ലിബറല്‍ വര്‍ഗ്ഗത്തിന്റെ മരണം ക്രിസ് ഹെജസ് എഴുതിയ 'ഡെത് ഓഫ് ദ ലിബറല്‍ ക്ലാസ്സ്' എന്ന പുസ്തകത്തിന്റെ വായന - 1

അല്ല; ഈ പുസ്തകം തീര്‍ച്ചയായും ഇന്ത്യന്‍ സാഹചര്യത്തില്‍ എഴുതപ്പെട്ടതല്ല. ഏതാണ്ട് രണ്ട് ദശകക്കാലത്തിന് മുമ്പ് അമേരിക്കന്‍ സാമൂഹിക-രാഷ്ട്രീയ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി പത്രപ്രവര്‍ത്തകനായ ക്രിസ് ഹെജസ് എഴുതിയ Death of The Liberal Class എന്ന പുസ്തകം വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥകളെ പലതരത്തിലും അടയാളപ്പെടുത്തുന്നതായി നമുക്ക് തോന്നാമെങ്കിലും ഈ പുസ്തകം എഴുതപ്പെട്ടത് പൂര്‍ണ്ണമായും അമേരിക്കന്‍ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി മാത്രമാണ്.

അവസരവാദങ്ങള്‍ക്കും ഭയത്തിനും കീഴടങ്ങി അമേരിക്കന്‍ ലിബറല്‍ വര്‍ഗ്ഗം എങ്ങിനെ തങ്ങളുടെ തന്നെ നിയന്ത്രണത്തിലുണ്ടായിരുന്ന ലിബറല്‍ സ്ഥാപനങ്ങളടക്കം കോര്‍പ്പറേറ്റ് ഹെജിമണിക്ക് മുന്നില്‍ അടിയറവ് വെച്ചുവെന്നും തങ്ങളുടെ വര്‍ഗ്ഗത്തിന്റെ ആത്യന്തിക നാശത്തിലേക്ക് എങ്ങിനെ നടന്നടുക്കുന്നുവെന്നും ആണ് ‘ഡെത് ഓഫ് ദ ലിബറല്‍ ക്ലാസ്സ്’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

കോര്‍പ്പറേറ്റ് അധികാര വര്‍ഗ്ഗത്തിന്റെ ഒരു അനുബന്ധമെന്ന നിലയില്‍ ലിബറല്‍ വര്‍ഗ്ഗം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് ക്രിസ് തന്റെ പുസ്തകത്തില്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ ആവാസ വ്യവസ്ഥയെ അനുദിനം മലിനമാക്കിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ യജമാനന്മാരും അടിമകളും മാത്രമുള്ള ഒരു ലോകത്തിന്റെ സൃഷ്ടിക്കായ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സാമൂഹിക സംഘാടനത്തിന്റെ പുതിയ കോണ്‍ഫിഗറേഷനില്‍ ഒരു ലക്ഷ്യവും നിറവേറ്റാനില്ലാത്ത ലിബറല്‍ വര്‍ഗ്ഗം ഉപേക്ഷിക്കപ്പെടുകയോ സ്വയം മരണത്തിലേക്ക് നടന്നടുക്കുകയോ ചെയ്യുന്നു.

ചെറു ന്യൂനപക്ഷം വരുന്ന വരേണ്യ വര്‍ഗ്ഗത്തിന് രാഷ്ട്ര സമ്പത്ത് കൊള്ളയടിക്കുന്നതിനുള്ള നിഷ്‌ക്രിയ പങ്കാളികളായി ലിബറല്‍ വര്‍ഗ്ഗം എങ്ങിനെ മാറുന്നുവെന്നാണ് ക്രിസ് ആറ് അധ്യായങ്ങളുള്ള തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്. അമേരിക്കന്‍ ലിബറല്‍ ക്ലാസ്സിന്റെ മരണത്തെക്കുറിച്ചുള്ള സചിത്ര വിവരണമാണ് ക്രിസ് ഹെജസിന്റെ പുസ്തകത്തിന്റെ ഉള്ളടക്കമെങ്കിലും അത് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹികാവസ്ഥകളുടെ നേര്‍ച്ചിത്രമായി പലപ്പോഴും മാറുന്നതായി കാണാന്‍ കഴിയും. ഏറ്റവും കുറഞ്ഞത് ഒരു ദശകക്കാലമായി ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ഒളിഗാര്‍ക്കിയെയും അതിനോടുള്ള ലിബറല്‍ വര്‍ഗ്ഗത്തിന്റെ അസാധാരണ രൂപത്തിലുള്ള സഹകരണത്തെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ക്രിസ് ഹെജസിന്റെ പുസ്തകത്തിലെ അസാധാരണമായ രീതിയിലുള്ള സമാനതകള്‍ കണ്ടെത്താന്‍ സാധിക്കും.

ഫ്യൂഡലിസത്തിന്റെയും മതമേധാവിത്വത്തിന്റെയും അസ്തമനത്തോടെയാണ് ക്ലാസിക്കല്‍ ലിബറലിസം ഉദയം ചെയ്യുന്നതെന്ന് നമുക്കറിയാം. നിയമവാഴ്ചയെ അംഗീകരിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സമത്വം, സാര്‍വ്വത്രികവാദം എന്നീ ദാര്‍ശനിക വ്യവസ്ഥയിലായിരുന്നു ലിബറല്‍ വര്‍ഗ്ഗം തങ്ങളുടെ അടിത്തറ ഉറപ്പിച്ചിരുന്നത്. മനുഷ്യസമൂഹത്തിന്റെ ഭൗതിക പുരോഗതിയില്‍ വിശ്വസിച്ചിരുന്നു എന്നതുകൊണ്ട് ലിബറല്‍ വര്‍ഗ്ഗം അടിസ്ഥാനപരമായി ഭൗതികവാദികളെന്ന നിലയിലും വിശേഷിപ്പിക്കപ്പെടുന്നു. പരമ്പരാഗത ജനാധിപത്യ വ്യവസ്ഥയില്‍ അധികാര വര്‍ഗ്ഗവുമായുള്ള ബന്ധം നിലനിര്‍ത്തുകയും പരസ്പര സഹകരണത്തിന്റേതായ ഒരു വഴി വെട്ടിത്തുറക്കുകയും ചെയ്യുകയായിരുന്നു ലിബറല്‍ വര്‍ഗ്ഗം നാളിതുവരെ ചെയ്തുപോന്നിരുന്നത്. എന്നാല്‍ പുതിയ കാലം ഭരണകൂടങ്ങളുമായുള്ള ലിബറല്‍ വര്‍ഗ്ഗത്തിന്റെ കൊടുക്കല്‍-വാങ്ങല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണെന്ന് ക്രിസ് ഹെജസ് വിലയിരുത്തുന്നു. ജനാധിപത്യ രാഷ്ട്രത്തിനു നേരെ കോര്‍പ്പറേറ്റ് ഭരണകൂടം നടത്തിയ ആക്രമണം ലിബറല്‍ വര്‍ഗ്ഗത്തെ അതിന്റെ ഇരകളില്‍ ഒന്നാക്കി മാറ്റി എന്നാണ് ഹെജസിന്റെ നിരീക്ഷണം.

അക്കാദമിക്, മാധ്യമ മേഖലകളിലെ മൗനങ്ങളെക്കുറിച്ചും കലാ-സാംസ്‌കാരിക മേഖലകളിലെ പുത്തന്‍ പ്രവണതകളെക്കുറിച്ചും ക്രിസ് വിശദീകരിക്കുമ്പോള്‍ ഇന്ത്യന്‍ അവസ്ഥകളുടെ നേര്‍ച്ചിത്രമാണെന്ന് നമുക്ക് തോന്നിയേക്കാം. ഇന്ത്യന്‍ യൂണിവേര്‍സിറ്റികളിലെ പാണ്ഡിത്യം നിറഞ്ഞ മൗനങ്ങള്‍ക്ക് അവയുമായി അമ്പരിപ്പിക്കുന്ന സമാനതകള്‍ നാം കണ്ടെത്തും. പ്രിന്‍സ്റ്റണ്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദാഹരണത്തിലൂടെ ക്രിസ് കാര്യങ്ങള്‍ വിശദീകരിക്കുന്നു. ”സുഖകരവും പലപ്പോഴും ഉയര്‍ന്ന ശമ്പളമുള്ളതുമായ സ്ഥാനം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ ലിബറല്‍ വര്‍ഗ്ഗം യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. പരസ്യമായ രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നിടത്തോളം കാലം സര്‍വകലാശാലകളിലും മറ്റുമുള്ള നികുതി ഇളവ് പദവികള്‍ ആസ്വദിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. തൊഴിലാളി നേതാക്കള്‍ക്ക് സ്വപ്നസദൃശമായ ശമ്പളം നല്‍കുന്നു. വര്‍ഗസമരത്തിന്റെ ഭാഷയില്‍ സംസാരിക്കാത്തിടത്തോളം കാലം, കോര്‍പ്പറേറ്റ് മുതലാളിത്തത്തിലെ ജൂനിയര്‍ പങ്കാളികളായി അവര്‍ പരിഗണിക്കപ്പെടുന്നു. കലാകാരന്മാര്‍ ഹോളിവുഡ് ഹില്‍സിലെ സുഖാലസ്യത്തില്‍ മയങ്ങി ജീവിക്കുന്നു.”

‘kind of withering of the humanities’ എന്ന് ക്രിസ് ഹെജസ് ഒരു അഭിമുഖത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഘടനകളെ, അനുമാനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയും വിശാലമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്ന ലിബറല്‍ വിദ്യാഭ്യാസം വന്‍കിട സ്വകാര്യ മൂലധനത്തിന്റെ മുഷ്ടിക്കുള്ളിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന് ഹെജസ് വിശദീകരിക്കുന്നു. ഈ സ്വകാര്യ മൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന വിദ്യാഭ്യാസത്തിലൂടെ ‘സിസ്റ്റം മാനേജര്‍മാരുടെ ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു. സവിശേഷ സ്വഭാവത്തോടുകൂടിയ ഒരു വിശകലന രീതിയില്‍ നിഷ്ണാതരായ അവര്‍ക്ക് വ്യവസ്ഥയെ എങ്ങനെ സേവിക്കാം എന്നത് മാത്രമേ അറിയൂ എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. (സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് പരവതാനി വിരിക്കാന്‍ കേരളത്തിലെ ‘ഇടതുപക്ഷ’ സര്‍ക്കാര്‍ തീരുമാനിക്കുകയും തങ്ങളുടെ തന്നെ രക്തസാക്ഷികളോട് വഞ്ചനകാട്ടുകയും ചെയ്യുമ്പോള്‍ കാണുന്ന കടുത്ത മൗനത്തിന് നല്‍കേണ്ട വിലയെന്തായിരിക്കുമെന്ന് ക്രിസ് നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ ധാരാളം).

Read more

(തുടരും)