോദിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ശ്രീകുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ശ്രീകുമാര്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. അര്‍ഹതയുണ്ടായിരുന്ന ഗുജറാത്തിലെ ഡിജിപി പദവിയിലേക്ക് പ്രൊമോഷന്‍ നല്‍കാതെ മോദിസര്‍ക്കാര്‍ പ്രതികാരം വീട്ടി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണലില്‍ നല്‍കിയ പരാതിക്ക് അനുകൂലമായ വിധി സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ലഭിക്കുന്നത്. അങ്ങനെ വിരമിച്ചതിന് ശേഷം ഒരു സംസ്ഥാനത്തിന്റെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച വ്യക്തിയായി ആര്‍ബി ശ്രീകുമാര്‍. ഇത്രയെല്ലാം സംഭവിച്ചിട്ടും ജസ്റ്റിസ് നാനാവതി കമീഷന്‍ മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കി. ഇതോടെ ടീസ്റ്റ സെറ്റല്‍വാദുമായി ചേര്‍ന്ന് നീതിക്ക് വേണ്ടി പോരാടാന്‍ ഇരകള്‍ക്ക് നിയമ സഹായം നല്‍കി ആര്‍ ബി ശ്രീകുമാര്‍. പക്ഷേ 20 വര്‍ഷങ്ങള്‍ക്ക് ശേഷവും മോദി സര്‍ക്കാര്‍ പ്രതികാരത്തിനായി കാത്തിരുന്നുവെന്ന് വ്യക്തമാക്കി 2022ല്‍ അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ സുപ്രീം കോടതിയില്‍ നിന്ന് മോദിക്ക് ക്ലീന്‍ ചീറ്റ് ലഭിച്ചതിന് പിന്നാലെയായിരുന്നു ടീസ്റ്റ സെറ്റല്‍വാദിന്റേയും ആര്‍ബി ശ്രീകുമാറിന്റേയും അറസ്റ്റ്. ഗുജറാത്ത് കലാപത്തില്‍ ഭരണനേൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്. ഇരുമ്പഴിയ്ക്കുള്ളില്‍ നിന്ന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച ജാമ്യത്തിലാണ് ആര്‍ ബി ശ്രീകുമാര്‍ പുറത്തിറങ്ങിയിട്ടുള്ളത്.

Read more