ഗുജറാത്തിലെ അഹമ്മദാബാദിലെ സബര്‍മതി തീരത്ത് കോണ്‍ഗ്രസ് എഐസിസി സമ്മേളനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോദിയുടെ മടയില്‍ ചെന്ന് വെല്ലുവിളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 64 കൊല്ലത്തിന് ശേഷം ഗുജറാത്തിലേക്ക് എത്തിയ എഐസിസി സെഷന്‍ ചില കാര്യങ്ങള്‍ പ്രവര്‍ത്തകരേയും നേതാക്കളേയും ഓര്‍മ്മിപ്പിക്കാനും ചിലത് ബിജെപിയിലേക്ക് ചാട്ടത്തിന് കണ്ണുനട്ടിരിക്കുന്നവരെ ബോധ്യപ്പെടുത്താനുമാണ്. ഒപ്പം കരുത്തോടെ തിരിച്ചുവരാന്‍ എതിരാളിയുടെ തട്ടകത്തില്‍ നിന്ന് തന്നെ തുടക്കമിടുന്നുവെന്ന സ്വയം ബോധ്യപ്പെടുത്തല്‍ കൂടിയാണ്. ചര്‍ച്ചകളും പ്രമേയം പാസാക്കലുമെല്ലാം ഗുജറാത്തിലെ ചൂടില്‍ മുറയ്ക്ക് നടന്നു. ഒപ്പം ബിജെപിയ്ക്ക് വേണ്ടി പണിയെടുത്ത് കോണ്‍ഗ്രസില്‍ നില്‍ക്കുന്നവര്‍ക്കെതിരെ നേരത്തെ ഗുജറാത്തില്‍ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞ പ്രസ്താവന സമ്മേളനത്തില്‍ ഉടനീളം മുഴച്ചുനിന്നു.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയ്ക്ക് വേണ്ടി പണിയെടുക്കുന്നവരെ കണ്ടെത്തി ഒഴിവാക്കണമെന്നായിരുന്നു ഒരു മാസം മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സമ്മേളനത്തില്‍ പലകാര്യങ്ങളിലും പ്രമേയവും ചര്‍ച്ചയും നടന്നു. അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലടക്കം ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്ന് കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കേണ്ടതെങ്ങനെ എന്നതായിരുന്നു. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്ത ചുമതലകളില്‍ വീഴ്ച വരുത്തുന്നവര്‍ പോയി വിശ്രമിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
സബര്‍മതി നദിയുടെ തീരത്ത് നടന്ന എഐസിസി സമ്മേളനത്തില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്തവര്‍ വിരമിക്കുന്നതാണ് നല്ലതെന്ന് ഖാര്‍ഗെ പറഞ്ഞത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ സംഘടന ചുമതലകള്‍ വളരെയധികം വര്‍ധിപ്പിക്കുമെന്നും എഐസിസി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവരുടെ നിയമനം കര്‍ശനമായും നിഷ്പക്ഷമായും നടത്തുമെന്നും ഖാര്‍ഗെ ഊന്നിപ്പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിന് പ്രത്യേക സംവരണം പാടില്ലെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ ‘ഭീകരമായ ധ്രുവീകരണം’ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രത്തെക്കുറിച്ച് പാര്‍ട്ടി നേതാക്കള്‍ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് ആര്‍ക്കും പ്രത്യേക സംവരണം ഇല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ഒബിസി, മറ്റ് അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിങ്ങനെയുള്ളവരെ പാര്‍ട്ടിയ്‌ക്കൊപ്പം നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും കാലം മുതല്‍ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്നുവെന്ന് സമാപന പ്രസംഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഈ വിഭാഗങ്ങളില്‍ വലിയൊരുഭാഗമിപ്പോള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്നും മുന്നാക്കവിഭാഗത്തില്‍ മുഴുവന്‍ പേരും ഒരു കാലത്തും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഒപ്പമുണ്ടായിരുന്ന പിന്നാക്കക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അവരുടെ വിശ്വാസം ആര്‍ജിക്കണമെന്നും അതിനായി പരിശ്രമിക്കണമെന്നും അവരുടെ അവകാശത്തിനു വേണ്ടി സംസാരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ഊന്നിപ്പറഞ്ഞു. ന്യൂനപക്ഷാക്രമണം കൂടിയിരിക്കയാണിപ്പോളെന്നും വഖഫിലൂടെ മുസ്ലിങ്ങള്‍ക്കെതിരേ തുടങ്ങിയ ആക്രമണം ഇനി ക്രിസ്ത്യന്‍ സമുദായങ്ങളിലേക്കും വരുമെന്നും അതിനാല്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉറച്ച കോണ്‍ഗ്രസ് വോട്ടുകള്‍ക്കു പുറമേയുള്ള വോട്ടുകള്‍ കൂടി സമാഹരിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പൊതു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേടാനായത് 20 ശതമാനം വോട്ടുമാത്രമാണെന്നും ഒരിക്കല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത, എന്നാല്‍ പിന്നീട് ചെയ്യാതിരിക്കുന്നവരുടെ വോട്ട് വീണ്ടെടുത്താല്‍ മാത്രമേ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകൂവെന്നും തരൂര്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും പാരമ്പര്യത്തെ അനുസ്മരിച്ചു കൊണ്ട് കോണ്‍ഗ്രസ് അവര്‍ കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ സമ്മേളനത്തില്‍ പറഞ്ഞു. സബര്‍മതിയുടെ തീരത്ത് നിന്ന് നീതിയുടെ പാതയില്‍ നടക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും പോരാട്ടത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം ഞങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു പട്ടേലിന്റെ ഒരു വാചകം ഉദ്ദരിച്ചുകൊണ്ടാണ് ഖാര്‍ഗെ അവസാനിപ്പിച്ചത്.
”സംഘടനയില്ലാതെ സംഖ്യകള്‍ ഉപയോഗശൂന്യമാണ്… തയ്യല്‍ നൂലിന്റെ ഇഴകള്‍ വേറിട്ടുനില്‍ക്കും, പക്ഷേ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ അവ തുണിയായി മാറും, അത്- ശക്തവും മനോഹരവും ഉപയോഗപ്രദവുമായിരിക്കും’.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് വീണ്ടും ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു – ഇത്തവണ അനീതി, അസമത്വം, ദാരിദ്ര്യം, വര്‍ഗീയത എന്നിവയ്ക്കെതിരെയാണ് ആ പോരാട്ടമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
നേരത്തെ, വിദേശ ഭരണാധികാരികള്‍ ഈ തിന്മകളെ അവര്‍ക്ക് വേണ്ടി ഉപയോഗിച്ചു. ഇന്ന്, നമ്മുടെ സ്വന്തം സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നു, എന്നാല്‍ ഈ യുദ്ധത്തിലും നമ്മള്‍ വിജയിക്കും.
Read more