സര്‍ വിളിയിലെന്താണ് പ്രശ്‌നം ?

പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തില്‍ ഇനിമേലില്‍ സര്‍ മാഡം വിളികള്‍ ഒഴിവാക്കിയിരിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേകയോഗത്തിലാണ് ശ്രദ്ധേയമായ ഈ തീരുമാനമുണ്ടായത്. സര്‍ മാഡം വിളികള്‍ നിരോധിക്കുന്ന രാജ്യത്തെ ആദ്യത്തെ ഗ്രാമമായി മാറിയിരിക്കുകയാണിപ്പോള്‍ മാത്തൂര്‍. ഗ്രാമപ്പഞ്ചായത്തിന്റെ പ്രസ്താവന വന്നിട്ടുള്ളത് ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 75 കൊല്ലം കഴിഞ്ഞിരിക്കുന്നു. ജനാധിപത്യവ്യവസ്ഥിതി പൂര്‍ണ്ണമായി അര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത് എന്ന അര്‍ത്ഥത്തിലാണത്.

ഓരോ ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥയും അവരവരുടെ പേരുകളും ഉദ്യോഗപ്പേരും മേശകളില്‍ പ്രദര്‍ശിപ്പിക്കും. അവരെ പേരുവിളിക്കുകയോ ഉദ്യോഗപ്പേര് വിളിക്കുകയോ ചെയ്യാം. തന്നേക്കാള്‍ പ്രായം കൂടുതലുള്ളയാളെ വേണമെങ്കില്‍ ‘ചേട്ടാ’ എന്നോ ‘ചേച്ചി’ എന്നോ വിളിക്കാം എന്നാണ് നിര്‍ദ്ദേശം. പേരുവിളിക്കുന്നത് കേരളത്തില്‍ ബഹുമാനക്കുറവായാണ് കണക്കാക്കപ്പെടുന്നത്. (കേരളത്തില്‍ എന്നു പറയാന്‍ കാരണം ഇതരസംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ വ്യവസായമേഖലയില്‍, അല്ലെങ്കില്‍ മുതിര്‍ന്നവരെ പേരുവിളിക്കുന്നത് ബഹുമാനക്കുറവായി കാണുന്നില്ല എന്നതുകൊണ്ടാണ്) കേരളത്തില്‍ ഇങ്ങനെയായതുകൊണ്ടാണ് ചേട്ടാ ചേച്ചി എന്നുവിളിക്കുക എന്നു തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം വേറൊരു ജനാധിപത്യപരമായ തീരുമാനം കൂടി പഞ്ചായത്ത് സമിതി കൈക്കൊണ്ടിട്ടുള്ളത് ഇനിമുതല്‍ അപേക്ഷിക്കുന്നു അഭ്യര്‍ത്ഥിക്കുന്നു തുടങ്ങിയ വാക്കുകള്‍ വേണ്ട എന്നതാണ്. ഇതിനുപകരമായി അവകാശപ്പെടുന്നു എന്നോ താത്പര്യപ്പെടുന്നു എന്നോ ചേര്‍ക്കാം. ഈ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നടക്കാന്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ പരാതിപ്പെടാവുന്നതാണ്.

മനസ്ഥിതി മാറുമോ ?
വിളി മാറ്റിയാല്‍ മനസ്ഥിതി മാറുമോ എന്നു ചോദിച്ചാല്‍ മാറും എന്നാണ് കാലം തെളിയിക്കുന്നതെങ്കില്‍ നമുക്ക് സ്വീകരിക്കാം. കോഗ്നിഷനെ ഗണ്യമായി സ്വാധീനിക്കുന്നത് നിരന്തരം ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇത് നടപ്പിലാക്കണമെന്ന് നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു. ഓഫീസുകളിലെ സര്‍വിളി മാറ്റാന്‍ ആരും മുന്‍കൈയെടുക്കുമെന്ന് കരുതാന്‍ കഴിയില്ല. രാഷ്ട്രീയക്കാര്‍ അത്രപോലും താത്പര്യം കാണിക്കില്ല. അതിനെല്ലാം കാരണങ്ങളുണ്ട്. എന്തായാലും മത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലേത് ഒരു പരീക്ഷണമായി കാണാം. നമുക്കത് നിരീക്ഷിച്ചുകൊണ്ടിരിക്കാം എന്നേ പറയാന്‍ കഴിയുകയുള്ളൂ.

പ്രശ്‌നം ഇതൊന്നുമല്ല
കാര്യം ഇതൊക്കെത്തന്നെയാണെങ്കിലും ഇതിന് ഒരു മറുവശമുണ്ട്. അഥവാ സര്‍ വിളി ഒഴിവാക്കുമ്പോള്‍ വന്നുചേരാവുന്ന ചില പ്രശ്‌നങ്ങള്‍ പരിശോധിക്കാം.

ജ്വേഷ്ഠസഹോദരനോ അദ്ധ്യാപകനോ അല്ലാത്ത പരിചയം കുറവുള്ള ഒരു മാന്യനെ ഹിന്ദിയില്‍ സാഹിബ് എന്നും കന്നഡയില്‍ ഗുരോ എന്നും തമിഴില്‍ അയ്യാ എന്നും വിളിക്കുന്നതിനോട് ഏറ്റവും അടുപ്പമുള്ള ഏതെങ്കിലും പദം മലയാളത്തില്‍ കണ്ടെത്തുക അല്പം വിഷമമുള്ള കാര്യമാണ്. ഉള്ളതാകട്ടെ വിധേയത്വം തോന്നിക്കുന്ന വാക്കുകളാണ്.

വിധേയത്വത്തിന്റെ അഭിസംബോധനാരീതികള്‍ ഒരിക്കലും കൊളോണിയലിസത്തിന്റെ സംഭാവനയല്ല. ഭാഷ ഒന്നു മാറിയെന്നു മാത്രമേയുള്ളൂ. ഇംഗ്ലീഷിന്റെ സ്വാധീനമില്ലാത്ത വിധേയത്വാഭിസംബോധനകള്‍ നിരവധിയുണ്ട്. മലയാളത്തില്‍ മാത്രം നോക്കിയാല്‍ പോലീസുകാരെ ഏമാന്‍ എന്നാണ് വിളിച്ചിരുന്നത്. ജനാധിപത്യം വന്നതിനുശേഷവും ജനങ്ങളുടെ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥനെ ജനങ്ങള്‍തന്നെ യജമാനന്‍ എന്നുവിളിക്കുന്നതിന്റെ വിരോധാഭാസമൊന്നും അന്നാരും ചിന്തിച്ചിട്ടില്ല. കാരണം രാജഭരണത്തിന്റെയും ഫ്യൂഡലിസത്തിന്റെയും സ്മൃതികള്‍ മാഞ്ഞുപോയിരുന്നില്ല. മറ്റുദ്യോഗസ്ഥന്‍മാരെയും ജന്മികളെ വിളിക്കുന്നതുപോലെ അങ്ങത്ത് അവിടുന്ന് എന്നൊക്കെയാണ് വിളിച്ചിരുന്നത്. വര്‍ണ്ണാധിഷ്ഠിതമായ തിരുമേനി തിരുമനസ്സ് തിമുല്‍പ്പാട് സ്വാമി അതിനൊന്നും ഇപ്പോഴും മാറ്റം വന്നിട്ടില്ല. അതുകൊണ്ട് സായിപ്പിനെ മാത്രം ഇക്കാര്യത്തില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മിസ്റ്റര്‍ ചേര്‍ത്ത് ആരെയും വിളിക്കാം എന്നു പഠിപ്പിച്ചുതന്നതും അവരാണ്.

SIR  എന്നാല്‍ ‘Slave I Remain’ എന്നതിന്റെ ചുരുക്കപ്പേരാണ് എന്നൊരു പ്രചരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന് ഇന്നുവരെ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ആരോ പറഞ്ഞു, പലരും വിശ്വസിച്ചു എന്നുമാത്രം. ഒന്നാം സ്വാതന്ത്ര്യസമരം എന്ന് നമ്മള്‍ അംഗീകരിച്ച 1857- കലാപത്തിന്റെ കാരണങ്ങളിലൊന്ന് ഗ്രീസ് എന്ന ലൂബ്രിക്കന്റ് ചില മൃഗങ്ങളുടെ കൊഴുപ്പാണ് എന്ന തെറ്റിദ്ധാരണ പരന്നതാണ് എന്നതുപോലെ പോസിറ്റീവ് ഇഫക്റ്റ് ഓഫ് എ മിസ് അണ്ടര്‍സ്റ്റാന്റിംഗ് എന്നാണ് ഇവിടെ പറയാന്‍ തോന്നുന്നത്. മാറ്റത്തോടുള്ള ആഭിമുഖ്യം നല്ലതായതിനാല്‍.

യൂറോപ്പില്‍ പ്രഭുക്കന്‍മാരെയും മാടമ്പിമാരെയുമെല്ലാം വിളിക്കാനുപയോഗിച്ചിരുന്ന ഒരു പദം പില്‍ക്കാലത്ത് ജനകീയവത്ക്കരിക്കപ്പെട്ടതാണ് സര്‍. ബ്രിട്ടീഷുകാര്‍വഴി അത് ഇന്ത്യയിലുമെത്തി. ഏമാനേ അങ്ങത്തേ എന്നെല്ലാം വിളിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയാണ് സര്‍ വിളി. കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ അല്ലെങ്കില്‍ പോലീസുകാര്‍ പൊതുജനത്തെയും പ്രായവും മാന്യമായ ഇടപെടലുമെല്ലാമനുസരിച്ച് ഇത് തിരികെയും വിളിക്കാറുണ്ട്.

സര്‍ വിളി ഒഴിവാക്കുമ്പോള്‍ ഓഫീസുകളില്‍ ടേബിളിലെ ബോര്‍ഡുകണ്ട് ഉദ്യോഗസ്ഥനെ പേരുവിളിക്കാം. പ്രായത്തിനുമൂത്തയാളാണെങ്കില്‍ ചേട്ടന്‍ ചേച്ചി എന്ന് ഒരു പൗരന് വിളിക്കാമെന്നു വെക്കാം. എന്നാല്‍ നെയിം ബോര്‍ഡില്ലാത്ത പൗരനെ ഇടക്കിടെ തിരികെ വിളിക്കാന്‍ പേര് ഓര്‍മ്മയിരിക്കണമെന്നില്ല. മിസ്റ്റര്‍ വിളിയിലാകട്ടെ അത്പം വിനയക്കുറവ് തോന്നുകയും ചെയ്യും. വിളിക്കാനും പാടാണ്.

പൗരന്‍ സൂപ്രണ്ടിനെ സൂപ്രണ്ട് എന്നുവിളിച്ചാല്‍ കുഴപ്പമില്ല. ക്ലാര്‍ക്കിനെ ഇടക്കിടെ ക്ലാര്‍ക്ക് എന്നുവിളിക്കുന്നത് പില്‍ക്കാലത്ത് അരോചകമായി തോന്നിയേക്കാം. പോലീസിലെ കോണ്‍സ്റ്റബിള്‍ എന്ന തസ്തികയുടെ പേരുതന്നെ മാറാന്‍ കാരണം പട്ടണപ്രവേശം എന്ന  സിനിമയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രായത്തിനു മുതിര്‍ന്ന അറ്റന്‍ഡറെ ചേട്ടാ എന്നുവിളിക്കാം. പ്രായം കുറഞ്ഞയാളാണെങ്കില്‍ അറ്റന്‍ഡര്‍, ഓഫീസ് അസിസ്റ്റന്റ് വിളികളൊക്കെ പിന്നീട് പരാതിക്കു വഴിവച്ചേക്കും.

ഇനി ഓഫീസും ബ്യൂറോക്രസിയുമൊക്കെ വിടാം. എവിടെവെച്ചും കാണുന്ന ഒരു വ്യക്തിയെ ആദ്യസമയത്ത് വിളിക്കാന്‍ മാന്യമല്ലാത്ത പദങ്ങളൊന്നുമല്ല സറും മാഡവും. അതില്‍ വിധേയത്വമോ ആധിപത്യമോ ആരോപിക്കാതിരുന്നാല്‍ മതി. കാരണം ആ വ്യക്തിക്ക് തിരികെയും വിളിക്കുന്നത് ഇതേ വാക്കുകളാണ്.

Read more

എന്തുതന്നെയായാലും മാറ്റങ്ങള്‍ വരാതിരിക്കാന്‍ കഴിയില്ല. വാക്കുകളുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് നമ്മുടെ സംസ്‌കാരചരിത്രത്തിലെ ഒരു സുപ്രധാനഘടകമായി മാറിയ കാലമാണ്. ഒരു ഭാഷ മറ്റൊരു ഭാഷയില്‍നിന്നും വാക്ക് കടമെടുക്കുന്നത് തത്തുല്യവും മൗലീകവുമായ ഒന്ന് സ്വന്തം ശേഖരത്തില്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്ന് മനസ്സിലാക്കിക്കൊണ്ടുവേണം മാറ്റങ്ങള്‍ വരുത്തേണ്ടത് എന്നുമാത്രം.