കെ.സഹദേവന്‍
ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലമായി കേരളത്തിൻ്റെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആശ വർക്കർമാർ അവരുടെ പ്രതിമാസ വേതനം 21,000 രൂപയായി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആയി പ്രഖ്യാപിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സമരരംഗത്താണ്.
ആശ വർക്കർമാരുടെ സമരത്തെ അവഗണിക്കാനും പല തരത്തിൽ ഇകഴ്ത്തിക്കാണിക്കാനും ആണ് കേരള സർക്കാരും അതിനെ നയിക്കുന്ന സി.പി.എം നേതാക്കളും ശ്രമിക്കുന്നത്.
കേരളത്തിൻ്റെ ധന പ്രതിസന്ധി തൊട്ട് ഒട്ടനവധി വിതണ്ഡവാദങ്ങളാണ് സർക്കാർ പ്രതിനിധികൾ ഉയർത്തുന്നത്.
എന്നാൽ ആശാ വർക്കർമാർക്ക് പ്രതിഫലം കൂട്ടാൻ സർക്കാരിന് കഴിയാത്തത് ധനപ്രതിസന്ധി കാരണം എന്ന വാദം എത്രമാത്രം യുക്തിസഹമാണ്?
സെൻ്റർ ഫോർ ഡെവലപ്പ്മെൻറ് സ്റ്റഡീസിൻ്റെ മുൻ ഡയറക്ടർ ഡോ.കെ.പി.കണ്ണൻ പൊള്ളയായ ഈ വാദത്തെ തുറന്നു കാണിക്കുന്നതിങ്ങനെ:
”ധനമന്ത്രി 2022-23ൽ തനത് വരുമാനമായി (ടാക്സ്+നോൺടാക്സ്) പിരിച്ചത് സംസ്ഥനവരുമാനത്തിൻ്റെ 8.5 ശതമാനം. അതായത് ഓരോ നൂറ് രൂപ വരുമാനത്തിനും 8.5 രൂപ സർക്കാർ വരുമാനമായി പിരിച്ചു. 2023-24ൽ ഇത് 7.9 രൂപയായി കുറഞ്ഞു. 2024-2 5ൽ ഇത് 7.8 രൂപയായി കുറയുമെന്ന് ബജറ്റ് രേഖകൾ പറയുന്നു. ഇത് 2022-23 ലെ 8.5 എന്ന തോതിൽ നില നിർത്തിയിരുന്നെങ്കിൽ 9000 കോടി രൂപ അധികം കിട്ടുമായിരുന്നു.
മുപ്പതിനായിരത്തോളം വരുന്ന അശാവർക്കർമാർക്ക് മാസം അവർ ചോദിച്ച 11000 രൂപ കൂടുതൽ കൊടുത്താൽ സർക്കാരിന് വരുന്ന അധിക ചെലവ് വർഷത്തിൽ 396 കോടി രൂപ. അതായത്, ഇക്കൊല്ലം പിരിക്കാതെ പോയ 9000 കോടിയുടെ 4.4 ശതമാനം മാത്രം.
പിരിക്കേണ്ട നികുതി പിരിക്കത്തെ പോയാൽ ധന പ്രതിസന്ധി സ്വാഭാവികം.
രണ്ടു കൊല്ലം മുമ്പ് GST Vigilance നടത്തിയ ഒരു പരീക്ഷണത്തിൽ സംസ്ഥാനത്തെ 45 ശതമാനം കച്ചവട സ്ഥാപനങ്ങളും ബില്ല് കൊടുക്കാതെ കച്ചവടം നടത്തുന്നു എന്ന് കണ്ടുപിടിച്ചു. എന്തെങ്കിലും തുടർനടപടി ഉണ്ടായോ? എങ്കിൽ, എന്താണ് ഫലം?
Public Service Commission ൽ 20 അംഗങ്ങൾ ഇപ്പൊൾ ഉണ്ടത്രേ. അവർക്ക് ഓരോരുത്തർക്കും കുറഞ്ഞത് മാസം 1,02,000 രൂപയുടെ വർദ്ധന. അപ്പോൾ, ഒരു അംഗത്തിന് ഒരു വർഷത്തിൽ വരുന്ന അധിക ചിലവ്= 12,24,000 രൂപ. 20 അംഗങ്ങൾക്ക് 244.8 ലക്ഷം രൂപ. ഇത്രയും രൂപ കൊണ്ട് 2,225 ആശമാർക്ക് പ്രതിമാസം 11,000 രൂപ അധിക വേതനം കൊടുക്കാൻ സാധിക്കും.
ആർക്കാണ് മുൻഗണന കൊടുക്കേണ്ടത്?
ഇത് പൊതു ധാർമികതയാണോ അതോ അതിൻ്റെ അശ്ലീലവൽക്കരണമാണോ?
കേരളത്തിൻ്റെ സാമൂഹ്യ സുരക്ഷാകവചം കാത്തുസൂക്ഷിക്കുന്നത് സ്ത്രീകളാണ് എന്ന തിരിച്ചറിവ് അധികാരികൾക്ക് ഉണ്ടോ? അങ്കനവാടി ടീച്ചർമാരും, സഹായികളായും, സ്കൂളുകളിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നവരും, അശാവർക്കർമരായും, ബഡ്സ് സ്കൂളുകളിലെ ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നവരും, പാലിയേറ്റീവ് ശുശ്രൂഷ ചെയ്യുന്നവരിൽ ഭൂരിഭാഗം സന്നദ്ധ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകർ ചെയ്യുന്ന മിക്ക ജോലികളിലും, എല്ലാം തന്നെ സ്ത്രീകളാണ്. പക്ഷേ, പുരോഗമന കേരളത്തിൽ അവരുടെ അധ്വാനത്തിന് തുച്ഛ വില മാത്രം.”
Read more
ആശ വർക്കർമാരുടെ ഈ സമരത്തെ പിന്തുണയ്ക്കേണ്ടത് ധാർമ്മിക ബോധം നഷ്ടപ്പെടാത്ത മുഴുവനാളുകളുടെയും കടമയാണ്.