ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും പൊലീസിന് പുറത്തുള്ള ചുമതല നല്‍കുകയും ചെയ്തത് നടിയെ ആക്രമിച്ച കേസിനെയും അനുബന്ധമായ ചില കേസുകളുടെയും അന്വേഷണം അട്ടിമറിക്കാനാണെന്ന വ്യാപകമായ പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും നടക്കുന്നത്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഘടനയായ ഡബ്ളി യു സി സി അടക്കമുള്ളവരും ഇത്തരം ചില സംശയങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരെ എന്നല്ല സര്‍ക്കാര്‍ സംവിധാനത്തിലുളള ഏത് ഉദ്യോഗസ്ഥരെയും മാറ്റുക എന്നത് സര്‍ക്കാരിന്റെ കാര്യപരിപാടികളില്‍ പെട്ടതാണ്. സര്‍ക്കാര്‍ എന്നത് കൂട്ടായ, ശ്രേണീബദ്ധമായ സംവിധാനമാണ്. ഉദ്യോഗസ്ഥര്‍ പോകുന്നതും വരുന്നതും ആ സംവിധാനത്തെ ബാധിക്കാനേ പാടില്ല. ഒരു കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ മാറ്റിയാല്‍ അടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ വന്നോ അല്ലങ്കില്‍ ചുമതലപ്പടുത്തുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ വന്നോ ആ അന്വേഷണം മുന്നോട്ട് കൊണ്ട് പോകണം എന്നതാണ് രീതി. എസ് ശ്രീജിത്ത് എന്ന ഒരു ഉദ്യോഗസ്ഥന് മാത്രമേ ദീലീപുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ കഴിയുകയുള്ളു, അല്ലങ്കില്‍ അന്വേഷിച്ച് തെളിയാക്കാന്‍ കഴിയുകയുളളു എന്ന് പറയുന്നത് കേരളത്തിലെ ഔദ്യോഗിക സംവിധാനങ്ങളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണ്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികളിലൊരാളും ചലച്ചിത്ര താരവുമായ ദിലീപ് ശ്രമിച്ചുവെന്ന കേസാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്ത് അന്വേഷിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പൊലീസിലെ ഉന്നത തലത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ശ്രീജിത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമനം ലഭിച്ചു. അതോടെ ശ്രീജിത്ത്അന്വേഷിച്ചുകൊണ്ടിരുന്ന ദീലീപിന്റെ കേസ് അട്ടിമറിഞ്ഞുവെന്ന് അട്ടഹാസം മുഴുക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്. കേരളത്തില്‍ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഏതാണ്ട് പതിനഞ്ചോളം വരും അതില്‍ ഒരാളായ ശ്രീജിത്തിനെ മാറ്റിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നൊക്കെ ആശങ്കപ്പെടുന്നത് നമ്മുടെ സംവിധാനങ്ങള്‍ക്ക് മേലുള്ള വിശ്വാസക്കുറവാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നന്നായി കേസ് അന്വേഷിക്കുന്നുണ്ടോ ഇല്ലയോ എന്ന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് എങ്ങിനെ മനസിലാകും? വിചാരണ നടത്തി ആ കേസിലെ പ്രതിയെ തെളിവുകളുടെ സുവ്യക്തത മൂലം ശിക്ഷിക്കുമ്പോള്‍ മാത്രമേ പൊലീസ് നന്നായി കേസന്വേഷിച്ചുവെന്ന് മറ്റള്ളവര്‍ക്ക് പറയാന്‍ കഴിയൂ.
ചില വ്യക്തികള്‍ക്കും ഉദ്യേഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ അപ്രമാദിത്വം കല്‍പ്പിച്ചു നല്‍കുന്ന സാമൂഹ്യ വ്യവസ്ഥയാണ് നമ്മള്‍ക്കുള്ളത്. ദിലീപ് എന്ന നടന്‍ ഒരു ക്രിമfനല്‍ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ താന്‍ കണ്ടെത്തിയ തെളിവുകളോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ആ തെളിവുകള്‍ കോടതി അംഗീകരിക്കുകയും ചെയ്താല്‍ അയാള്‍ക്ക് ശിക്ഷ കിട്ടും. അല്ലങ്കില്‍ കോടതി ആ വ്യക്തിയെ വെറുതെ വിടും. ഇതാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാലേ തെളിവുകള്‍ ലഭിക്കുവെന്നും ആ തെളിവുകളേ കോടതി അംഗീകരിക്കുകയുള്ളുവെന്നൊക്കെയുള്ള വിശ്വാസങ്ങളും, ശാഠ്യങ്ങളും, വാദങ്ങളും നിയമ വ്യവസ്ഥയുടെയും കോടതിയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ധാരണപ്പിശകില്‍ നിന്നുണ്ടാകുന്നതാണ്.
സര്‍ക്കാര്‍ സംവിധാനം ഒരു നൈരന്തര്യമാണ്. അനസ്യുതം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന യന്ത്രം. അത് പ്രവര്‍ത്തിപ്പിക്കുന്നയാളെ മാറ്റിയാല്‍ ആ യന്ത്രം നിലക്കില്ല. സി വി രാമന്‍പിള്ളയുടെ ധര്‍മരാജാ എന്ന നോവലില്‍ ചന്ദ്രക്കാറന്‍ എന്നൊരു കഥാപാത്രമുണ്ട്. തിരുവിതാംകൂറിന്റ ഭരണാധികാരിയാകണമെന്നാഗ്രഹിക്കുന്ന അയാള്‍ എപ്പോഴും പറയാറുള്ള ഒരു വാചകമുണ്ട്. ‘ ഞാന്‍ ഭരിച്ചാലേ തിരുവിതാംകോട് ഭരൂ എന്ന് ‘ അത് പോലെ ശ്രീജിത്തോ അല്ലങ്കില്‍ അത് പോലെ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ മാത്രമേ അത് അന്വേഷണമാവുകയുള്ളു എന്ന് ചിന്തിക്കുന്നവരെപ്പറ്റി സഹതപിക്കാന്‍ മാത്രമേ കഴിയുകയുള്ളു. ശ്രീജിത്ത് പ്രഗല്‍ഭനായ പൊലീസ് ഉദ്യോഗസ്ഥനായിരിക്കാം, എന്നാല്‍ അതേ പോലെ അനേകം പ്രഗല്‍ഭരായ ഉദ്യോഗസ്ഥരാല്‍ സമ്പന്നമാണ് കേരളത്തിലെ പൊലിസ് സംവിധാനം. ആ സംവിധാനത്തിന്റെ കരുത്ത് എന്നത്് ഡി ജി പി ലോ ആന്റ് ഓര്‍ഡര്‍ മുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍ വരെയുള്ള അനേകായിരം ഉദ്യോഗസ്ഥരാണ്. അണിമുറിയാത്ത ചങ്ങലപോലെയാണത്.
ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ ആ കൃത്യം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ ഇടുന്ന ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങുന്നതാണ് കേസിന്റെ അന്വേഷണം. അന്വേഷണത്തിന് പലഘട്ടങ്ങളുണ്ട്, പ്രതികള്‍ പിടിയാലാവുകയോ തെളിവുകള്‍ കാര്യമായി ലഭിക്കാതെ വരുകയോ ചെയ്താല്‍ അന്വേഷണം നീണ്ടു പോകും, ചിലപ്പോള്‍ മറ്റ് ചില ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറും, ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനായിരിക്കില്ല അവസാനം അന്വേഷിക്കുന്നത്. ഇതെല്ലാം ഒരു കേസ് അന്വേഷണത്തില്‍ സാധാരണ സംഭവിക്കുന്ന കാര്യമാണ്. ചിലപ്പോള്‍ കുറ്റപത്രം തന്നെ റദ്ദ് ചെയ്ത് വീണ്ടും അന്വേഷിക്കാന്‍ കോടതി പറയും.
നമ്മുടെ കച്ചവട സിനിമകളും മാധ്യമങ്ങളുമൊക്കെ ചേര്‍ന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നാല്‍ തെറ്റാവരം കിട്ടിയ ഏതോ അതിമാനുഷന്‍ ആണ് എന്ന ധാരണകള്‍ മലയാളിയുടെ സഹജാവബോധത്തില്‍ കുത്തിനിറച്ചു. പൊലീസ് എഴുതിപ്പിടിപ്പിക്കുന്ന കാര്യങ്ങളൊന്നും കോടതിക്ക് മുന്നിലെത്തുമ്പോള്‍ വലിയ വിലയൊന്നം ഉണ്ടാകില്ല. അവിടെ തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിചാരണക്കൊടുവിലാണ് ഒരു പ്രതി കുറ്റം ചെയ്തോ ഇല്ലയോ എന്നൊക്കെ കോടതി കണ്ടെത്തുന്നത്. ഇന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ചതല്ലേ അത് കൊണ്ട് ഈ കേസ് അങ്ങ് ശിക്ഷിച്ചുകളയാം എന്ന് ഒരു കോടതിയും കരുതില്ല.
Read more
അത് കൊണ്ട് എല്ലാ ഭാഗത്ത് നിന്നുമുള്ള ഗ്വാ ഗ്വാ വിളികള്‍ അവസാനിപ്പിക്കുക, കഴിവുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിക്കട്ടെ, തെളിയിക്കട്ടെ, പ്രതി ശിക്ഷിക്കപ്പെടുയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ , പൊലീസിനെയും കോടതിയെയും നിയമസംവിധാനങ്ങളെയും അവരവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുക. ഇതാണ് ഒരു ജനധിപത്യ പരിഷ്‌കൃത സമൂഹത്തിന് അഭികാമ്യമായിട്ടുളള കാര്യം.