എമ്പുരാനെതിരെ ഹര്‍ജി നല്‍കി; പിന്നാലെ ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിനൽകിയതിന് പിന്നാലെ പരാതിക്കാരന് സസ്‌പെൻഷൻ. തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷിനെയാണ് പാർട്ടി സസ്‌പെൻഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് വിജീഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എമ്പുരാന്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ആ നിലപാടിന് വിരുദ്ധമായ പ്രവൃത്തിയാണ് ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി. സിനിമയുടെ പ്രദര്‍ശനം തടയണമെന്നായിരുന്നു വിജേഷിന്റെ ഹർജിയിലെ ആവശ്യം. സിനിമ രാജ്യ വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഈ സിനിമ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്നതാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി ചിത്രീകരിക്കുന്നു, മതസ്പര്‍ദ്ധയ്ക്ക് വഴിയൊരുക്കുന്നു, ഗോദ്ര കലാപത്തെ അടക്കം തെറ്റായി കാണിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്നൊക്കെയാണ് ആരോപണങ്ങള്‍. ഈയൊരു സാഹചര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ കലാപവും മതവൈര്യവും കൂട്ടുന്നതിന് ഇടയാകും അതുകൊണ്ട് സിനിമ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.