അങ്ങ് ഉത്തരേന്ത്യയില്‍ രാമനെങ്കില്‍ ഇങ്ങ് കേരളക്കരയെത്തിയപ്പോള്‍ പത്മനാഭനെ കൂട്ടുപിടിച്ചാണ് മോദിയുടെ പ്രസംഗം. തിരുവനന്തപുരത്തുകാരെ സന്തോഷിപ്പിക്കാന്‍ മലയാളത്തില്‍ തുടങ്ങിയ പ്രസംഗത്തില്‍ അനന്തപത്മനാഭ സ്വാമിയെ നമസ്‌കരിക്കുകയാണെന്നും അനുഗ്രഹം തേടുന്നുവെന്നുമെല്ലാം പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്.
പിന്നീടങ്ങോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ബിജെപി പ്രതീക്ഷകളാണ് പി എം മോദിയുടെ വാക്കുകളില്‍ നിറഞ്ഞത്. മിഷന്‍ 400 എന്ന പേരില്‍ 2024 തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്നും കേരളം അതിന്റെ ഭാഗമാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. അതിനൊപ്പം വലിയൊരു പ്രവചനവും മോദിയുടെ ഭാഗത്തുനിന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്ക സീറ്റുകള്‍ നേടുമെന്ന്.
കേരളത്തിലേക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി അടിക്കടിയെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടാണ് മലയാളക്കര രണ്ടക്ക സീറ്റുകള്‍ ബിജെപിയ്ക്ക് കിട്ടുമെന്ന് പറഞ്ഞത്. കേരളത്തിലാകെ 20 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്, രണ്ടക്കം എന്ന് പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 10 സീറ്റുകളെങ്കിലും ബിജെപി നേടണം. ഇതുവരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത ബിജെപിയാണ് ഒറ്റയടിക്ക് രണ്ടക്ക സീറ്റ് നേടുമെന്ന അവകാശവാദമൊക്കെ ഉന്നയിക്കുന്നത്. 2019ല്‍ വോട്ടിങ് ശതമാനം രണ്ടക്കം കടന്നുവെന്ന് പറഞ്ഞുകൊണ്ടാണ് 2024 സീറ്റുകള്‍ രണ്ടക്കം കടക്കുമെന്ന് നരേന്ദ്ര മോദി പറയുന്നത്.
എന്തായാലും മലയാളികളുടെ ആവേശം കണ്ടിട്ടാണ് ബിജെപിയുടെ പ്രധാനമന്ത്രി കേരളം ബിജെപിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പിച്ചു പറയുന്നതത്രേ. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും തന്നെ സ്നേഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദി ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി കിണഞ്ഞു പരിശ്രമിക്കുന്ന മോദി- അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയിലെവിടെ ചെന്നാലും കോണ്‍ഗ്രസിനെതിരായി നാല് ഡയലോഗ് പറയുന്നത് പതിവാണ്. തെക്കേ ഇന്ത്യയിലാകുമ്പോള്‍ അത് കുറച്ചു കൂടുതലാകും. ഇവിടെ കോണ്‍ഗ്രസിനെ മാത്രമല്ല സിപിഎമ്മിനെ കൂടി ആക്രമിക്കാന്‍ കോണ്‍ഗ്രസിനെതിരെ സ്ഥിരം പ്രയോഗിക്കുന്ന കുടുംബാധിപത്യം തന്നെയാണ് മോദി തിരഞ്ഞെടുത്തത്.
കോണ്‍ഗ്രസിനെ പോലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും കുടുംബവാഴ്ചയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തില്‍ ശത്രുക്കളായി അഭിനയിക്കുന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കേരളത്തിന് പുറത്ത് ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ ആണെന്ന പ്രയോഗവും മോദിയുടെ ഭാഗത്തുനിന്നുണ്ടായി. കോണ്‍ഗ്രസ് ഇവിടെ സര്‍ക്കാരിനെതിരെ അഴിമതി ഉന്നയിക്കുന്നു, പക്ഷേ ഡല്‍ഹിയിലെത്തിയാല്‍ ഇരുവരും ഒന്നാണെന്നാണ് പരിഹാസം. സിപിഎമ്മും കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നുവെന്ന പറഞ്ഞ മോദി കേരളത്തിലെ സര്‍ക്കാരും ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നെന്നും പറഞ്ഞു.
കേരളത്തെ അവഗണിക്കുന്നില്ലെന്ന് സ്ഥാപിക്കാനായി ഇടയ്ക്കിടയ്ക്ക് കേരള സ്‌നേഹവും കേരളത്തിന് അര്‍ഹതപ്പെട്ടതെല്ലാം നല്‍കിയെന്നും പറയുന്നത് മോദി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. കേരളത്തോട് അവഗണന കാട്ടിയിട്ടില്ലെന്നും ഒരു വിവേചനവും ഉണ്ടായിട്ടില്ലെന്നും വോട്ടിന്റെ അടിസ്ഥാനത്തിലല്ല കേന്ദ്രസര്‍ക്കാര്‍ കേരളത്തെ കാണുന്നതെന്നും മോദി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയത്രേ.
എന്തായാലും ലോക്‌സഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇടതുപക്ഷം പൂര്‍ത്തിയാക്കി കഴിഞ്ഞ സാഹചര്യത്തില്‍ ബിജെപി ഇനി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് കരുതാം. ഇക്കുറി തൃശൂരും ആറ്റിങ്ങലുമാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്ന രണ്ടിടങ്ങളെന്നാണ് സൂചന. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനുമെന്നുമെല്ലാം പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മോദി പറഞ്ഞതു പോലെ രണ്ടക്കത്തിലേക്ക് എത്തിയില്ലെങ്കിലും ആദ്യമായി ലോക്‌സഭയില്‍ കേരളത്തില്‍ നിന്നൊരു താമര വിരിയുമോയെന്ന ചോദ്യം ഇങ്ങനെ മുഴങ്ങി കേള്‍ക്കുന്നുണ്ട്.