"ഇവർ പിണറായി വിജയന്റെ മനുഷ്യാവകാശ ലംഘനത്തിന്റെ ആദ്യത്തെ ഇരകളല്ല"

ഹരി മോഹൻ

രണ്ടമ്മമാരുടെ നെഞ്ചുപൊട്ടുന്ന കരച്ചിലാണ്.

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ മോര്‍ച്ചറിയുടെ മുന്നിലിരുന്നു സ്വന്തം മകന്‍ ഇനി തിരിച്ചു വരില്ലെന്ന് അറിഞ്ഞാണ് ഒരമ്മ തേങ്ങുന്നത്. വേല്‍മുരുകന്‍ കേരളത്തിലെ സി.പി.ഐ.എം സര്‍ക്കാരിന്റെ, വിജയനെന്ന ഭരണാധികാരിയുടെ, മനുഷ്യാവകാശ ലംഘനത്തിന്റെ ആദ്യത്തെയോ അവസാനത്തെയോ ഇരയല്ല. ആ അവകാശം എത്രയോ വട്ടം ലംഘിക്കപ്പെട്ടിരിക്കുന്നു. ലംഘിക്കപ്പെടുന്നു. ഇനിയുള്ള മാസങ്ങളില്‍ അതുതന്നെ തുടരും എന്ന ബോദ്ധ്യവുമുണ്ട്.

മനുഷ്യത്വവിരുദ്ധര്‍ ക്രൂരമായി രണ്ടു കയറില്‍ കെട്ടിത്തൂക്കിയ തന്റെ മക്കളുടെ നീതി നിഷേധിക്കപ്പെടുന്നതു കണ്ടാണു മറ്റൊരമ്മയുടെ തേങ്ങല്‍. ആ അമ്മ നീതിക്കു വേണ്ടി ഒരു ഏകാധിപതിയുടെ കാലുകളില്‍ വരെ വീഴുന്നതു കണ്ട ജനാധിപത്യ നാടാണു നമ്മുടേത്. ആ കാഴ്ച കണ്ടു ഹൃദയം കലങ്ങാത്ത ജനാധിപത്യവാദികളുടെ നാടാണ് ഇവിടം.

ഈ കാഴ്ചകള്‍ കണ്‍മുന്നില്‍ കണ്ടിട്ടും കരളലിയാത്ത, മനുഷ്യാവകാശ ബോധമില്ലാത്ത സെലക്ടീവ് പ്രതികരണ സിംഹങ്ങള്‍ ഉയര്‍ത്തെണീറ്റിട്ടുണ്ട്. വയനാട്ടിലെ കാടുകളിലേക്കോ വാളയാറിലെ തൂങ്ങിനില്‍ക്കുന്ന കയറുകള്‍ക്ക് അറ്റത്തേക്കോ എത്താതിരുന്ന പ്രതികരണക്കണ്ണുകള്‍ മരുതന്‍കുഴിയിലെ “കോടിയേരി” എന്ന പ്രിവിലേജ്ഡ് വീട്ടിലേക്കെത്തിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥര്‍ 25 മണിക്കൂറോളം ബിനീഷ് കോടിയേരി എന്ന ക്രിമിനലിന്റെ ഭാര്യയെയും അമ്മായിഅമ്മയെയും കുട്ടിയെയും വീട്ടുതടങ്കലിലാക്കിയെന്ന്. മനുഷ്യാവകാശ ലംഘനമാണത്രെ!

ഏതു മനുഷ്യാവകാശത്തെ കുറിച്ചാണു നിങ്ങള്‍ സംസാരിക്കുന്നത്? നിങ്ങള്‍ വാളയാറിലെ കുട്ടികള്‍ക്കു ലഭിക്കാതെ പോയ നീതിയെ കുറിച്ചു സംസാരിക്കൂ, കേള്‍ക്കാം. പാലത്തായിയിലെ കുട്ടിക്കു ലഭിക്കാതെ പോയ സംരക്ഷണത്തെ കുറിച്ചു പറയൂ, കൂടെ നില്‍ക്കാം. വയനാട്ടിലും നിലമ്പൂരിലും വെടിയുണ്ടകളേറ്റു മനുഷ്യാവകാശം ലംഘിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കൂ, തെരുവിലിറങ്ങാം. ഇതൊന്നും ചെയ്യാതെ, “കോടിയേരി” എന്ന വീട്ടുപേരു നോക്കി മനുഷ്യാവകാശവും നീതിനിഷേധവും ചൂണ്ടിക്കാണിച്ചു പ്രസംഗിക്കാനിറങ്ങുന്നവര്‍ക്ക് അടുത്തുള്ള കണ്ടം കാണിച്ചു കൊടുത്ത്, ഓടെടാ… എന്നേ പറയാന്‍ കഴിയുന്നുള്ളൂ. അതിനെ എന്തു പേരിട്ടും വിളിക്കാം.

ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. കേരളത്തില്‍ ബാലാവകാശ കമ്മീഷനുണ്ട് എന്നു ബോദ്ധ്യപ്പെടുത്തി തന്നതിന്. വാളയാറിലും പാലത്തായിയിലും ഓടിയെത്താന്‍ കഴിയാതിരുന്ന ബാലാവകാശ കമ്മീഷന്‍ “കോടിയേരി”യിലേക്ക് ഓടിയെത്തി മനുഷ്യാവകാശത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമൊക്കെ പ്രസംഗിക്കുന്നതു കണ്ടു. അഡ്വ. കെ.വി മനോജ് കുമാര്‍, അഭിവാദ്യങ്ങള്‍. നിങ്ങളില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം നിങ്ങള്‍ കാത്തിരിക്കുന്നു. രണ്ടു ജില്ലാ ജഡ്ജിമാരെയും ഒരു റിട്ടയേര്‍ഡ് ജഡ്ജിയെയും അടക്കം ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മുപ്പതോളം പേരെ ഒഴിവാക്കി, സി.പി.ഐ.എം നേതാവായിരുന്ന പരേതനായ കെ.വി ബാലന്റെ മകനെ നിയമിച്ചതു വഴി സര്‍ക്കാര്‍ ഉദ്ദേശിച്ചതും ഭംഗിയായി നിങ്ങള്‍ നടപ്പിലായിരിക്കുന്നു.

ബഹുമാനം ലവലേശം പോലും അര്‍ഹിക്കാത്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍,

മോദി നയങ്ങളുടെ നടത്തിപ്പുകാരന്‍ തന്നെയാണു നിങ്ങള്‍. ജനാധിപത്യ വിരുദ്ധമെന്നു പ്രഖ്യാപിച്ചു കൊണ്ട് യു.എ.പി.എ എന്ന കരിനിയമം രാഷ്ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ ചുമത്താന്‍ നിങ്ങള്‍ക്കു മാത്രമേ കഴിയൂ. പോസ്റ്ററൊട്ടിച്ചതിനും ലഘുലേഖ കൈയില്‍ വെച്ചതിനും ആ രണ്ടു കുട്ടികള്‍ക്കെതിരെ കരിനിയമം ചുമത്തി, അതേക്കുറിച്ചു ചോദിച്ചപ്പോള്‍ കൊലച്ചിരി ചിരിക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ. ഇസ്രത് ജഹാന്‍, സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ മോദിയും അമിത് ഷായും മനുഷ്യാവകാശം ലംഘിച്ച ഭരണാധികാരികളായപ്പോള്‍, നിലമ്പൂരിലും വയനാട്ടിലും അതിനേക്കാള്‍ വൃത്തിയായി ആ പണി ചെയ്ത് അവരേക്കാള്‍ മികച്ച ഫാസിസ്റ്റാവാന്‍ നിങ്ങള്‍ പരമാവധി ശ്രമിച്ചു.

മനുഷ്യാവകാശ ലംഘകരായ സൈനികരെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹികളാക്കുന്ന മോദി രീതിയുടെ പിന്തുടര്‍ച്ചാവകാശിയാകാന്‍, വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്ന പൊലീസുകാരെ വിമര്‍ശിക്കുന്നവരെ സംസ്ഥാന ദ്രോഹികളാക്കുന്നതിലൂടെ നിങ്ങള്‍ക്കു കഴിഞ്ഞു ക്യാപ്റ്റന്‍. ലെനിന്‍ എഴുതിയ “ഭരണകൂടവും വിപ്ലവവും” എന്ന പുസ്തകം കൈവശം വെച്ചതിന് വയനാട്ടില്‍ നിന്നൊരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുക വഴി നിങ്ങള്‍ നിങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് വിജയന്‍. അമിത് ഷാ നിങ്ങളുടെ മുമ്പില്‍ തലകുനിച്ചിട്ടുണ്ടാകും.

“കോടിയേരി” ആ സ്ത്രീകളെയും കുട്ടിയെയും ചൂണ്ടിക്കാണിച്ചു മനുഷ്യാവകാശത്തെ കുറിച്ച് ഇന്നു രാത്രി ഏഴുമണി അടുക്കാറാവുമ്പോള്‍ നിങ്ങള്‍ക്കു പ്രസംഗിക്കാം. അതിനു മറുപടിയായി, സെലക്ടീവ് ന്യായീകരണ സിംഹങ്ങള്‍ക്കു കാണിച്ചു കൊടുത്ത അതേ വഴി കാണിച്ചു തരാനേ കഴിയൂ. നിങ്ങളുടെ ആരോഗ്യം അനുവദിക്കുമെങ്കില്‍, ഓടുക. കൂടെ അവരെയും കൂട്ടുക.

Read more

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)