ക്രിമിനല്‍ ചട്ടങ്ങളില്‍ അടിമുടി മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അഴിച്ചുപണി ഉദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. 1860ലെ ഇന്ത്യന്‍ പീനല്‍ കോഡ് ഇനി ഭാരതീയ ന്യായ സംഹിതയാകും, കോഡ് ഓഫ് ക്രിമനില്‍ പ്രൊസീജിയര്‍ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയാകും, ഇന്‍ഡ്യന്‍ എവിഡന്‍സ് ആക്ട് ഭാരതീയ സാക്ഷ്യവും. ഈ മൂന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് മുന്നില്‍ പുനരവലോകനത്തിന് വെച്ചിട്ടുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ എതിരാളികള്‍ക്കെതിരായി പ്രയോഗിച്ച് ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട നിലയ്ക്ക് നിര്‍ത്തിയ രാജ്യദ്രോഹ കേസുകളില്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക നിലപാടെടുത്തിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ രാജ്യദ്രോഹ കേസെടുപ്പ് കൂടിയതോടെ സുപ്രീം കോടതി ആ രാജ്യദ്രോഹ നിയമം തന്നെ മരവിപ്പിക്കുകയായിരുന്നു 2022ല്‍.
ഇപ്പോള്‍ രാജ്യദ്രോഹ കുറ്റം എടുത്തു കളഞ്ഞിരിക്കുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരിക്കുന്നത്. ‘സെഡിഷന്‍’ അഥവാ രാജ്യദ്രോഹം എന്ന വാക്കുകള്‍ പുതിയ നിര്‍ദ്ദിഷ്ട നിയമത്തില്‍ ഇല്ല. പകരം സെക്ഷന്‍ 150 ആണ് പുതിയ നിയമ സംഹിതയില്‍ വെച്ചിരിക്കുന്ന വകുപ്പ്. രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും ഇന്ത്യയുടെ ഏകത്വത്തേയും അപകടപ്പെടുത്തുന്നവര്‍ക്ക് എതിരായി ഈ നിയമം ഉപയോഗിക്കും.
വിഭജന പ്രവര്‍ത്തനങ്ങള്‍, സായുധ കലാപം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവൃത്തികള്‍ എന്നിവ ഈ നിയമത്തിന് കീഴെ വരും.
സെക്ഷന്‍ 150 പറയുന്നത് ഇങ്ങനെ
ബോധപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടോ വാക്കുകളിലൂടെയോ സംസാരത്തിലൂടെയോ എഴുതിയോ അടയാളങ്ങളിലൂടെയോ പ്രത്യക്ഷത്തിലുള്ള ചിത്രീകരണത്തിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനത്തിലൂടെയോ സാമ്പത്തിക മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലൂടെയോ രാജ്യത്ത് സായുധ കലാപത്തിനും വിഭജനത്തിനും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമിക്കുകയോ ആ ശ്രമങ്ങളെ പ്രചോദിപ്പിക്കുകയോ ചെയ്താല്‍ അല്ലെങ്കില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും വിഘടന വികാരങ്ങളെ പ്രോത്സാഹിപ്പിക്കകയും ചെയ്ത് ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയോ അഖണ്ഡതയേയോ അപകടപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ അല്ലെങ്കില്‍ അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ ശിക്ഷയായി ലഭിക്കും. കൂടാതെ പിഴ ശിക്ഷയ്ക്കും ഈ കുറ്റത്തിന് അര്‍ഹതയുണ്ട്.
ഈ വിഭാഗത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യാതെ, നിയമാനുസൃതമായ മാര്‍ഗ്ഗങ്ങളിലൂടെ അവയുടെ മാറ്റം നേടുന്നതിനായി ഗവണ്‍മെന്റിന്റെ നടപടികളുടെയോ ഭരണപരമോ മറ്റ് നടപടികളിലെയോ വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ടാവാമെന്നും വിശദീകരണമുണ്ട്.
ആള്‍ക്കൂട്ട ആക്രമണ കേസുകളില്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കുന്ന വ്യവസ്ഥയും കേന്ദ്രം കൊണ്ടുവന്നിട്ടുണ്ടെന്ന് അമിത് ഷാ പറയുന്നു. 20 വര്‍ഷം തടവും ജീവപര്യന്തവും കൂട്ടബലാല്‍സംഗത്തിന് ശിക്ഷയാക്കി തീരുമാനിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ ബില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്കും കൊലപാതകങ്ങള്‍, ‘രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ എന്നിവയ്ക്കുള്ള നിയമങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ചരിത്രത്തിലാദ്യമായി, ചെറിയ കുറ്റങ്ങള്‍ക്കുള്ള അതായത് പെറ്റി കേസുകളിലെ ശിക്ഷകളിലൊന്നായി സമൂഹ സേവനം മാറ്റാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കൂടാതെ, കുറ്റകൃത്യങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രലാക്കി മാറ്റി. സംഘടിത കുറ്റകൃത്യങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും തടയുന്നതിനുമായി ഭീകര പ്രവര്‍ത്തനങ്ങളുടെയും സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള കടുത്ത ശിക്ഷകള്‍ കൂടി ചേര്‍ത്താണ് ബില്ല്. പിഴകളും ശിക്ഷയും പല കുറ്റകൃത്യങ്ങളിലും വര്‍ധിപ്പിച്ചിട്ടുണ്ട്.
19ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നിയമമെന്നും പരിശോധന നടപടികള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ശേഖരിക്കുമെന്നും ബില്ലിലുണ്ട്. കോടതികളില്‍ വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പുതിയ നിയമം സഹായിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. പരാതിക്കാരന് 90 ദിവസത്തിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് കിട്ടും.
Read more
ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്താനായി 2020 മാര്‍ച്ചില്‍ ക്രിമിനല്‍ നിയമ പരിഷ്‌കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ റണ്‍ബീര്‍ സിംഗിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമ അധ്യാപകരും മുതിര്‍ന്ന അഭിഭാഷകരും മുതിര്‍ന്ന ജഡ്ജുമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഫെബ്രുവരി 2022ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നതായി രാജ്യസഭയെ 2022 ഏപ്രിലിലാണ് നിയമ മന്ത്രാലയം അറിയിച്ചത്.