സിസ്റ്റര്‍ അഭയ മരിച്ചിട്ട് ഇന്ന് മുപ്പത് വർഷം തികയുന്നു. 1992 മാര്‍ച്ച് 27 ന് കോട്ടയം പട്ടണത്തിന് നടുവിലുള്ള പയന്‍സ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ബീനാ തോമസ് എന്ന സിസ്സ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. കോട്ടയം ബി സി എം കോളജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു അവര്‍. ക്നാനായ കത്തോലിക്കാ സഭയിലെ സന്യാസിനിയായിരുന്ന സിസ്റ്റര്‍ അഭയ സഭയുടെ തന്നെ കോണ്‍വെന്റായ പയസ് ടെന്‍ത് കോണ്‍വെന്റിലാണ് താമസിച്ചിരുന്നത്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ സമാനതകളിലാത്ത കേസായിരുന്നു സിസ്റ്റര്‍ അഭയ വധക്കേസ്. ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസും പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ചും മരണം ആത്മഹത്യയായി എഴുതിത്തള്ളി. എന്നാല്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ സജീവമായ ഇടപെടലും, മാധ്യമങ്ങളും പൊതു സമൂഹവും അതിന് നല്‍കിയ പിന്തുണയുമാണ് ഒരു പാവം കന്യാസ്ത്രീയുടെ ദാരുണമായ കൊലയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിച്ചത്. സമ്പത്തും കൊണ്ടും രാഷ്ട്രീയ സാമൂഹ്യ സ്വാധീനം കൊണ്ടും ഏതറ്റം വരെ പോകാനും അന്വേഷണ ഏജന്‍സികളെയും എന്തിന്,, നീതിന്യായ സംവിധാനത്തെ പോലും തങ്ങളുടെ വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കഴിവുണ്ടെന്ന് അഹങ്കരിച്ചിരുന്ന ഒരു വലിയ ശക്തിക്കെതിരെ വളരെ ദുര്‍ബലരായ ചിലര്‍ അവരുടെ ധാര്‍മ്മിക ബോദ്ധ്യത്തിന്റെ പിൻബലത്തില്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമായിരുന്നു അഭയകേസിന്റെ പരിസമാപ്തി.
1993 ജനുവരി 30 ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെതിരെ അഭയ ആക്ഷൻ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു.
1993 മാര്‍ച്ച് 29 നാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം അഭയ വധക്കേസ് സി ബി ഐ ക്ക് വിടുന്നത്. അതോടെ കാല്‍നൂറ്റാണ്ടിലധികം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. അഭയ ആക്ഷന്‍ കൗണ്‍സിലില്‍ കണ്‍വീനര്‍ ആയിരുന്ന ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന നീണ്ടൂര്‍ സ്വദേശിയായ ചെറുപ്പക്കാരന്‍ ഒരു ഏകാംഗ സൈന്യം പോലെ നടത്തിയ നിയമയുദ്ധങ്ങളാണ് ഈ കേസിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയത്. തനിക്ക് നേരെ പലതവണയുണ്ടായ വധശ്രമങ്ങളും ഭീഷണികളും പ്രലോഭനങ്ങളും അതീജീവിച്ചാണ് ‘ ദൈവത്തിന്റെ വക്കീല്‍’ എന്ന് പീന്നീട് കേരളം വിളിച്ച ജോമോന്‍ പുത്തന്‍ പുരക്കല്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐ യുടെ വിശ്വാസ്യത കോടതികളില്‍ നിരന്തരം ചോദ്യം ചെയ്യപ്പെട്ട കേസു കൂടിയായിരുന്നു അഭയക്കേസ്. കേസ് അന്വേഷിച്ച സി ബി ഐ ഡി വൈ എസ് പി വര്‍ഗീസ് പി തോമസ് അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. എന്നാല്‍ അഭയ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സി ബി ഐ, എസ് പിയായിരുന്ന ത്യാഗരാജന്‍ നിര്‍ബന്ധിക്കുന്നുവെന്ന് വര്‍ഗീസ് പി തോമസ് ആരോപിച്ചു. താന്‍ രാജിവെയ്ക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ സി ബി ഐയും വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകുന്നുവെന്ന് വ്യക്തമാവുകയായിരുന്നു.
ഇതേ തുടര്‍ന്ന് കേസിന്റെ അന്വേഷണം സി ബി ഐ ജോയിന്റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇതിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവും നടന്നു. സി ബി ഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മരണം കൊലപാതകം ആണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കി. രണ്ട് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷം പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ലന്നും കേസ് എഴുതിത്തളളണമെന്നും ആവശ്യപ്പെട്ട് സി ബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
സത്യസന്ധമായി മര്യാദക്ക് കേസന്വേഷിച്ച് പ്രതികളെ കണ്ടെത്താന്‍ കടുത്ത ഭാഷയില്‍ ആവശ്യപ്പെട്ടുകൊണ്ട് സി ബി ഐയുടെ ആവശ്യം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. അഭയയുടെ മരണം കൊലപാതകമാണെന്നും എന്നാല്‍ നിര്‍ണായക തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടത് കൊണ്ട് പ്രതികളെ കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് 1999 ജൂലൈയില്‍ വീണ്ടും സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയോഗിക്കാനും ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിംഗ് അടക്കമുള്ള നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ അവലംബിക്കാനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നല്‍കി. 2001 മെയ് 18 ന് കൂടുതല്‍ അന്വേഷണം വേണമെന്ന് കേരളാ ഹൈക്കോടതിയും ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് 2001 ല്‍ സി ബി ഐ ഡി ഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കോട്ടയെത്തെത്തി.
2005 ഓഗസ്റ്റ് കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി ബി ഐ സംഘം വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്്ട്രേറ്റ് കോടതിയെ സമീപിച്ചു. പിന്‍മാറാനുളള അനുമതി കോടതി വീണ്ടും നിഷേധിച്ചു. പൊലീസ് തെളിവു നശിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് അന്വേഷണത്തില്‍ നിന്ന് പിന്‍മാറാന്‍ നാണമാകില്ലേ എന്നാണ് അന്ന് കോടതി സി ബി ഐയോട് ചോദിച്ചത്.
സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു. സി.ബി.ഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. അഭയ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എ.എസ്.ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് സി.ബി.ഐ. സംഘം വ്യക്തമാക്കിയിരുന്നു. എഴുപത്തഞ്ച് വയസുളള അഗസ്റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പുസാക്ഷിയാകാന്‍ തയ്യാറായിരുന്നുവെന്നും പിന്നീട് അദ്ദേഹം നിലപാടു മാറ്റിയെന്നും പറയപ്പെടുന്നു. ഇതിനിടയില്‍ അഭയയുടെ ഫോറന്‍സിക് റിപ്പോട്ടില്‍ തിരുത്തലുകള്‍ ഉണ്ടായി എന്ന വാര്‍ത്തകളും പുറത്ത് വന്നു. തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയിലെ ചീഫ് കെമിക്കല്‍ എക്സാമിനര്‍മാരായിരുന്ന ജെ ഗീത, ആര്‍ ചിത്ര എന്നിവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ അവര്‍ നിരപരാധികളാണെന്ന് കണ്ട് കോടതി പിന്നീട് ആ കേസ് റദ്ദാക്കി.
2008 ഒക്ടോബറില്‍ അഭയക്കേസ് സി ബി ഐ യുടെ കേരളഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു, നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സജ്ഞു മാത്യുവിന്റെ മൊഴി സി ബി ഐ വിശദമായി രേഖപ്പെടുത്തി. 2008 നവംബര്‍ 18 ന് കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ സി ബി ഐ കസ്റ്റഡിയിലായി. നവംബര്‍ 19 ന് കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കസ്റ്റഡിയിലായി, പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി, സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. 2009 ജനുവരി 14ന് കേസിന്റെ മേല്‍നൊട്ടം കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഏറ്റെടുത്തു.
2013 ല്‍ അഭയ കൊലക്കേസില്‍ കോട്ടയം ബി.സി.എം. കോളജിലെ മുന്‍ പ്രൊഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
2018 ല്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയലിനെ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി.2019 ഒന്നാം പ്രതി ഫാ തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെയും വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. 2020 ഡിസംബര്‍ 23ന് 28 വര്‍ഷം നീണ്ട വലിയ നിയമ പോരാട്ടത്തിന് ശേഷം തിരുവനന്തപുരം സി ബി ഐ കോടതി സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി പറഞ്ഞു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും പിഴയുമായിരുന്നു ശിക്ഷ.
അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും, തന്റെ യൗവ്വനകാലം മുഴുവന്‍ ഈ കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ ഉഴിഞ്ഞ് വെയ്ക്കുകയും ചെയ്ത സത്യത്തിന്റെ കാവല്‍ ഭടന്‍ , ജോമോന്‍ പുത്തന്‍പുരക്കലിന്റെ വാക്കുകള്‍ തന്നെ എടുത്ത് പറഞ്ഞ് നമുക്കിതവസാനിപ്പിക്കാം ‘ ഈ പോരാട്ടത്തിനടയില്‍ പലപ്പോഴും ഞാന്‍ നിരാശ വന്ന് മൂടുമ്പോള്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇതെല്ലാം ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി വല്ല കൂലിപ്പണിയെടുത്ത് ജീവിച്ചാലോ എന്ന്, അപ്പോഴെല്ലാം എന്റെ മനസില്‍ തെളിഞ്ഞത് നിസ്സഹായയായി മരണത്തിലേക്ക് എടുത്തെറിയപ്പെട്ട ആ പാവം കന്യാസ്ത്രീയുടെ മുഖമായിരുന്നു’ അതാണ് എന്നെ നീതിക്ക് വേണ്ടി നിലകൊള്ളാന്‍ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചത്’
Read more
കാലം ആ പാവം കന്യാസ്ത്രീക്ക് നീതി കൊടുത്തവെന്ന് നമുക്കാശ്വസിക്കാം.